
ദൈവരാജ്യം
ദൈവരാജ്യം എന്ന വടവൃക്ഷവും അതില്‍ ചേക്കേറിയിരിക്കുന്ന പക്ഷികളും. ആരാണീ അപകടകാരികളായ പക്ഷികള്‍?
‘ദൈവരാജ്യം എന്തിനോടു സദൃശ്യമാണ്?
എന്തിനോടു ഞാന്‍ അതിനെ ഉപമിക്കും?
എന്നു ആശ്ചര്യപ്പെട്ടുകൊണ്ട് യേശു പറഞ്ഞു: ‘അതു ഒരുവന്‍ തോട്ടത്തില്‍ പാകിയ കടുകുമണിയ്ക്കു സദൃശ്യമാണ്. അതു വളര്‍ന്നു മരമായി. ആകാശത്തിലെ പക്ഷികള്‍ അതിന്റെ ശാഖകളില്‍ ചേക്കേറി.’ (ലൂക്കാ 13/19) ദൈവരാജ്യ വളര്‍ച്ചയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടുവാന്‍ ഒന്നും കാണാതെ വിഷമിക്കുകയാണ് യേശു. ഏറ്റം ചെറിയ വിത്തായി തുടങ്ങി വന്മരമായി വളരുന്ന ഏക കടുകുമണി ദൈവരാജ്യം മാത്രമാണ്. പുതിയ നിയമത്തിലെ ദൈവരാജ്യം സഭയാണെന്ന് സാമാന്യമായി പറയാം. കേവലം നൂറ്റിയിരുപതോളം വരുന്ന ആളുകളോടെ യേശുവിന്റെ സ്വര്‍ഗ്ഗാരോഹണ ശേഷമുള്ള ആദ്യ പന്തക്കുസ്താദിനത്തില്‍ ഉത്ഘാടനം ചെയ്യപ്പെട്ട സഭ; ഇന്നു അതു വളര്‍ന്നു ലോകത്തിന്റെ അതിരുകളോളം ശാഖകള്‍ വിരിച്ചു വന്‍ വടവൃക്ഷം പോലെയായിരിക്കുന്നു. അതിന്റെ തണലില്‍, അതിന്റെ തഴപ്പില്‍, അതിന്റെ സമൃദ്ധിയില്‍ ആകാശത്തിലെ പക്ഷികള്‍ ചേക്കേറി. ആകാശത്തിലെ പക്ഷികള്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നു. ഈ പക്ഷികള്‍ വൃക്ഷത്തിന്റെ ഭാഗമല്ല. അതിന്റെ സമൃദ്ധിയില്‍, സൌകര്യങ്ങള്‍ പങ്കുപറ്റാന്‍ എത്തിയ അതിഥികള്‍ മാത്രം. പഴയ ഒരു സിനിമാഗാനത്തിന്റെ ഈരടികള്‍ ഓര്‍മ്മവരുന്നു.
‘കടലില്‍ മീന്‍ പെരുകുമ്പോള്‍, കരയില്‍ വന്നടിയുമ്പോള്‍ കഴുകനും കാക്കകളും പറന്നുവരും.
കടല്‍ തീരമൊഴിയുമ്പോള്‍, വലയെല്ലാമുണങ്ങുമ്പോള്‍ അവയെല്ലാം പലവഴി പിരിഞ്ഞുപോകും.’
