
കർഷകൻ എന്ന വാക്ക്ഇല്ലാതാകുന്നുവോ?
കർഷകൻ എന്ന വാക്ക്ഇല്ലാതാകുന്നുവോ?
ഇങ്ങനെയൊരു അവസ്ഥ ഒരു കർഷകനും വരല്ലെ എന്നാണ് പ്രാർത്ഥന.
കർണാടകയിൽ ഇഞ്ചികൃഷി നടത്തുകയായിരുന്നു അദ്ദേഹം.പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷിയിറക്കിയത്.
ആദ്യവർഷം തരക്കേടില്ലാത്ത വിളവു ലഭിച്ചു. പിന്നത്തെ വർഷവും കൃഷി ചെയ്തു. എന്നാൽ, ഇഞ്ചിക്ക് വിലക്കുറവായതിനാൽ കടംകയറി.
അടുത്ത വർഷം വില കൂടും എന്ന പ്രതീക്ഷയോടെ വീണ്ടും കൃഷിയിറക്കി. പക്ഷേ, പ്രതീക്ഷിച്ചത്ര വില ലഭിച്ചില്ല. മാത്രമല്ല വിളവും മോശമായിരുന്നു.
തുടർന്ന് സംഭവിച്ചത് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്നും കേൾക്കാം.
“അച്ചാ, അറുപത് ലക്ഷം രൂപയോളം കടമുണ്ട്. ഉള്ള സ്ഥലവും വീടും വിൽക്കാമെന്നു വെച്ചാൽ വാങ്ങാൻ വരുന്നവർ, ഒട്ടും വില പറയുന്നില്ല. അവർ പറയുന്ന വിലയ്ക്ക് വീടും സ്ഥലവും വിറ്റാൽ കടം പോലും വീട്ടാൻ തികയില്ല.വല്ലാത്തൊരു അവസ്ഥയാണ്. കഴിഞ്ഞയാഴ്ച ഭാര്യ പറഞ്ഞു:’മക്കൾക്കും നമുക്കും വിഷം കഴിച്ച് മരിക്കാമെന്ന് ‘. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പറഞ്ഞ് ഞാനവളെ ഒത്തിരി വഴക്കു പറഞ്ഞു.കടം കൂടുകയും കടക്കാർ ദിവസവും വീട്ടിൽ വരികയും ചെയ്തതോടു കൂടി എൻ്റെ മനസിലും വല്ലാത്ത ആധിയായി. ഇപ്പോൾ അവൾ പറഞ്ഞതുപോലെ ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നിത്തുടങ്ങി. കടക്കാരുടെ ആധിക്യം മൂലം ഞാനിപ്പോൾ വീട്ടിൽതന്നെ പോകുന്നില്ല. ജീവിതം എന്താകുമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.”
ആ മനുഷ്യനോട് എന്തു പറയണമെന്നറിയാതെ അല്പനേരം ഞാൻ നിശബ്ദനായി. ”ദൈവം എല്ലാം അറിയുന്നു. പ്രത്യാശ കൈവിടരുത് ” എന്നു പറഞ്ഞ് ഞാനയാളെ യാത്രയാക്കി.
ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച് ജീവിക്കുന്ന വിഭാഗമാണ് കർഷകർ. എത്ര രാവുകൾ പകലാക്കിയാണ് ഓരോ കർഷകനും പ്രതീക്ഷയോടെ കൃഷിയിറക്കുന്നത്?
വിളവ് കൂടുമ്പോൾ വിലയില്ല. വിലയുള്ളപ്പോൾ വിളവുമില്ല. ക്രിസ്തുമസിനായ് ഒരുങ്ങുന്ന ഈ ദിവസങ്ങളിൽ എല്ലാ കർഷകർക്കും വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.
നമ്മളെല്ലാം ദൈവത്തിൻ്റെ മക്കളാണെന്നും അവിടുന്ന് നമ്മെ കൈവിടില്ലെന്നും വിശ്വസിക്കാം. അവിടുത്തെ സ്വീകരിക്കാനും സ്നേഹിക്കാനും നമുക്ക് പരിശ്രമിക്കാം.
എന്തെന്നാൽ ക്രിസ്തു പറയുന്നു:
”തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി “(യോഹ 1:12 )
നാം അവിടുത്തെ മക്കളാണെങ്കിൽ നമ്മൾ എന്തിന് ഭയപ്പെടണം?അവിടുന്നറിയാതെ ഒന്നും സംഭവിക്കില്ല.

ഫാദർ ജെൻസൺ ലാസലെറ്റ്
ഡിസംബർ 22-2020.