![](https://nammudenaadu.com/wp-content/uploads/2021/01/dryrun.jpg)
കോവിഡ് വാക്സിൻ: സംസ്ഥാനത്ത് ഡ്രൈ റൺ ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ കോവിഡ് വാക്സിൻ ഡ്രൈ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടത്തുക.
തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിൽ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ നേരിട്ടെത്തി ഡ്രൈ റൺ നടപടികൾ വിലയിരുത്തി.
രാവിലെ 9 മുതൽ 11 വരെയാണ് ഡ്രൈ റണ്‍. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.
ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുക്കുക. എല്ലാ സ്ഥലങ്ങളിലും വാക്സിൻ കാരിയർ ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.
കോവിഡ് വാക്സിനേഷനായി ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ലാർജ് ഐഎൽആർ 20, വാക്സിൻ കാരിയർ 1,800, കോൾഡ് ബോക്സ് വലുത് 50, കോൾഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരിക്കൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന 14 ലക്ഷം സിറിഞ്ചുകൾ ഉടൻ സംസ്ഥാനത്തെത്തും.
ആദ്യ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, ആശ വർക്കർമാർ, ഐസിഡിഎസ്, അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്