
തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ലോക്ക്ഡൗണ്‍ നീട്ടി
തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി.
അതിവ്യാപന മേഖലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും മറ്റിടങ്ങളില്‍ സാധാരണ ലോക്ക് ഡൗണ് എന്ന നിലയിലാണ് നിയന്ത്രണങ്ങള്‍ തുടരുകയെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയിൽ സാമൂഹിക വ്യാപനമില്ലെന്നും സൂപ്പര്‍ സ്‌പ്രെഡ് മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹവ്യാപനം എന്ന ഭീതിജനകമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും ചില ക്ലസ്റ്ററുകളില്‍ സൂപ്പര്‍ സ്‌പ്രെഡ് എന്ന നിലയിലേക്ക് രോഗവ്യാപനം എത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് സമ്ബര്‍ക്കവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് 481 കേസുകളാണ് ഉള്ളത്. ഇതില്‍ 215 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലും നിന്നെത്തിയവരാണ്. എന്നാല്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 266 പേര്‍ക്കാണ്. ഇന്നുമാത്രം 129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇതില്‍ 105 പേര്‍ക്കും വൈറസ് ബാധയുണ്ടായത് സമ്ബര്‍ക്കത്തിലൂടെയാണ്.