അതുമാത്രമല്ല, അവ മരത്തിന്റെ തനിമയ്ക്കു കോട്ടം വരുത്തുകയും ചെയ്യുന്നു. അന്തരീക്ഷവും ആകാശവും തിന്മയുടെ ആധിപത്യം നിലനില്‍ക്കുന്ന ഇടമായി കരുതപ്പെട്ടിരുന്ന ( എഫേ. 2/2 നോക്കുക.) കാലത്തു പറഞ്ഞ ഉപമ എന്നനിലയില്‍ ഈ ആകാശത്തിലെ പക്ഷികള്‍ തിന്മയുടെ സൂചകങ്ങളായി കൂടി കണക്കാക്കേണ്ടിയിരിക്കുന്നു. വിതക്കാരന്റെ ഉപമയിലെ പക്ഷികളുടെ വ്യാഖ്യാനവും നോക്കുക. അങ്ങിനെയെങ്കില്‍, വളര്‍ച്ചയ്ക്കിടയില്‍ സഭയില്‍ കടന്നു കൂടുന്ന തിന്മയുടെ അരൂപികളായി വേണം ഈ പക്ഷികളെ കണക്കാക്കാന്‍. മാനസാന്തരപ്പെട്ടു, സുവിശേഷത്തില്‍ വിശ്വസിച്ചു, ജ്ഞാനസ്നാനത്തിലൂടെ യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും പങ്കുപറ്റി, അവിടുന്നു കല്പിച്ചവയെല്ലാം അനുസരിച്ചു അവിടുത്തെ അടുത്ത വരവില്‍ പൂര്‍ണ്ണമാകുന്ന രക്ഷയെ കാത്തിരിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്ന സാക്ഷികളുടെ കൂട്ടായ്മയാണ് സഭ. ഇവിടെ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സൌകര്യങ്ങള്‍ ആസ്വദിക്കുവാന്‍ അംഗത്വമെടുത്തിരിക്കുന്നവര്‍ ആകാശത്തിലെ പക്ഷികള്‍ തന്നെ. മതപരമായ ആവശ്യങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമായി മാത്രം ഇവിടെ തുടരുന്നവരും മറ്റൊന്നല്ല. സമൂഹത്തിലെ മാന്യതയും ആഢ്യതയും തേടി സഭയില്‍ നിലനില്‍ക്കുന്നവരും ഇതു തന്നെ. സമ്പത്തും സ്ഥാപനങ്ങളും ഇല്ലാത്ത, അപമാനിതമായ ഒരു സഭയില്‍ തുടരുവാന്‍ ആരുണ്ടാകും? പീഡിതനായി, വിവസ്ത്രനായി, അപമാനിതനായി, നിസ്വനായി ക്രിസ്തു തറയ്ക്കപ്പെട്ട കുരിശിന്‍ ചുവട്ടില്‍ അവനോടു ചേര്‍ന്നു നില്‍ക്കാന്‍ ആരുണ്ടാകും? യഥാര്‍ത്ഥ സഭയെ ഇവിടെ തിരിച്ചറിയാം. ആഗോള സഭയെ കര്‍ത്താവ് മെല്ലെ ഈ തരം തിരിവിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു.
അദൃശ്യനായ ദൈവത്തെ പ്രത്യക്ഷമാക്കുകയായിരുന്നു യേശുവിന്റെ അവതാരോദ്ദേശ്യങ്ങളില്‍ സുപ്രധാനമായ ഒന്നു. അവിടുന്നു പ്രഖ്യാപിച്ചു, എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷവും അവസാനം വരെ ലോകത്തിനു പിതാവിനെ കാണാന്‍ ഇടയാകേണ്ടതിനു സ്വശരീരമായ സഭയെ ഇവിടെ നിയമിച്ചാക്കി. എന്നാല്‍ പൊണ്ണത്തടി മൂലം ദൈവത്തെ ലോകത്തിനു കാണിച്ചു കൊടുക്കുന്നതില്‍ സഭ പരാജയപ്പെടുന്നു. അല്ലെങ്കില്‍ ദൈവത്തിന്റെ ഒരു വികല ചിത്രം ലോകത്തിനു നല്‍കുന്നു. അവിടുത്തെ രണ്ടാമത്തെ വരവിനു മുമ്പ് ദൈവത്തിന്റെ തനിമ ഒരിക്കല്‍ക്കൂടി ലോകത്തെ കാണിച്ചുകൊടുക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. ആദിമ സഭയ്ക്കു അതു സാധിച്ചിരുന്നു, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാനസാന്തരം വരെ. എങ്കില്‍, ആ അവസ്ഥയിലേക്കായിരിക്കാം ദൈവം സഭയെ നയിക്കുന്നത്. സഭ സ്വയം വെട്ടിയൊരുക്കുക എന്ന ആഹ്വാനം ഏറെക്കാലമായി ദൈവം നല്കിക്കൊണ്ടേയിരിക്കുന്നു. ഇനിയും നാമതു ചെയ്യുന്നില്ലെങ്കില്‍ പഴയ ഇസ്രായേലിന്റെ ചരിത്രത്തില്‍ എത്രയോ തവണ ആവര്‍ത്തിച്ചിട്ടുള്ളത് ഇവിടെയും സംഭവിക്കും – ദൈവത്തെ അറിയാതെയെങ്കിലും അവിടുത്തെ അനുസരിക്കുന്ന ഇതര ജനതയിലൂടെ അവിടുന്നു സഭയെ വെട്ടിയൊരുക്കും. അല്ല, വെട്ടിയൊരുക്കാന്‍ ആരംഭിച്ചിരിക്കുന്നു. മറ്റൊരു വിധത്തില്‍ നോക്കിക്കണ്ടാല്‍, ദൈവം സഭയ്ക്ക് നല്‍കിയിരിക്കുന്ന സവിശേഷ സംരക്ഷണയുടെ കരം അല്പമൊന്നു പിന്‍വലിച്ചാല്‍ സഭയുടെ വൃഥാസ്ഥൂലതകളിലേക്ക് തിന്മ കാര്‍ന്നു തിന്നാനാരംഭിച്ചിരിക്കും. ഇനിയെങ്കിലും ദൈവത്തിന്റെ ആഹ്വാനത്തിന് നാം ചെവി കൊടുത്തിരുന്നെങ്കില്‍….
