കോവിഡ്: ഓഫീസുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രം

Share News

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ക്കുള്ള
മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഓഫീസുകള്‍ തുറക്കരുത്. മെഡിക്കല്‍ ഷോപ്പ് ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ക്ക് മാത്രമെ തുറക്കാന്‍ അനുമതിയുള്ളു. പൊതുഇടങ്ങളില്‍ ആറടി അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാനദണ്ഡപ്രകാരം അണുവിമുക്തമാക്കിയശേഷം മാത്രമെ ഓഫീസുകള്‍ തുറക്കാവൂ. ഇവിടെ താമസിക്കുന്ന ജീവനക്കാര്‍ അവരുടെ മേലുദ്യോഗസ്ഥനെ അറിയിക്കണം. കണ്ടെയ്ന്‍മെന്റ് സോണ്‍ അവസാനിക്കുന്നതുവരെ ഓഫീസില്‍ പോകരുത്. ഇവരെ വീട്ടില്‍വച്ച് ജോലി ചെയ്യാന്‍ അനുവദിക്കണം.

ജോലിസ്ഥലത്ത് കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധയുണ്ടായെങ്കില്‍ ഓഫീസും ചുറ്റുപാടും അണുവിമുക്തമാക്കണം. ഓഫീസുകളില്‍ രോഗലക്ഷണമില്ലാത്ത ഉദ്യോഗസ്ഥമാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കൂ. ഉദ്യോഗസ്ഥര്‍ തമ്മില്‍ ആറടി അകലം പാലിക്കണം. മുഖാവരണം നിര്‍ബന്ധമാണ്.

കണ്ടെയ്ന്‍മെന്റ് സോണില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും മാത്രമാണ് തുറക്കാന്‍ അനുമതി. ഓഫീസുകള്‍ തുറക്കാന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള കടകള്‍ക്ക് സാധാരണരീതിയില്‍ പ്രവര്‍ത്തിക്കാം.ഇടയ്ക്ക് ഇടയ്ക്ക് സോപ്പിട്ട് കൈകഴുകുന്നത് ശീലമാക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണം. ഓഫീസുകളുടെ പ്രവേശന കവാടങ്ങളില്‍ സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുകള്‍, തെര്‍മല്‍ സ്‌ക്രീനിംഗ് എന്നിവ ഉണ്ടായിരിക്കണം. മീറ്റിംഗുകള്‍, കഴിയുന്നത്രയും, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തണം, പരമാവധി ഒത്തുചേരലുകള്‍ ഒഴിവാക്കണം എന്നിങ്ങനെ പോകുന്നു മാര്‍ഗനിര്‍ദേശങ്ങള്‍.

Share News