
കോവിഡ് – തുടരുന്ന തരംഗങ്ങൾ
കോവിഡ് കേസുകൾ കേരളത്തിൽ പതിനായിരത്തിൽ താഴത്തേക്ക് വരുന്നു, പ്രതിദിന മരണങ്ങൾ നൂറിൽ താഴെ എത്തി. സ്‌കൂളുകൾ തുറക്കുന്നു, നിയന്ത്രണങ്ങൾ കുറയുന്നു. സർക്കാരും നാട്ടുകാരും ഒന്ന് ശ്വാസം വിട്ടു വരുന്നതേ ഉള്ളൂ.ഈ അവസരത്തിൽ ഇത് പറയുവാൻ തോന്നുന്നത് തന്നെ ഇല്ല, പക്ഷെ കോവിഡ് കേസുകൾ യൂറോപ്പിൽ പൊതുവെ കൂടി വരികയാണ്. റഷ്യയിൽ കോവിഡ് കാലത്തുണ്ടായതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഇപ്പോഴാണ്. ജർമ്മനിയിൽ ആകട്ടെ കോവിഡിന്റെ പുതിയ തരംഗം കാണുന്നു. വീണ്ടും യൂറോപ്പ് കോവിഡിന്റെ കേന്ദ്രമാകുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ തലവൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
ഈ തരംഗം പ്രധാനമായും ഗുരുതരമായി ബാധിക്കുന്നത് വാക്സിൻ എടുക്കാത്തവരെ ആണ്. വാക്സിൻ എടുത്തവർക്കും രോഗം ഉണ്ടാകുന്നുണ്ട്, പക്ഷെ മറ്റു രോഗാവസ്ഥകൾ ഇല്ലാത്തവർക്ക് ഗുരുതരമാകുന്നില്ല. അതുകൊണ്ട് തന്നെ ഏറ്റവും വേഗത്തിൽ വാക്സിൻ ഏറ്റവും കൂട്ടുക എന്നത് തന്നെയാണ് മരണങ്ങൾ ഒഴിവാക്കാനുള്ള വഴി.
യൂറോപ്പിൽ കാണുന്ന വൈറസിന്റെ വരവും പോക്കും ഒക്കെ ഒരു രണ്ടോ മൂന്നോ മാസത്തെ ഇടവേള കഴിയുമ്പോൾ ഇന്ത്യയിലും എത്തുന്നതാണ് രീതി. അതുകൊണ്ട് തന്നെ നമ്മളും വാക്സിൻ പരമാവധി ആളുകളിൽ എത്തിക്കുക, സർക്കാർ നിയന്ത്രണങ്ങൾ കുറച്ച കൊണ്ടുവരുമ്പോഴും ആരോഗ്യകരമായ ശീലങ്ങൾ (ഹാൻഡ് വാഷും മാസ്കും സാമൂഹ്യ അകലവും) ഒക്കെ പാലിക്കുക. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉളളവർ വാക്സിൻ ലഭിച്ചതിനാൽ അലംഭാവം കാട്ടാതിരിക്കുക. കൊറോണ ഇവിടെ ഒക്കെ തന്നെ ഉണ്ട്, അടുത്തൊന്നും പോകുന്നില്ല എന്നാണ് യൂറോപ്പിലെ തരംഗങ്ങൾ കാണിക്കുന്നത്.
സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി