
ഒഴുകുന്നത് കോടികളുടെ ലഹരി, പിടിമുറുക്കി മാഫിയ

മയക്കുമരുന്നു നല്‍കി യുവതലമുറയുടെ നാഡിഞരമ്പുകളെ തളര്‍ത്താന്‍ പദ്ധതിയിട്ടും മറ്റു സമൂഹ്യതിന്മകള്‍ക്കു പണം കണ്ടെത്താനും വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘടിതഗ്രൂപ്പുകള്‍ നമ്മുടെ രാജ്യത്തിലേക്കു ലഹരിമരുന്നുകള്‍ ഒഴുക്കുന്നതു കണ്ടില്ലെന്നു നടിക്കണമോ?|

കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ വിദേശനാടുകളില്‍ നിന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെ ഒഴുകുമ്പോള്‍ പിടിക്കപ്പെടുന്നതും വെറും കരിയര്‍മാര്‍ മാത്രമാണ്. ആഡംബരകപ്പലുകളിലും ആഡംബര ഹോട്ടലുകളിലും നിന്നു ലഹരിക്കടത്തലിന്റെയോ ഉപയോഗത്തിന്റെയോ പേരില്‍ സിനിമസെലിബ്രറ്റികളും രാഷ്ട്രീയനേതാക്കളും അവരുടെ മക്കളും ഒരിക്കല്‍ പിടിക്കപ്പെടുമ്പോള്‍ കൊട്ടിഘോഷിക്കുന്നതല്ലാതെ ഇതിനൊരു നിയന്ത്രണം വരുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയാറാകുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം.
നമ്മുടെ രാജ്യത്തെ പെട്ടെന്നാക്രമിച്ചു കീഴ്‌പ്പെടുത്താന്‍ സാധിക്കില്ലെന്ന പരമാര്‍ഥം ബോധ്യമുള്ളതിനാല്‍ ലഹരിമരുന്നൊഴുക്കി രാജ്യത്തെ തളര്‍ത്താനുള്ള സംഘടിതനീക്കത്തെ കണ്ടില്ലെന്നു നടിക്കാനും സാധിക്കില്ല. കേവലം ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാല്‍ പോലും 48 മണിക്കൂര്‍ ഉന്മാദം സമ്മാനിക്കുന്ന അതിമാരക എംഡിഎംഎയുടെ ഉപഭോക്താക്കളാണ് കാമ്പസുകള്‍ക്കകത്തും പുറത്തും നമ്മുടെ കൗമാരവും യൗവനവുമെന്നത് എന്തുമാത്രം ഭയാനകമായ സ്ഥിതിവിശേഷമാണ്.
മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും ഈ മാരക വിപത്തിന്റെ ഭീഷണിയിലാണ്.
കേരളത്തില്‍ കുട്ടികളെ ലക്ഷ്യമാക്കി സ്ട്രോബറി ചോക്ലറ്റ് രൂപത്തില്‍ പോലും സാധനങ്ങളെത്തുന്നു. സര്‍ക്കാര്‍ തലത്തില്‍ നിയമനടപടികളും പ്രചാരണ കാമ്പയിനുകളും നടത്തി വരുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. ഇടക്കിടെ വലിയ കൊട്ടിഘോഷത്തോടെ നടത്തപ്പെടുന്ന മയക്കു മരുന്നു വേട്ടയില്‍ പിടിയിലാകുന്നവര്‍ മിക്കവാറും താഴേതല കണ്ണികളാണ്. അവരുടെ സ്ഥാനത്തു താമസിയാതെ പുതിയ ആളുകള്‍ നിയോഗിക്കപ്പെടുകയും കച്ചവടം മുറക്ക് നടക്കുകയും ചെയ്യുന്നു. പ്രധാന കണ്ണികളിലേക്ക് അന്വേഷണം വ്യാപിക്കുകയും പിടികൂടുകയും ചെയ്തെങ്കിലേ കുറേയെങ്കിലും ഇതു നിയന്ത്രക്കാനാകൂ.