പാപികളുടെ സങ്കേതമാണ് സഭ. എന്നുവച്ചാല്‍ അതു കള്ളന്മാരുടെ ഗുഹയാണ് എന്നു നാം മനസിലാക്കരുത്. ‘നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാന്‍ വന്നതു’(മത്താ.9/13, മാര്‍ക്കോ.2/17)എന്ന യേശുവിന്റെ പ്രസ്താവന പാപികളുടെ ഒരു സംഘം രൂപീകരിക്കാനുള്ള പദ്ധതിയായി നാം തെറ്റിദ്ധരിക്കരുത്. ‘ഞാന്‍ വന്നിരിക്കുന്നതു നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ് ’ എന്ന ലൂക്കാ സുവിശേഷകന്റെ സാക്ഷ്യം (5/32) അര്‍ത്ഥവ്യക്തത നല്‍കുന്നുണ്ട്. പശ്ചാത്തപിക്കാനും മാനസാന്തരപ്പെടാനും തയ്യാറുള്ള പാപികള്‍ക്കേ സഭയില്‍ സ്ഥാനമുള്ളൂ. എന്തും അനുവദനീയമായ സമൂഹമായി (permissive society) സഭ മാറരുത്. രണ്ടു വള്ളത്തിലും കാലു ചവിട്ടിയിരിക്കുന്നവര്‍ക്കും കയ്യാലപ്പുറത്തെ തേങ്ങ പോലെ എങ്ങോട്ടും മറിയാന്‍ തയ്യാറായിരിക്കുന്നവര്‍ക്കും സഭയില്‍ സ്ഥാനമുണ്ടാകരുത്. എങ്ങിനെയും കുറെ ആളെ കൂടെ നിര്‍ത്തി അംഗബലം നിലനിര്‍ത്തേണ്ട ആവശ്യം സഭയ്ക്കില്ല. ‘എന്തെന്നാല്‍, സമയം അടുത്തിരിക്കുന്നു. അനീതി ചെയ്തിരുന്നവന്‍ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ. പാപക്കറ പുരണ്ടവന്‍ ഇനിയും അങ്ങനെ തന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാന്‍ ഇനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്ധന്‍ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ.(വെളി. 22/11) വക്കീലന്മാര്‍ കോടതിയില്‍ കറുത്ത കോട്ടിടണം. അതുപോലെ, ഓരോ മതത്തിന്റെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വീകരിക്കാന്‍ ആ മതത്തില്‍ അംഗമായവര്‍ തയ്യാറാകണം. അല്ലാത്തവര്‍ പുറത്തു പോകണം എന്നു ഈ അടുത്തകാലത്തു കേരള ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയത് നാം എത്രയോ നേരത്തെ എടുക്കേണ്ട നിലപാടായിരുന്നു. പകരം സ്വവര്‍ഗ്ഗഭോഗികള്‍ക്കും ജീവിതപങ്കാളി ജീവിച്ചിരിക്കെ വീണ്ടും വിവാഹിതരാകുന്നവര്‍ക്കും സഭയില്‍ താവളമൊരുക്കാനാണ് നാം തീരുമാനിക്കുന്നതെങ്കില്‍ ഓര്‍മ്മിക്കുക കര്‍ത്താവിന്റെ കരം ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. തെറ്റ് തെറ്റല്ല എന്നു പറഞ്ഞാല്‍ അതു തെറ്റല്ലാതാവുകയില്ല. രോഗിയെ സമാശ്വസിപ്പിക്കുവാന്‍ രോഗമില്ല എന്നു പറയുന്നതു പോലെ കൂടുതല്‍ വലിയൊരു ദ്രോഹമാവുകയേ ഉള്ളു. ‘തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവന് ദുരിതം!’ (ഏശയ്യാ 5/20) പാപിയെ അനുതാപത്തിലേക്ക് നയിക്കുക എന്നതാണ് ദൈവത്തിന്റെ കരുണയുടെ ലക്ഷ്യം. നാം കരുണയെന്നു പറഞ്ഞു കാട്ടുന്നത് പാപിയ്ക്കു പാപത്തില്‍തുടരാന്‍ പ്രോത്സാഹനമാകുന്നെങ്കില്‍ അതു ദൈവീകമല്ല എന്നു വ്യക്തം
കേരള സഭയില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാകുന്നു.
