ഓട്ടോറിക്ഷ ഓടിക്കുന്ന ലക്ഷപ്രഭു !|നമുക്കിടയിൽ നമ്മളാരും കാണാതെ പോവുന്ന ചില മാതൃകകളുണ്ട്.

Share News

ഓട്ടോറിക്ഷ ഓടിക്കുന്ന ലക്ഷപ്രഭു !

ഒരു വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരത്താണ് ആൾ കയറി വന്നത്. കയ്യിൽ ഒരു രേജിസ്റെർഡ് പോസ്റ്റ് കവർ ഉണ്ട്. ആകെപ്പാടെ ഒരു പരിഭ്രാന്തി. കൈയ്യിലുള്ളത് ഇൻകം ടാക്‌സ് നോട്ടീസാണെന്നു മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. ആളെ ഒന്ന് ഒരു comfort zone ഇൽ ആക്കാൻ കുറച്ചു വെള്ളം കൊടുത്തു പതുക്കെ ആ നോട്ടീസ് വാങ്ങിച്ചിട്ടു പറഞ്ഞു “എവിട്യ സ്ഥലം ?” സ്ഥലപ്പേര് പറഞ്ഞു. ഇരിഞാലകുടയിൽ നിന്നും അഞ്ചാറു കിലോമീറ്റർ അപ്പുറത്തുള്ള ഒരു ഗ്രാമ പ്രദേശം.

കുറച്ചു മുഷിഞ്ഞ കാക്കി ഷർട്ടും വെള്ളമുണ്ടും ആണ് വേഷം; വേഷവും ഭാവവും കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചിരുന്നു, ഓട്ടോ ഡ്രൈവർ ആയിരിക്കുമെന്ന്. “എന്താ പേര്, എന്താ ചെയ്യുന്നേ ?” …..”സാറെ, എന്റെ പേര് മണിക്കുട്ടൻ (പേര് ഒറിജിനൽ അല്ല, ട്ടോ) …ഞാൻ ഓട്ടോ ഓടിക്കാ …”

“മണിക്കുട്ടാ, ടെൻഷൻ അടിക്കേണ്ട. ഞാൻ ഈ നോട്ടീസ് ഒന്ന് നോക്കട്ടെ ട്ടോ…”

പത്തുലക്ഷം രൂപയിൽ കൂടുതൽ ഒരാളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടായിട്ടു അയാൾ ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ഇൻകം ടാക്‌സ് കാര് നോട്ടീസ് അയക്കും. മണികുട്ടന് അങ്ങനെ ഒരു നോട്ടീസ് ആണ് വന്നിരിക്കുന്നത്. പെട്ടന്ന് തന്നെ ലോഗിൻ ഉണ്ടാക്കി, വിശദമായി നോക്കിയപ്പോൾ മണികുട്ടന്റെ പേരിൽ ഒരു ബാങ്കിൽ തന്നെ 42 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റുകൾ !

ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ CA കാര് ചോദിക്കുന്ന കുറച്ചു സ്ഥിരം ചോദ്യങ്ങളുണ്ട്. അത് ഓരോന്നായി പുറത്തെടുത്തു.

മണികുട്ടന്റെ പേരിൽ എന്തെങ്കിലും പ്രോപ്പർട്ടി വിറ്റിരുന്നോ ?

ഇല്ല സാറെ …

മണിക്കുട്ടൻ മുൻപ് ഗൾഫിൽ ആയിരുന്നോ ?

അല്ല സാറെ…

ആരുടെയെങ്കിലും കയ്യീന്ന് കൊറേ പൈസ വാങ്ങിച്ചിരുന്നോ ?

ഇല്ല സാറെ…

മണികുട്ടന് കുടുംബസ്വത്തു ഭാഗം വെച്ചപ്പോ വലിയ amount കിട്ടിയിരുന്നോ ?

ഇല്ല സാറെ…

വേറെ എന്തെകിലും ബിസിനസ് ഇടപാടോ ഇൻഷുറൻസ് ക്ലെയ്‌മോ അങ്ങനെ എന്തെങ്കിലും കിട്ടിയിരുന്നോ ?

ഇല്ല സാറെ…

എന്റെ ആവനാഴിയിലെ ചോദ്യങ്ങളെല്ലാം കഴിഞ്ഞു !

പിന്നെ, ഒന്ന് അടുത്തേക്ക് ചേർന്നിരുന്നു പതിഞ്ഞ സ്വരത്തിൽ അറ്റ കൈക്ക് ചോദിച്ചു “മണികുട്ടന് ലോട്ടറി അടിച്ചിരുന്നോ…?”

ഇല്ല സാറെ..

ഞാൻ ഫ്ലാറ്റ് !

******

ഒരു ദീർഘശ്വാസം എടുത്തു പതുക്കെ മണികുട്ടനോട് ഞാൻ പറഞ്ഞു.