കഴിഞ്ഞ സെപ്റ്റംബര്‍ 16ന് ആദാനിഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ കലവറയില്‍നിന്ന് സംസ്‌കരിച്ച മൂന്നു ടണ്‍ ഹെറോയിന്‍ എന്ന മാരക മയക്കുമരുന്നാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് പിടികൂടിയത്. 21,000 കോടി രൂപ വിലമതിക്കുന്ന ഈ നാര്‍കോട്ടിക് ശേഖരം ചരിത്രത്തിലെ ഏറ്റവും വലിയ കള്ളക്കടത്ത് വിഭവമാണത്രെ. ലോകത്തേറ്റവും ഓപിയം ഉല്‍പാദിപ്പിക്കുന്ന അഫ്ഗാനിസ്ഥാനില്‍നിന്ന് ഇറാന്‍-പാക്കിസ്ഥാന്‍ വഴിയാവാം ഹെറോയിന്‍ മുന്ദ്രയിലേക്കു കടത്തിയത്. പിടിക്കപ്പെട്ടവര്‍ അഫ്ഗാന്‍ പൗരന്‍മാരായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 19ന് 300 കോടിയുടെ നിരോധിത മയക്കുമരുന്നുകളുമായി അറബിക്കടല്‍ വഴി കോഴിക്കോട്ടെത്തിയ മത്സ്യബന്ധന ബോട്ട് നാവികസേന പിടികൂടുകയുണ്ടായി. 30 കോടിയുടെ ഹെറോയിനുമായി കരിപ്പൂരില്‍വെച്ച് സാംബിയന്‍ യുവതിയെ പിടികൂടിയതും സമീപ ദിവസങ്ങളിലെ സംഭവമാണ്.ആഡംബര കപ്പലില്‍ നടത്തിയ ലഹരിവേട്ടയില്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായതു വലിയവാര്‍ത്തയായിരിക്കുന്നു. കോര്‍ഡിലിയ എന്ന രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പലാണ് ലഹരി മരുന്നു വിവാദത്തില്‍പ്പെട്ടത്. 11 നിലകളുള്ളതാണ് കാസിനോകളും ബാറുകളും ഉള്‍പ്പടെ എല്ലാം സൗകര്യങ്ങളുമുണ്ട്. ആഡംബര കപ്പലില്‍ വിനോദസഞ്ചാരികളായി വേഷം മാറിയെത്തിയാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഓപ്പറേഷന്‍ നടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 320 പേരെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ വിവിധ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏകദേശം 100 കോടി രൂപയുടെ മയക്കുമരുന്ന് എന്‍സിബി പിടിച്ചിരുന്നു.
കേരളം ഡ്രഗ് ഹബാകുന്നു
കൊച്ചിയിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും ആഡംബരഹോട്ടലുകളും മയക്കുമരുന്നുകടത്തിലിന്റെയും ഉപയോഗത്തിന്റെയും കേന്ദ്രമായി മാറിയിട്ടു കാലങ്ങളായി. ഓരോ ദിവസവും മയക്കുമരുന്നുവേട്ട രാജ്യത്തും കേരളത്തിലും വര്‍ധിക്കുകയാണ്. ലഹരി മരുന്നുകളുടെ ഇഷ്ട ലൊക്കേഷനായി കേരളം മാറിയതിന്റെ സൂചനകളിലേക്കാണ് അടുത്തകാലത്തെ ലഹരി വേട്ടകള്‍ വിരല്‍ ചൂണ്ടുന്നത്.
കൊച്ചിതിരത്തു നിന്നും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും വാഹനങ്ങളില്‍ നിന്നുമായി നാലായിരം കോടി രൂപയുടെ മയക്കുമരുന്നാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ പിടികൂടിയത്. അന്താരാഷ്ട്ര ബന്ധമുള്ള വിദേശ പൗരന്‍മാരും യുവതികള്‍ ഉള്‍പ്പെടെ മലയാളികളും കസ്റ്റംസ്, ഡിആര്‍ഐ, എക്‌സൈസ് പോലീസ് അന്വേഷണസംഘങ്ങളുടെ പിടിയിലായി. ഈ വര്‍ഷം ആദ്യമൂന്നു മാസം മാത്രം മയക്കുമരുന്നുകടത്തും ഉപയോഗവുമായി ബന്ധപ്പെട്ട 368 കേസുകളാണ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയതത്.
