സോളാർ മിഷൻ’ വിജയിക്കട്ടെ!|എന്നിട്ടും മതിയാകാതെ രാപ്പകൽ സോളാർ വിഷയത്തിന്റെ താപോർജം ഊറ്റിക്കുടിച്ചു രസിക്കുകയാണ് ‘പ്രബുദ്ധ’ മലയാളി സമൂഹം!

Share News

2010 ലാണ് നാഷണൽ സോളാർ മിഷനു കേന്ദ്ര സർക്കാർ തുടക്കമിട്ടത്. സംസ്ഥാനങ്ങളുടെ സഹകരണത്തോടുകൂടി, പൊതു മേഖലയിലും സ്വകാര്യ മേഖലയിലും, പ്രകൃതിയോട് ഇണങ്ങിയതും നിലനിൽക്കുന്നതുമായ ഊർജ്ജ ഉത്പാദന മാർഗ്ഗങ്ങൾക്കു പ്രോത്സാഹനം നൽകുക, 2022 ഓടെ രാജ്യത്തു സോളാർ എനർജി ഉൽപാദനം 20,000 മെഗാവാട്ടായി വർധിപ്പിക്കുക, 2030 ആകുമ്പോഴേക്കും ഊർജ്ജ ഉത്പാദനം 280 ജിഗാ വാട്ടിലേക്ക് എത്തിക്കുക, എന്നിവയായിരുന്നു ലക്ഷ്യങ്ങൾ! രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളും രാജ്യത്തിന്‌ അഭിമാനകരമായ ഈ പദ്ധതിയിൽ മാതൃകാപരമായ വളർച്ചയും മുന്നേറ്റവുമുണ്ടാക്കി!

രാജ്യം ഇപ്പോഴും ‘സോളാർ’ രംഗത്ത് അഭിമാനകരമായ മുന്നേറ്റം തുടരുകയാണ്! ആദിത്യ എൽ -1, ഭൂമിയിൽനിന്ന് 1.5 മില്യൺ കിലോമീറ്റർ ദൂരത്തിൽ സ്ഥാപിച്ചുകൊണ്ട് ഇന്ത്യ സൂര്യനെ നിരീക്ഷിക്കുകയാണ്! സൂര്യ ഉപരിതലത്തിൽ വീശിയടിക്കുന്ന കാന്തിക കൊടുങ്കാറ്റുകളെയും സൂര്യ മണ്ഡലമായ കൊറോണയേയും അതിന്റെ അന്തരീക്ഷത്തെയും പഠന വിധേയമാക്കുകയാണ്!

എന്നാൽ, കേരളത്തിലാണ് ‘സോളാർ’ ഏറ്റവുമധികം ഉത്പാദനക്ഷമത കൈവരിച്ചത്! താപോർജ ഉത്പാദനം പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെങ്കിലും അപവാദ ഊർജ ഉത്പാദനത്തിൽ കേരളം, രാജ്യത്തിന്റെ ചന്ദ്രയാൻ ദൗത്യത്തെ പിന്നിലാക്കുന്നത്ര ഉന്നതിയിലാണ്! ഒരു സർക്കാരിനെത്തന്നെ താഴെയിറക്കാനും തൽസ്ഥാനത്തു മറ്റൊന്നിനെ ഉയർത്താനും, സാത്വികനായ ഒരു മനുഷ്യനെ, മുഖ്യമന്ത്രിയെത്തന്നെ, ‘ലഗ്രാഞ്ചു പോയിന്റിൽ’ നിർത്താനും, പദ്ധതികൊണ്ടു വിജയം കൊയ്തവർക്കു കഴിഞ്ഞു! കൂടാതെ, കേരള രാഷ്ട്രീയത്തെ ഒരേയൊരു ‘വിഷയം’ കേന്ദ്രമാക്കി, ഒരു സവിശേഷ ഓർബിറ്റിൽ സഞ്ചരിപ്പിക്കാനും, ഒരു രണ്ടാംവട്ട ഭരണം ഉറപ്പാക്കാനും കഴിഞ്ഞു എന്നതും നിസ്സാര നേട്ടമല്ല! എന്നിട്ടും മതിയാകാതെ രാപ്പകൽ സോളാർ വിഷയത്തിന്റെ താപോർജം ഊറ്റിക്കുടിച്ചു രസിക്കുകയാണ് ‘പ്രബുദ്ധ’ മലയാളി സമൂഹം!

സഹ്യനപ്പുറത്തെന്തു നടക്കുന്നു എന്നു നോക്കാൻ മെനക്കെടാത്ത ‘പ്രബുദ്ധർ’ സ്വയം നിർമിക്കുന്ന അപവാദ മാലിന്യത്തിൽ വീണുരുണ്ടു രമിക്കുകയാണ്! ഒരു മൂന്നാമൂഴത്തിനുള്ള ഊർജ്ജം ഇതിൽനിന്നുണ്ടാക്കിയേ പണം മുടക്കുന്നവർ ഉത്പാദനം മതിയാക്കൂ എന്നാണ് മാധ്യമ കോടതികൾ വിലയിരുത്തുന്നത്!

നാഷണൽ സോളാർ മിഷൻ വിജയിക്കട്ടെ! ആദിത്യ എൽ -1 ദീർഘകാലം ലഗ്രാഞ്ചു-1 പോയിന്റിൽ നിരീക്ഷണം തുടരട്ടെ!

കേരളം അതിന്റെ പ്രത്യേക ഓർബിറ്റിൽ കറങ്ങിക്കൊണ്ടിരിക്കട്ടെ!!!

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News