“മണിക്കുട്ടന്റെ പേരിൽ ബാങ്കിൽ 42 ലക്ഷം രൂപയുടെ ഡെപ്പോസിറ്റ് ഉണ്ട്. അതിന്റെ source ആണ് ഇൻകം ടാക്‌സ് കാര് ചോദിച്ചിരിക്കുന്നെ…മണികുട്ടന് ഇത്രേം പൈസ എവിടുന്നാ കിട്ടിയേ…? “

“സാറെ…ഞാൻ അത് ഓട്ടോറിക്ഷ ഓടിച്ചു ഉണ്ടാക്കിയ പൈസയാണ് ….”

ഒരു ഓട്ടോറിക്ഷക്കാരന് ഓട്ടോ ഓടിച്ചു അതിൽ നിന്നും കിട്ടുന്ന പണം FD ആയി നിക്ഷേപിക്കാൻ പറ്റുമെന്ന് ചിന്തിക്കാതിരുന്ന എന്റെ ഇടുങ്ങിയ ബുദ്ധിയെക്കുറിച്ചു ഓർത്തു ഞാൻ ലജ്ജിച്ചു.

മണിക്കുട്ടൻ തന്റെ കഥ പറഞ്ഞു.

സാറെ, വയസു നാല്പതിനു മേളിൽ ആയി. ഞാനും അമ്മയും മാത്രേ വീട്ടിൽ ഉള്ളു. എന്റെ ഭാഗ്യോ നിർഭാഗ്യോ എന്നറിയില്ല; ഞാൻ ഒരു ഉയർന്ന ജാതീയിലാ ജനിച്ചേ….. പത്തു കൊല്ലത്തിലും മേലെയായി പെണ്ണന്ന്വേഷണം, ഓട്ടോ ഓടിക്കുന്നത് കൊണ്ടാണോന്നറിയില്ല,..ഒന്നും ശരിയാവുന്നില്ല.. ഇപ്പോ ഞാൻ അതൊക്കെ ഏതാണ്ട് അവസാനിപ്പിച്ച പോലെയാ…

സാറെ, ഞാൻ ഏതാണ്ടു 22 കൊല്ലത്തിലും കൂടുതലായി ഓട്ടോ ഓടിക്കുന്നു. പിന്നെ കള്ളുകുടി, സിഗരറ്റു വലി, ചീട്ടുകളി…അങ്ങനെ കാശു പോകാനുള്ള ശീലങ്ങളൊന്നും ഇല്ല. എല്ലാമാസവും ചെലവ് കഴിച്ചു കിട്ടുന്ന പൈസ RD ഇൽ ഇടും. ഒരു വര്ഷം ഏകദേശം ഒന്ന് രണ്ടു ലക്ഷത്തിനടുത്തു സേവിങ്സ് ഇണ്ടാവും. RD വട്ടമെത്തുമ്പോൾ അത് FD ആക്കും. അങ്ങനെ കഴിഞ്ഞ 22 കൊല്ലത്തെ സേവിങ്‌സും അതിന്റെ പലിശയും ആണ് സാറെ, ഈ 42 ലക്ഷം.

അല്പസമയം ഞാൻ ഒന്നും മിണ്ടാതെ മണികുട്ടന്റെ മുഖത്തേക്ക് നോക്കിയിരുന്നു. ഞാൻ പഠിച്ച ഫിനാൻഷ്യൽ മാനേജ്മെന്റിലെ വലിയ വലിയ സൂത്രങ്ങളൊക്കെ ആ ചെറുപ്പക്കാരന്റെ തലയ്ക്കു ചുറ്റും വട്ടമിട്ടു കളിക്കുന്നതുപോലെ തോന്നി. ഞാൻ മനസ് കൊണ്ട് പറഞ്ഞു ‘ഓട്ടോറിക്ഷ ഓടിക്കുന്ന എന്റെ ജേഷ്‌ഠ സോദരാ, ഞാൻ നമിക്കുന്നു…’

മണിക്കുട്ടൻ പറഞ്ഞ മറുപടി തന്നെ ഇൻകം ടാക്‌സിലേക്കു മറുപടിയായി കൊടുത്തു. ആ പ്രശനം അവിടെ തീർന്നു.

കേരളത്തിലെ ചെറുപ്പക്കാർക്ക് സാമ്പത്തിക അച്ചടക്കമില്ല, നാട്ടിൽ ജോലിചെയ്തു സമ്പാദിക്കാൻ അറിയില്ല….അങ്ങനെയുള്ള ഗീർവാണങ്ങളൊന്നും ഉന്നയിക്കുന്നില്ല. നമുക്കിടയിൽ നമ്മളാരും കാണാതെ പോവുന്ന ചില മാതൃകകളുണ്ട്. അതിലൊന്നിനെ പരിചയപ്പെടുത്തി എന്ന് മാത്രം.

ആട്ടൊ വെറും ഓട്ടോ അല്ല സാറെ,

ഗോൾഡൻ ഓട്ടോ ആണ്.

സുബിൻ വി ആർ

ചാർട്ടേർഡ് അക്കൗണ്ടന്റ്.

Share News