ഏപിലില്‍ കൊച്ചിതീരത്ത് മീന്‍ പിടുത്തകപ്പലില്‍ നിന്ന് 3000 കോടിയോളം രൂപ വില വരുന്ന മയക്കുമരുന്ന് നാവികസേന പിടിച്ചിരുന്നു. കഴിഞ്ഞ മാസം നെടുമ്പാശേരിയില്‍ ടാന്‍സാനിയന്‍ പൗരനില്‍ നിന്നു 25 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയിരുന്നു. ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ലഹരി കൊച്ചിയിലെത്തിച്ച് ശ്രീലങ്ക ഉള്‍പ്പെടെ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണിയാള്‍. സിംബാബെയില്‍ നിന്ന് എത്തിയ യുവതിയില്‍ നിന്നു മൂന്നു കിലോയോളം ഹെറോയിനും കഴിഞ്ഞ മാസം പിടിച്ചിരുന്നു.
അന്താരാഷ്ട്രബന്ധമുള്ള മയക്കുമരുന്നു കടത്തുകാരുടെയും പ്രായവ്യത്യാസമില്ലാത്ത മയക്കുമരുന്ന് ഉപയോക്താക്കളുടെയും കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ അടയാളപ്പെടുത്തിയ ലഹരികേന്ദ്രങ്ങളായ രാജ്യത്തെ 272 നഗരങ്ങളിലൊന്നാണിപ്പോള്‍ കൊച്ചി. കഞ്ചാവ്, നൈട്രസോണ്‍, കൃത്രിമമായി നിര്‍മിക്കുന്ന ലഹരിമരുന്നായ എംഡിഎംഎ, ഹാഷിഷ്, ഹാഷിഷ് ഓയില്‍ എന്നിങ്ങനെവിവിധ ലഹരി വസ്തുക്കള്‍ ദിനന്തോറും പിടിക്കപ്പെടുന്നു.
സംസ്ഥാനത്ത് ആദ്യമായി ആയിരത്തോളം എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഒന്നിച്ചു പിടിച്ചെടുത്തതു ഈ കാലയളവിലാണ്. ഇതില്‍ ഏറ്റവുമൊടുവിലത്തെ ലഹരിവേട്ടയായിരുന്നു കാക്കനാട്ടെ ഫ്‌ളാറ്റിലേത്. പത്തു കോടിയിലേറെ വില വരുന്ന എംഡിഎംഎയുമായി ത്വയ്ബ ഔലാദ് എന്ന തിരുവല്ലക്കാരി യുവതി ഉള്‍പ്പെടെ അഞ്ചു പേരെ എക്‌സൈസ് പിടികൂടിയത്. എന്നിട്ട് കേസിലെ എല്ലാ പ്രതികളും നിയമത്തിന്റെ മുന്നിലേക്കു വരുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതും ഗൗരവമായി കാണണം.
കരിയര്‍മാര്‍
മയക്കുമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരും യുവാക്കളും വേഗംതന്നെ ലഹരി കടത്തുകാരായി മാറുന്നു. മയക്കുമരുന്ന് സൗജന്യമായോ കുറഞ്ഞ വിലയ്ക്കോ കിട്ടുന്നതും മറ്റ് ആവശ്യങ്ങള്‍ക്ക് പണം ലഭിക്കുന്നതും ഈ കാരിയര്‍ ജോലി ആകര്‍ഷകമാക്കി മാറ്റുന്നു.
പോലീസിന്റേയോ എക്‌സൈസിന്റേയോ പിടിയിലാകുന്നതുവരെ ഇതു തുടരും. സമീപ സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലെത്തിക്കുക മാത്രമല്ല, വില്പനക്കാരായും മാറിയവരുണ്ട്. രക്ഷിതാക്കള്‍ അറിയുന്നില്ല.
