
ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി: ജുവലറി, തുണിക്കടകള്‍ രണ്ടുദിവസം തുറക്കാം, ബാങ്കുകള്‍ അഞ്ചുമണിവരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. കൂടുതല്‍ ഇളവുകളോടെയാകും മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നടപ്പാക്കുക. മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി.

ലോക്ക്ഡൗണില്‍ അത്യാവശ്യ സേവനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ അഞ്ചുമണിവരെ തുറക്കാം.
ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കാം. സമയം വൈകുന്നേരം അഞ്ചുവരെ. പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, സ്വര്‍ണക്കടകള്‍, ടെക്സ്റ്റയില്‍സ്, ചെരിപ്പു കടകള്‍ എന്നിവ തിങ്കള്‍ ബുധന്‍ ദിവസങ്ങളില്‍ അഞ്ചുമണിവരെ തുറക്കാം.
സ്ഥാപനങ്ങളില്‍ എത്തുന്ന ജീവനക്കാര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണം. സ്ഥാപനത്തിന്റെ വലിപ്പത്തിന് അനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു.
കള്ള് പാഴ്സലായി നല്‍കാന്‍ ഷാപ്പുകള്‍ക്ക് അനുമതി നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം പ്രവര്‍ത്തനം.
പാഴ്വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലങ്ങളില്‍ അവ മാറ്റുന്നതിന് വേണ്ടി ആഴ്ചയില്‍ രണ്ട് ദിവസം അനുവദിക്കും.
സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ വിജയമാണെന്നും എന്നാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തുകളയാന്‍ സാഹചര്യം എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.