മാതൃക ആകേണ്ടവൻ ഉതപ്പിന്‌ കാരണമാകുകയും വഴിനടത്തേണ്ടവർ ദുർമാതൃക കൊണ്ടും ദുർവ്യാഖ്യാനങ്ങൾ കൊണ്ടും വഴിതെറ്റിക്കുകയും ചെയ്യുന്ന വിരോധാഭാസം

Share News

വി. ജോൺ മരിയ വിയനി ——————

വൈദികരെ പ്രത്യേകം ഓർക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും മാനുഷികമായ അവരുടെ ബലഹീനതയെ വിളിച്ചവന്റെ കൃപയാൽ ശക്തിയായി മാറ്റണമേയെന്ന് യാചിക്കുകയും ചെയ്യേണ്ട ദിനം!കഴിവ് തെളിയിച്ചു ജനപ്രിയനാവാൻ ശ്രമിക്കുന്ന അച്ചന്മാർക്ക് പ്രചോദനമായും വെല്ലുവിളിയായും മാറുന്ന വിയാനി അച്ചൻ കഴിവുള്ള അച്ചന്മാരെ തേടിപോകുന്നവർക്ക് ഒരു ഉണർത്തുപാട്ടുകൂടിയാണ്.

വിളിച്ചവന്റെ വിരൽ തുമ്പിലുള്ള പിടിയാണ് ഒരു സമർപ്പിതന്റെ കഴിവിനും മികവിനും അടിത്തറയെന്ന സത്യം ഏവരും – വിളിക്കപ്പെട്ടവരും ജനവും – തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ തിരുനാൾ ദിനം അങ്ങനെയൊരു തിരിച്ചറിവിന് കൂടി കാരണമാവട്ടെ.

കുമ്പസാരക്കൂടും ബലിയർപ്പണവേദിയും തന്റെ പ്രവർത്തനമേഖലയായി സ്വീകരിച്ച വിയാനി അച്ചൻ ഞാനുൾപ്പെടുന്ന വൈദിക സമൂഹത്തിന് ഇന്നേ ദിവസം തരുന്ന സമ്മാനം സന്തോഷിപ്പിക്കേണ്ടത് ചെവി തിന്നുന്ന ഉപഗ്രഹങ്ങളെയല്ല , മറിച്ചു കുറവുകൾ നോക്കാതെ വിളിച്ച നാഥനെ ആണെന്നുള്ള തിരിച്ചറിവാകട്ടെ. വൈദികൻ പൊതുമുതലാണെന്ന സത്യം എപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും സ്വകാര്യവത്കരിക്കാനുള്ള താല്പര്യത്തോടെ അടുത്തുകൂടുന്ന സ്ഥാപിത താല്പര്യക്കാരെ ആരോഗ്യകരമായ അകലത്തിൽ നിറുത്തുവാനുള്ള വിവേകം ഉണ്ടായിരിക്കുകയും ചെയ്യട്ടെ ഓരോ വൈദികനും.

മാതൃക ആകേണ്ടവൻ ഉതപ്പിന്‌ കാരണമാകുകയും വഴിനടത്തേണ്ടവർ ദുർമാതൃക കൊണ്ടും ദുർവ്യാഖ്യാനങ്ങൾ കൊണ്ടും വഴിതെറ്റിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇന്ന് കാലം കാഴ്ച്ച വയ്ക്കുന്നതെന്ന സങ്കടം വൈദികരുടെ മധ്യസ്ഥന്റെ മുമ്പിൽ ഏറ്റുപറയാം.

അവഹേളിക്കപെടുമ്പോഴും ഒറ്റപ്പെടുമ്പോഴും കൂടുതൽ തീക്ഷ്ണതയോടെ അവനോടു ചേർന്ന് നിൽക്കാൻ വി. വിയാനി അച്ചൻ നമുക്ക് ശക്തിയും പ്രചോദനവും തരട്ടെ.എല്ലാവർക്കും പ്രത്യേകിച്ച് വൈദിക സഹോദരങ്ങൾക്കു സ്വർഗീയ മദ്ധ്യസ്ഥന്റെ തിരുനാൾ മംഗളങ്ങൾ നേരുന്നു .

സ്നേഹത്തോടെ ,

പ്രാർത്ഥനയോടെ ✍️Ben Fr

Catholic Priest at Diocese of Kalyan

Share News