ഓരോ ദിവസം ചെല്ലുന്തോറും കഞ്ചാവിനപ്പുറം മാരകമായ മയക്കുമരുന്നുകള്‍ കേരളം പരിചയപ്പെടുകയാണ്. ബംഗളൂര്‍ ഉള്‍പ്പെടെയുള്ളമേഖലകളില്‍ ഉന്നത വിദ്യാഭ്യാസം തേടി പോയ യുവാക്കളും യുവതികളും മയക്കുമരുന്നു വില്പനക്കാരായി ജയിലില്‍ കിടക്കുന്നതും ചിരിച്ചുതള്ളേണ്ട കാര്യമല്ല.
അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം നിശ്ചിതകേന്ദ്രങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ഇവര്‍ കേവലം പരല്‍ മീനുകള്‍ മാത്രമാണ്. ആരാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെപ്പറ്റി അവര്‍ക്കു ധാരണയുണ്ടാവുകയില്ല. വാട്സ്ആപ്പ് വഴിയാണ് തങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ കിട്ടുന്നതെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്.
അധോലോക സംഘങ്ങള്‍ക്കൊപ്പം സിനിമാ രംഗത്തെ ചില പ്രമുഖര്‍ക്കും മയക്കുമരുന്നു മാഫിയയുയി അടുത്ത ബന്ധമുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടയിലെ പ്രധാനപ്രതി ബോളിവുഡ് നിര്‍മാതാവ് സുഭാഷ് ദുദാനിയായിരുന്നു. ദുദാനിയുടെ രണ്ട് ഗോഡൗണുകളില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ അന്ന് 5000 കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തിയത്.ഏതാനും വര്‍ഷം മുമ്പു കൊച്ചി പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഡി ജെ പാര്‍ട്ടികളില്‍ മയക്കുമരുന്നു ഉപയോഗം പോലീസ് കണ്ടെത്തിയപ്പോള്‍ പ്രതിപ്പട്ടികയിലെത്തിയത് മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമാ പ്രവര്‍ത്തകരായിരുന്നു. കൊച്ചിയിലെ ഡി ജെ പാര്‍ട്ടികളില്‍ സിനിമാ മേഖലയിലെ പലരും പതിവു സന്ദര്‍ശകരാണ്. റെയ്ഡ് ചെയ്ത ഉന്നത പോലീസ് ഉദ്യോഗസ്ഥയെ മാറ്റിയതല്ലാതെ വെറൊന്നും സംഭവിച്ചില്ല.
രാജ്യസുരക്ഷയും അപകടത്തില്‍

വിദേശങ്ങളില്‍ നിന്ന് എത്തുന്ന ലഹരി മരുന്നുകളുടെ മറവില്‍ ഭീകരപ്രവര്‍ത്തനങ്ങളുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണം വിഭാഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതു ശരിവയ്ക്കുന്നതാണ് നാവികസേന ലഹരിമരുന്ന് പിടികൂടിയ സംഭവം.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്റെ തീരമേഖലയായ മക്രാനില്‍ നിന്നാണ് മയക്കുമരുന്ന് എത്തുന്നത്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നത്. ലക്ഷദ്വീപ്, മാലദ്വീപ് എന്നിവയിലൂടെ പോകുന്ന കപ്പലുകളിലാണ് ആദ്യം മയക്കുമരുന്ന് കടത്തുക. പിന്നീട് മീന്‍പിടുത്ത ബോട്ടുകളിലേക്ക് കൈമാറും. ഇവ മത്സ്യത്തിന്റെ മറവില്‍ വിവിധ തുറമുഖങ്ങളില്‍ ഇറക്കി കാരിയര്‍മാര്‍ ഏറ്റുവാങ്ങുന്നതാണ് രീതി.
ലഹരി ഉപയോഗത്തിനപ്പുറം ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗമായി മയക്കുമരുന്ന് കടത്ത് മാറുന്നത് രാജ്യസുരക്ഷയെയാണ് ബാധിക്കുക.
കുറ്റകൃത്യങ്ങളിലേക്ക് ഒരു വാതില്‍
മയക്കുമരുന്നു കൊണ്ടുചെന്ന് എത്തിക്കുന്ന അടുത്ത ലോകം കുറ്റകൃത്യങ്ങളുടേതാണ്. തുടക്കത്തില്‍ത്തന്നെ തിരുത്താന്‍ കഴിയാത്ത കുട്ടികള്‍ വലിയ കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയോ സ്വന്തം നിലയില്‍ത്തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നു. മയക്കുമരുന്നിനടിമയാക്കി പെണ്‍കുട്ടിളെ പീഡിപ്പിക്കുന്ന എത്രയോ സംഭവങ്ങള്‍ നമുക്കുചുറ്റും അടുത്തകാലത്തുണ്ടായി.
