
മൗലികാവകാശ സംരക്ഷണത്തിനായി നിയമയുദ്ധം നടത്തിയ മഹദ് വ്യക്തിയാണ് കേശവാനന്ദ ഭാരതി.വസ്തുതയെന്താണ്?
മൗലികാവകാശ സംരക്ഷണത്തിനായി നിയമയുദ്ധം നടത്തിയ മഹദ് വ്യക്തിയാണ് കേശവാനന്ദ ഭാരതി എന്ന രീതിയിലുള്ള വാഴ്ത്തുപാട്ടുകൾ വരുന്നു.

വസ്തുതയെന്താണ്?ജന്മിത്തം അവസാനിപ്പിക്കാനും ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യാനും കേരളത്തിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തീരുമാനിക്കുന്നു. കെ ആർ ഗൗരിയമ്മ ഉൾപ്പെടെയുള്ളവരുടെ അക്ഷീണമായ പ്രവർത്തനങ്ങളെ തുടർന്ന് നിയമനിർമ്മാണങ്ങളുണ്ടാകുന്നു. അത് പൂർത്തിയാകുന്നത് 1970 ജനുവരി ഒന്നിന് അച്യുതമേനോൻ സർക്കാർ ജന്മിത്തം നിറുത്തലാക്കുന്നതോടെയാണ്.
അതോടെ കേശവാനന്ദന്റെ മഠത്തിനു കീഴിലുള്ള മിച്ചഭൂമി കൂടി ഭൂരഹിതർക്ക് വിതരണം ചെയ്യാനായി സർക്കാർ പിടിച്ചെടുത്തു. സ്വാഭാവികമായും ഏതൊരു ജന്മിയേയും പോലെയോ അതിലധികമായോ സ്വാമിക്കു വേദനിച്ചു . 1970 മാർച്ച് 21 ന് ഈ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചു. കേസ് വളരെ നാൾ തുടർന്നു.
1969 ലെ ഭൂപരിഷ്ക്കരണ നിയമവും 1971 ലെ കേരള ഭൂപരിഷ്ക്കരണ നിയമവും (പിന്നീട് അതിനു സംരക്ഷണമേർപ്പെടുത്താനായി കൊണ്ടുവന്ന ഇരുപത്തി ഒൻപതാം ഭരണഘടനാ ഭേദഗതിയും) റദ്ദായാൽ മാത്രമേ മഠത്തിൻ്റെ മിച്ചഭൂമിയടക്കം പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം അട്ടിമറിക്കാനാവൂ എന്ന് മനസിലാക്കിയ ബ്രാഹ്മിൺ സന്ന്യാസി, അതിനെ പ്രതിരോധിക്കാനായി നടത്തിയ നിയമ യുദ്ധത്തെയാണ് ഇപ്പോൾ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ നേതാക്കളും ‘മൗലികാവകാശ സംരക്ഷണ’മായി വ്യാഖ്യാനിക്കുന്നത്.
ജനാധിപത്യത്തോടുള്ള കൂറോ മൗലികാവകാശ സംരക്ഷണമോ ആയിരുന്നില്ല ഈ വിഷയത്തിൽ കേശവാനന്ദന്റെ താല്പര്യം. തൻ്റെ ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് കൊടുക്കരുതെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ജന്മിത്തത്തെയും അതുവഴി മതപൗരോഹിത്യത്തിന്റെ അധികാരബന്ധങ്ങളെയും സംരക്ഷിച്ചു നിർത്തുക എന്നതു മാത്രമായിരുന്നു അദ്ദേഹം നടത്തിയ കേസിൻ്റെ ഉദ്ദേശം.ആ കേസ് സുപ്രീം കോടതിയിൽ തോറ്റു തുന്നം പാടി.
