
“ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നു”: പ്രധാനമന്ത്രി
രാജ്‌കോട്ട്: ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷന്‍ വിതരണത്തിനുള്ള അവസാനഘട്ട ഒരുക്കത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ എയിംസ് ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിന്‍ തന്നെ ജനങ്ങള്‍ക്ക് ലഭിക്കും. എല്ലാവര്‍ക്കും സൗജന്യമായി നല്‍കാനാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരികയാണ്. കഴിഞ്ഞുപോകുന്നത് ഒരുപാട് വെല്ലുവിളികള്‍ നേരിട്ട വര്‍ഷമാണ്. ആഗോള ആരോഗ്യമേഖലയുടെ നാഡീകേന്ദ്രമായി ഇന്ത്യ ഉയരുകയാണ്. 2021ല്‍ ആരോഗ്യമേഖലയില്‍ ഇന്ത്യയുടെ പ്രാപ്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കും’-അദ്ദേഹം പറഞ്ഞു.
‘നമ്മുടെ രാജ്യത്ത് അഭ്യൂഹങ്ങള്‍ ഏറ്റവും വേഗത്തില്‍ പടരും. ചിലര്‍ അവരുടെ സ്വാര്‍ത്ഥ ആവശ്യങ്ങള്‍ക്ക് വേണ്ടി പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കും. വാക്‌സിനേഷന്റെ സമയത്ത് അഭ്യൂഹങ്ങള്‍ പ്രചരിക്കപ്പെട്ടേക്കാം. ചിലര്‍ ഇത് ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭ്യൂഹങ്ങളോടും നുണ പ്രചാരണങ്ങളോടും ജാഗ്രത പാലിക്കണം. സാമൂഹ്യ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പരിശോധിക്കാതെ ഫോര്‍വേഡ് ചെയ്യുന്നതില്‍ നിന്ന് ഉത്തരവാദിത്തമുള്ള പൗരര്‍ വിട്ടുനില്‍ക്കണം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.