പതിനഞ്ചുകാരിക്ക് മയക്കുമരുന്ന് നല്‍കി ലൈംഗികപീഡനത്തിനിരയാക്കിയ കേസുണ്ടായതു മലപ്പുറത്താണ്. പോലീസ് ഉദ്യോഗസ്ഥന്റെ മകളെ പ്രണയം നടിച്ചാണ് യുവാവ് പരിചയപ്പെടുന്നതും ഒരു വര്‍ഷത്തിലേറെയായി മയക്കു മരുന്ന് നല്‍കിയതും. ആദ്യം കഞ്ചാവടക്കമുള്ളവ നല്‍കി കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയാണ് ചെയ്തത്. പിന്നെ ഇത് നല്‍കുന്നത് കുറച്ചുകൊണ്ടുവന്നു. മയക്കുമരുന്നിന് അടിമയായ കുട്ടി ഇവ കിട്ടാതായതോടെ അസ്വസ്ഥയാവുകയും യുവാവിനെ വിളിച്ചു തുടങ്ങുകയും ചെയ്തു. ഒരു മാസം മുമ്പ് മയക്കുമരുന്ന് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവാവ് കൂട്ടി കൊണ്ടു പോയി സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിക്കുകയായിരുന്നു.
പ്രണയം നടിച്ച ശേഷം മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വലിയ ചര്‍ച്ചയാകുന്നതിനിടയിലാണ് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി കൂടി ഇതിന് ഇരയായി മാറിയിരിക്കുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരിയിലും സമാന സംഭവം മലപ്പുറത്ത് നടന്നിരുന്നു. കല്‍പകഞ്ചേരിയില്‍ നടന്ന സംഭവത്തില്‍ പതിനാലുകാരിയെയാണ് ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് കോഴിക്കോട്ടും 32 കാരിയെ മയക്കു മരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്തിരുന്നു. പ്രണയം നടിച്ചു വിളിച്ചു വരുത്തി മയക്കു മരുന്നു നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇതെല്ലാം നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടെന്ന യഥാര്‍ഥ്യം പലപ്പോഴും നമ്മള്‍ അംഗീകരിക്കുന്നില്ല. ഒറ്റപ്പെട്ട സംഭവമാക്കി ചിത്രീകരിക്കാനും സംഘടിതശക്തികള്‍ ശ്രമിക്കുന്നു.

നിയമമുണ്ട്, നടപടിയില്ല
പെറ്റിക്കേസിന്റെ പിന്നാലെ പോകുന്നതിനെക്കാള്‍ എത്രയോ ഗൗരവമുള്ളതും ഗുണകരവുമാണ് ലഹരിമാഫിയയെ ഒതുക്കുന്നത്. ഇന്നു എല്ലാ മേഖലകളിലും സംഘടിതമായി ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ സംഘം വളരുകയാണ്. ഇതിനെ കുറിച്ചു വിവരം എക്‌സൈസിനും പോലീസിനുമറിയാം. എന്നാല്‍ ഇവരില്‍ ചിലര്‍ മാത്രമാണ് നാടിന്റെ ഭാവി ഓര്‍ത്തു പ്രവര്‍ത്തിക്കുന്നത്. നമ്മുടെ രാജ്യത്തെയും നമ്മുടെ ഭാവി തലമുറയെയും രക്ഷിക്കാന്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണ്. ബോധവല്‍ക്കരണത്തിനു ഫണ്ട് അനുവദിക്കുന്ന സര്‍ക്കാര്‍ തന്നെ ലഹരിഒഴുക്കിനെ തടയാനുള്ള നീക്കവും നടത്തണം. അല്ലെങ്കില്‍ തകരുന്നതു രാജ്യമായിരിക്കും. നമ്മുടെ യുവാക്കളായിരിക്കും.

ജോണ്‍സണ്‍ വേങ്ങത്തടം