v ദയാവധത്തിനും ഗര്‍ഭച്ഛിദ്രത്തിനും അനുകൂലമായി പരസ്യമായി നിലപാടെടുക്കുന്നവര്‍ അതു അഞ്ചാം പ്രമാണത്തിനെതിരായ ഗൌരവമേറിയ തെറ്റാണെന്ന് തിരിച്ചറിഞ്ഞു മാനസാന്തരപ്പെട്ടു പരസ്യമായിത്തന്നെ തിരിച്ചുവരാത്തിടത്തോളം കാലം സഭയ്ക്കു പുറത്താണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കാമോ?
v പരസ്യമായി അന്യദേവാരാധനയില്‍ പങ്കെടുത്തു ഒന്നാം പ്രമാണം ഗൌരവമായി ലംഘിക്കുന്നവരെ സംബന്ധിച്ചും മേല്പറഞ്ഞ തരത്തില്‍ നിലപാടെടുക്കാമോ?
v വന്ധ്യംകരണത്തിനു സ്വമേധയാ വിധേയരായവര്‍ മാനസാന്തരപ്പെട്ടു തിരികെ വരുമ്പോള്‍ പൂര്‍വ്വാവസ്ഥയിലേക്കു മടങ്ങി വരാന്‍ വൈദ്യശാസ്ത്രപരമായി സാദ്ധ്യമെങ്കില്‍ അതുചെയ്യുന്നതിനു വിധേയമായേ പാപമോചനം സാദ്ധ്യമാകൂ എന്നു വ്യക്തമാക്കാമോ? (ശരിയായി ചെയ്ത വന്ധ്യംകരണ ശാസ്ത്രക്രീയകളില്‍ 80%ത്തോളം മറ്റൊരു ശാസ്ത്രക്രീയയിലൂടെ ഉത്‌പാദനക്ഷമത തിരികെ നേടാവുന്നവയാണ്.)
v കുഞ്ഞിന്റെ ജനനത്തെ ഒഴിവാക്കുന്ന മനോഭാവത്തോടെയുള്ള ദാമ്പത്യധര്‍മ്മാനുഷ്ഠാനം അതില്‍ത്തന്നെ തെറ്റാണെന്നുള്ള സഭാ പ്രബോധനം വിവാഹ ഒരുക്ക പരിശീലനമുള്‍പ്പടെയുള്ള വേദികളില്‍ പഠിപ്പിക്കാമോ?
v മദ്യ വ്യവസായവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരെ സഭയുടെ ഒരു സ്ഥാന മാനങ്ങളിലേക്കും പരിഗണിക്കയില്ല എന്നും അവരുടെ സംഭാവനകള്‍ സഭ സ്വീകരിക്കുകയില്ല എന്നും തീരുമാനിച്ചു പരസ്യപ്പെടുത്താമോ?
ചോദ്യങ്ങള്‍ ഇവിടെ തീരുകയല്ല. ഇവ ചില സാമ്പിളുകള്‍ മാത്രം.
യഥാര്‍ത്ഥ സഭയ്ക്ക് ഭാരമായി തീര്‍ന്നിരിക്കുന്ന, പൊണ്ണത്തടിയായി മാറിയിരിക്കുന്ന സ്ഥാപനങ്ങളെ കയ്യൊഴിഞ്ഞാല്‍ മാത്രം ഒട്ടേറെ ‘പക്ഷികള്‍’ പറന്നകന്നുകൊള്ളും. ദൈവം അനുഗ്രഹിക്കട്ടെ.

George Gloria
.