
ഈ കുഞ്ഞിന്റെ മുഖത്തേക്കു നോക്കുന്തോറും വേദനയാണ്. അവനെന്താണു പറയാൻ ശ്രമിച്ചിട്ടുണ്ടാവുക?
ഇന്നത്തെ പുലരിയിൽ സുഹൃത്ത് അനിൽ പെണ്ണുക്കര പങ്കിട്ട ഈ ചിത്രം കണ്ടതു മുതൽ മനസുനീറുകയാണ്.
വിക്ടർ ജോർജ്എടുത്ത ചിത്രമാണിത്.
പേപ്പട്ടി കടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞ് മരിക്കാൻ തുടങ്ങുന്ന സമയത്ത് അവന്റെ അച്ഛന്റെ കൈയിൽ കയറിപ്പിടിക്കുന്ന നിമിഷം
!ബോധവും അബോധവും മാറിമറിയുന്ന നിമിഷത്തിൽ സാന്ത്വനം തേടി അച്ഛന്റെ കരതലം തിരഞ്ഞ കുഞ്ഞ്.അച്ഛന്റെ തള്ളവിരലിലാണ് അവൻ മുറുകെ പിടിച്ചിരിക്കുന്നത്.
ഉള്ളു പൊള്ളുന്നുണ്ട്.അവനെത്ര സ്വപ്നങ്ങളുണ്ടായിരുന്നിരിക്കണം?
ആഗ്രഹങ്ങളുണ്ടായിരുന്നിരിക്കണം?
അതൊക്കെയും അവൻ അച്ഛനോട് ആവശ്യപ്പെട്ടിട്ടുണ്ടാകുമോ?
ആഗ്രഹിച്ചതൊക്കെയും അവനു വാങ്ങി കൊടുക്കാൻ ആ അച്ഛനു സാധിച്ചിരുന്നുവോ?
അവനിട്ടിരിക്കുന്ന കുഞ്ഞുകുപ്പായം. അതവന്റെ സ്കൂളുടുപ്പായിരിക്കുമോ?
ആലോചിക്കുന്തോറും വേദനയാണ്.ഞാനും ഒരച്ഛനാണ്. എന്റെ മകനെ ഓർത്തു പോകുന്നു.
അവന്റെ കുഞ്ഞുകുഞ്ഞ് ആവശ്യങ്ങൾ ഓർമ്മയിൽ വരുന്നു.
പ്രിയമുള്ളവരേ നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങുടെ മനസ്സുകൾ എപ്പോഴും ചേർത്തു പിടിക്കണേ.
വേറൊന്നുമില്ല,

വിക്ടറിന്റെ 19–ാം ആണ്ടോർമ്മയാണ് ഇന്ന്.

T B Lal
Journalist at Malayala Manorama