ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്രയേ മുമ്പേ വരേണ്ടയാളാണ് ജോണ്‍ ബ്രിട്ടാസ്.
ജോണ്‍ ബ്രിട്ടാസിനു സ്വാഗതം
പത്രപ്രവര്‍ത്തക സുഹൃത്ത് ജോണ്‍ ബ്രിട്ടാസിനെയും ഡോ. വി. ശിവദാസിനെയും രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള സിപിഎം തീരുമാനം ഉചിതമായി. മുസ്‌ലിം ലീഗിലെ പ്രിയ സുഹൃത്ത് പി.വി. അബ്ദുള്‍ വഹാബും ഇവരോടൊപ്പം വീണ്ടും രാജ്യസഭയില്‍ അംഗമാകും.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്രയേ മുമ്പേ വരേണ്ടയാളാണ് ജോണ്‍ ബ്രിട്ടാസ്. ഇക്കാര്യം വര്‍ഷങ്ങളായി ബ്രിട്ടാസിനോടു തന്നെ പറയുമായിരുന്നു. അതൊന്നും ഇല്ലെന്ന ഒഴുക്കന്‍ മറുപടിയിലെ ചിരിയിലും അതുണ്ടാകുമെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു. രണ്ടു ദശകത്തിലേറെ നീണ്ട അടുത്ത പരിചയമുള്ള പ്രമുഖ പത്രപ്രവര്‍ത്തകനെ സാധാരണ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഇനി റിപ്പോര്‍ട്ടു ചെയ്യാനാകുമെന്നതു വളരെ സന്തോഷം നല്‍കുന്നു. എറണാകുളത്ത് ദീപിക റസിഡന്റ് എഡിറ്ററായിരിക്കെ 2001ല്‍ ഡല്‍ഹിയിലേക്കു മാറിയതു മുതലാണ് ബ്രിട്ടാസുമായി കൂടുതല്‍ പരിചയപ്പെട്ടത്. ഡല്‍ഹിയിലും അമേരിക്കന്‍ യാത്രകളിലും ആ സൗഹൃദത്തിന് ഇഴയടുപ്പവും ഊഷ്മളതയും കൂടിക്കൂടി വന്നു.
കമ്യൂണിസ്റ്റ് ആയിരിക്കെ എങ്ങിനെ വികസനവാദിയും പുരോഗമനവാദിയും പരിഷ്‌കാരിയും ആകാന്‍ കഴിയുമെന്നു തെളിയിച്ചയാളാണ് ബ്രിട്ടാസ്. അമേരിക്കയിലെ ഫൊക്കാനയുടെയും ഫോമയുടെയും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും സമ്മേളനങ്ങളില്‍ ബ്രിട്ടാസ് നടത്തിയ പല പ്രസംഗങ്ങളും പലര്‍ക്കും അത്ഭുതമായിരുന്നു. രാഷ്ട്രീയം മറന്ന് കേരളത്തിന്റെ വികസനത്തിനായി എല്ലാവരും ഒന്നിക്കണമെന്ന ബ്രിട്ടാസിന്റെ ആഹ്വാനം വെറും ചപ്പടാച്ചി ആയിരുന്നില്ല. ബ്രിട്ടാസിന്റെ കാഴ്ചപ്പാടിനോടു വിദേശത്തു വച്ചു യോജിച്ച നേതാക്കള്‍ക്കു പോലും കേരളത്തിലെത്തിയപ്പോള്‍ അതേപടി പ്രാവര്‍ത്തികമാക്കാനായില്ല.
ഒരിക്കല്‍ തിരുവനന്തപുരത്തു ചെന്നപ്പോള്‍ കൈരളി ടിവി ഓഫീസില്‍ ക്ഷണിച്ചുവരുത്തി ഉ്ച്ചഭക്ഷണം തന്നതു ഓര്‍മയിലുണ്ട്. മാതൃഭൂമിയിലെ എന്‍. അശോകനും അന്നു കൂടെയുണ്ടായിരുന്നു. പിന്നീട് എത്രയോ തവണ ഡല്‍ഹിയില്‍ കൂടിക്കണ്ടു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലായിരുന്നു ഞങ്ങളുടെ ചര്‍ച്ചകളിലേറെയും. അനേക വര്‍ഷം ദേശാഭിമാനിയുടെ ഡല്‍ഹി ലേഖകനായിരുന്ന ബ്രിട്ടാസിന് പാര്‍ലമെന്റ് റിപ്പോര്‍ട്ടിംഗിലെ ഹരം മാറില്ല. കൈരളി ടിവി എംഡിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവും ആയിരിക്കുമ്പോഴും സെന്‍ട്രല്‍ ഹാളിലെ നിറസാന്നിധ്യമാണ് പലപ്പോഴും ബ്രിട്ടാസ്.
പാര്‍ലമെന്റിലെ പ്രസ് ഗാലറിയില്‍ നിന്നിറങ്ങി ഇനി മുതല്‍ ബ്രിട്ടാസ് രാജ്യസഭയില്‍ അംഗമായെത്തുന്നത് കേരളത്തിനും സിപിഎമ്മിനും കൂടുതല്‍ ഗുണകരമാകുമെന്നതില്‍ സംശയമില്ല. പാര്‍ലമെന്റ് റിപ്പോര്‍ട്ടു ചെയ്ത പരിചയവും ഡല്‍ഹിയിലെ അടുത്ത ബന്ധങ്ങളും തീര്‍ച്ചയായും സഹായകരവുമാകും. ജോണ്‍ ബ്രിട്ടാസിനും വി. ശിവദാസനും അബ്ദുള്‍ വഹാബിനും ഡല്‍ഹിയിലേക്കു വീണ്ടും ഊഷ്മള സ്വാഗതം.
ജോർജ് കള്ളിവയൽ