പൊതു ആവശ്യങ്ങൾക്കുവേണ്ടിയും ഭരണഘടനയുടെ പാർട്ട് നാലിൽ പറയുന്ന നിർദ്ദേശക തത്വങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയും പൗരൻ്റെ സ്വകാര്യ സ്വത്തവകാശത്തിൽ നിയന്ത്രണമേർപ്പെടുത്തുന്ന നിയമ നിർമ്മാണങ്ങൾ നടത്താൻ രാജ്യത്തിന് അധികാരമുണ്ട് എന്നായിരുന്നു കേവശവാനന്ദ ഭാരതി ഉന്നയിച്ച വിഷയത്തിൽ കോടതിയുടെ വിധി.
ഈ കേസിൻ്റെ വാദത്തിനിടക്ക് ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെൻ്റിൻ്റെ അധികാരം സംബന്ധിച്ച് ഉയർന്നു വന്ന ചോദ്യങ്ങൾ പിന്നീട് സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണഘടനാ ബഞ്ചിൻ്റെ രൂപീകരണത്തിലേക്കും ദിവസങ്ങൾ നീണ്ടുനിന്ന വാദത്തിലേക്കും നയിച്ചു. അതേ തുടർന്നു വന്ന ഭൂരിപക്ഷ വിധിയും അതിന് വിശദീകരണമായി എസ് എം സിക്രി പുറപ്പെടുവിപ്പിച്ച പതിമൂന്നു ജഡ്ജിമാർ ഒപ്പുവച്ച ഉത്തരവും മൂലം ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം പാർലമെൻ്റ് ഭേദഗതികളോടെ മാറ്റം വരുത്താൻ സാധിക്കില്ല എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചു എന്നതു യാഥാർഥ്യമാണ്.
ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും ഭരണഘടനയുടേയും സംരക്ഷണ കവചമായി മാറിയ ഈ ഉത്തരവിന് കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരളാ എന്ന കേസ് കാരണമായി തീർന്നു എന്ന വസ്തുതയെ വളച്ചൊടിച്ചാണ് ഇപ്പോൾ കേശവനാന്ദ ഭാരതിയെ മഹത്വപ്പെടുത്താനുപയോഗിക്കുന്നത്. ഈ കേസിൻ്റെ പേരിൽ കേശവനന്ദഭാരതി സ്വാമികൾ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ് എന്നു പ്രചരിപ്പിക്കുന്നത് ഓണം വാമനജയന്തിയാണ് എന്നു പ്രചരിപ്പിക്കുന്നതു പോലെ വസ്തുതകളെ തലകീഴാക്കി മറിക്കുന്ന ഒരു അട്ടിമറിയാണ്.
കേശവാനന്ദ ഭാരതി മൗലികാവകാശങ്ങളുടേയോ ഭരണഘടനയുടേയോ സംരക്ഷകനല്ല. ജനിച്ചു വളരുകയും, പണിയെടുത്തു വിളയിക്കുകയും ചെയ്ത മണ്ണിൽ അവകാശത്തോടെ ജീവിക്കാനുള്ള ലക്ഷക്കണക്കിന് കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും മൗലകാവകാശത്തെ റദ്ദാക്കാൻ ശ്രമിച്ച പുരോഹിത ജന്മിമാത്രമാണ് കേശവാനന്ദൻ . കേരളം ഇത് ഉറക്കെ പറയേണ്ടതുണ്ട്. അല്ലെങ്കിൽ ഭാരതരത്നം കേശവാനന്ദഭാരതി എന്നൊക്കെ വരും തലമുറ പാഠപുസ്തകങ്ങളിൽ വായിക്കുന്നത് കാണേണ്ടി വരും. ഇന്നും ലക്ഷക്കണക്കിനാളുകൾ ഭൂരഹിതരായുള്ള, രണ്ടാം ഭൂപരിഷ്ക്കരണം അനിവാര്യമായ കേരളത്തിൽ കേശവാനന്ദ ഭാരതി വിഗ്രഹവൽക്കരിക്കപ്പെടാൻ അനുവദിച്ചുകൂടാ.

Amal C Rajan