
“നമുക്കീ സമയത്ത് ഇങ്ങനെയെന്തെങ്കിലും ചെയ്യാൻ അവസരം കിട്ടുന്നതു തന്നെ വലിയ കാര്യം.”
ജൂലൈ 23-ന് ആലുവ (പൊന്നുംവില) തഹസിൽദാർ വിളിച്ച് കോവിഡ് ഡ്യൂട്ടി ഏല്പിക്കുമ്പോൾ ആദ്യമൊന്ന് അമ്പരന്നു. കാരണം എനിക്ക് ഡ്യൂട്ടി കിട്ടുമെന്ന ഒരു സൂചന എവിടെ നിന്നും ലഭിച്ചിരുന്നില്ല. എന്നാൽ കളക്ടറേറ്റിലെ ഡ്യൂട്ടിയെക്കുറിച്ചും അതിൻ്റെ സ്വഭാവത്തെക്കുറിച്ചുമൊക്കെ കേട്ടപ്പോൾ അമ്പരപ്പ് കൗതുകമായി മാറി.പ്രിയതമ മിനിക്കുട്ടിക്കാകട്ടെ, ഏറെ സന്തോഷം!2018-ലെ പ്രളയകാലത്ത് കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്ലിൽ എമർജൻസി ഡ്യൂട്ടി ചെയ്തയാളാണ് കക്ഷി. “നമുക്കീ സമയത്ത് ഇങ്ങനെയെന്തെങ്കിലും ചെയ്യാൻ അവസരം കിട്ടുന്നതു തന്നെ വലിയ കാര്യം.” മിനിക്കുട്ടിയുടെ വാക്കുകൾ വലിയ ഊർജമായിരുന്നു. രോഗശയ്യയിലായ അമ്മച്ചി വീട്ടിലുള്ളതിൻ്റെ വ്യാകുലതയും അതോടെ വിട്ടകന്നു.
26-ാം തീയതി വൈകിട്ട് 6 മണിക്ക് കാക്കനാട് കളക്ടറേറ്റിലെ അഞ്ചാം നിലയിലുള്ള NIC (National Informatics Centre) ഓഫീസിൽ എത്തിയത്, ജീവിതത്തിലാദ്യമായി നൈറ്റ് ഡ്യൂട്ടി ചെയ്യാനാണ്. രാവെളുക്കുവോളം ഉറക്കമിളച്ച് പല പണികളും ചെയ്തിട്ടുണ്ടെങ്കിലും നൈറ്റ് ഡ്യൂട്ടി ചെയ്യാനുള്ള അവസരം ഇതുവരെ കിട്ടിയിരുന്നില്ല; ഇലക്ഷൻ ഡ്യൂട്ടികളിൽ കൊതുക് ഉറങ്ങാൻ സമ്മതിച്ചിട്ടില്ലെന്നു മാത്രം.
നെടുമ്പാശേരി എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ജോലിയേ ഉണ്ടായിരുന്നുള്ളൂ.12 മണിക്കൂർ ഡ്യൂട്ടിയും 24 മണിക്കൂർ ഇടവേളയും. അങ്ങനെ ഡേയും നൈറ്റും മാറി മാറി. ഇന്നു രാവിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതോടെ ഇപ്പോൾ ഏറ്റെടുത്ത നിയോഗം പൂർത്തിയായി. ഈ കോവിഡ് കാലത്ത് ലഭിച്ച സവിശേഷദൗത്യം അഭിമാനവും സംതൃപ്തിയും നൽകുന്നുണ്ട്. ചെയ്തത് വലിയ കാര്യമായിട്ടല്ല, അതു കടമയുമാണ്. എങ്കിലും സന്തോഷത്തോടെ ചെയ്യാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യം.
വിഭിന്ന വിചാരങ്ങളോടെ നാട്ടിൽ വിമാനമിറങ്ങുന്ന യാത്രക്കാർ. മോഹിച്ചു വന്നവരും നിവൃത്തിയില്ലാതെ വന്നവരും ഒക്കെ അക്കൂട്ടത്തിലുണ്ടാവും.’നമ്മളറിയാത്തൊരേറെയാൾക്കാർ.’ പേരുവിവരങ്ങൾ മാത്രമാണ് കൈയിലെത്തുന്നത്. അവരുടെ മോഹങ്ങളെക്കുറിച്ചും ആകുലതകളെക്കുറിച്ചും സങ്കല്പിക്കാനേ കഴിയൂ. ഏതായാലും ഓരോരുത്തർക്കും നന്മ വരട്ടെയെന്നായിരുന്നു ഡ്യൂട്ടി സമയത്തെ ആശയും ആശംസയും.അതിനിടയിലാണ് കഴിഞ്ഞ കറുത്ത വെള്ളിയാഴ്ച കരിപ്പൂർ വിമാനത്താവളത്തിലെ ദുരന്തമറിഞ്ഞത്!
സ്കൂളിലെ കുട്ടികൾക്കുള്ള ഓൺലൈൻ പഠന നിർദ്ദേശങ്ങളും ഇതരപ്രവർത്തനങ്ങളും ഇതിനിടയിൽ മുടക്കം കൂടാതെ ചെയ്യാൻ കഴിഞ്ഞു. ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരും നിയമപാലകരും സന്നദ്ധസേവകരും രാപകലില്ലാതെ അധ്വാനിക്കുമ്പോൾ ഈ എളിയ സേവനം വലിയ കാര്യമൊന്നുമല്ലെന്നറിയാം. എന്നാലും അതെനിക്കു പകരുന്ന കൃതാർത്ഥത ഒട്ടും ചെറുതല്ല.നന്ദിയോടെ…

