തദ്ദേശ തെരഞ്ഞെടുപ്പ്: തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തിരിച്ചടിയെക്കുറിച്ച് പരിശോധിക്കുമെന്നും ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടിയപ്പോൾ ആരും പൂച്ചെണ്ട് നൽകിയില്ല. ജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ തോൽവി അനാഥമാണ്. മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും ഇങ്ങനെ ആക്രമിക്കാൻ താനെന്ത് തെറ്റ് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
മധ്യകേരളത്തിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായത് ജോസ് കെ. മാണി മുന്നണി വിട്ടതുകൊണ്ടല്ല. ജോസ് വിഭാഗത്തെ യുഡിഎഫ് ഒഴിവാക്കിയതല്ല. അവർ സ്വയം പുറത്തുപോയതാണ്. ന്യൂനപക്ഷ വോട്ടുകളിൽ വലിയ ചോർച്ച സംഭവിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കും.
ആർഎംപിയുടെ വിമർശനങ്ങൾക്കും കെപിസിസി അധ്യക്ഷൻ മറുപടി നൽകി. ആർഎംപിക്ക് തന്നെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ടി.പി.ചന്ദ്രശേഖരന്റെ വധം എല്ലാ മേഖലയിലും ചർച്ചയാക്കിയത് താനാണെന്നും അത് മറക്കരുതെന്നും മുല്ലപ്പള്ളി ഓർമിപ്പിച്ചു.