
..മാത്രമല്ല തോൽക്കാനും പരാജയപെടാനും മുട്ടുകുത്താനും മുട്ടുമടക്കാനും മക്കളെ പഠിപ്പിക്കണം
മാതാപിതാക്കൾക്ക് സ്നേഹപൂർവ്വം ഒരു ദൂതും താക്കീതും..
തോൽപ്പിക്കാനും പരാജയപെടുത്താനും വിജയിക്കാനും മുൻ നിരയിലാക്കാനും മാത്രമല്ല തോൽക്കാനും പരാജയപെടാനും മുട്ടുകുത്താനും മുട്ടുമടക്കാനും മക്കളെ പഠിപ്പിക്കണം.
പണ്ടുകാലത്തെ പാമ്പും കോണിയും കളി കളിക്കാനും 99 ൽ നിന്ന് 1 ലേക്ക് കുത്തനെ വീഴാനും വീണ്ടും പൊരുതിയും കോണി കയറിയും പിന്നിലായും പിന്നിലാക്കിയും 100 ലെത്തി നിൽക്കുവാൻകൂടി മക്കൾ പഠിക്കട്ടെ. ആ വിജയത്തിന് പച്ചയായ ജീവിത യാഥാർത്ഥ്യത്തിന്റെ ഗന്ധമുണ്ടാവും. തല നരച്ച തലമുറ ഇന്നും ജീവിതത്തെ ചങ്കൂറ്റത്തോടെ നേരിടുന്നതും അടി തെറ്റാതെ നിൽക്കുന്നതും ജീവിതാനുഭവങ്ങളുടെ ഉച്ച വെയിലിൽ വാടാതെ നിലനിൽക്കുന്നതും ബാല്യത്തിൽ കിട്ടിയ ശാസനയും അടിയും കൊണ്ട് തന്നെയാണ് എന്നാണ് എന്റെ എളിയ നിഗമനം. (എല്ലായ്പ്പോഴും എല്ലാവരുടെയും കാര്യത്തിൽ ഇത് ശരിയാകണമെന്നില . )
അധ്യാപകരുടെയും മാതാപിതാക്കളുടെയും അടിയും ശിക്ഷാ നടപടികളും നേരിട്ട വിദ്യാർത്ഥികളൊന്നും ഒന്നാമതായി ജീവിതത്തിൽ പരാജയപെട്ടിട്ടില്ല. (ബഹു. പീറ്റർ കൊച്ചാലുങ്കലച്ചന്റെ ജീവിതാനുഭവം വായിക്കുന്നത് ഇതിനോട് ചേർത്തു വയ്ക്കാം) . രണ്ടാമതായി അത് വീട്ടിൽ പറയുമായിരുന്നില്ല കാരണം വിദ്യാഭ്യാസമില്ലായെങ്കിലും കലാലയത്തിന്റെ പടി കയറിയിട്ടില്ലെങ്കിലും വിവരവും വിവേകവും ആധാരവും മൂലധനവുമായിട്ടുള്ള, എന്നാൽ അഴകൊമ്പൻ ജീവിത ശൈലി കൈമുതലായിട്ടില്ലാതിരുന്ന മാതാപിതാക്കൾക്കറിയാമായിരുന്നു കുട്ടികളെ വെറുതെ ശിക്ഷിക്കാൻ അധ്യാപകർക്ക് ഉച്ച ഭ്രാന്തില്ലായിരുന്നെന്ന്
. ഇനി അറിയാതെയെങ്ങാനും തല്ല് കിട്ടിയ്ത് മക്കൾ പറഞ്ഞാൽ, അഥവാ മാതാപിതാക്കൾ അറിയാനിടയായാൽ കലാലയത്തിൽ നിന്ന് കിട്ടിയതിന്റെ ബോണസായി വീട്ടിൽ നിന്ന് വീണ്ടും അടിയുടെ പൊടിപൂരം. (1994-ൽ കുടിയാൻമല സ്ക്കൂളിൽ വച്ച് കിഴക്കയിൽ മനോജും പുറത്തെ മുതുകാട്ടിൽ സനീഷും തമ്മിലുണ്ടായ വഴക്കിന് സാക്ഷി പറയാൻ പോയ എനിക്കിട്ട് 3 അടി തന്നത് വീട്ടിലറിഞ്ഞപ്പോൾ എന്റെ അപ്പച്ചനെന്നെ പൊതിരെ തല്ലിയത് ഓർമ്മ വരുന്നു).എന്നാൽ പിച്ചലും, നുള്ളലും, ചന്തിക്കിട്ടടിയും ( ശിക്ഷണ രീതികൾ എന്ന അർത്ഥം മാത്രം) അപ്രത്യക്ഷമായതു കൊണ്ട് മക്കൾ നമുക്ക് ബോണസായി തരുന്നത് ആത്മഹത്യ, പരഹത്യ, ഭീക്ഷണി , ഒളിച്ചോട്ടം, മുതലായവയാണ്. (ക്രൂരമായ ശിക്ഷാ രീതികളോട് തീർച്ചയായും വിയോജിക്കുന്നു).
മക്കളോടുള്ള വഴിവിട്ട വാൽസല്യം വഴിതെറ്റിയ ഒരു തലമുറയെ പാരിന് സമ്മാനമായി തന്നിട്ടുണ്ട്. അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളെ സ്വന്തം മക്കളായി കണ്ട ഒരു സുവർണ്ണകാലം വിദ്യാലയങ്ങളിൽ ഉണ്ടായിരുന്നു. ( കുടിയാൻമല സ്ക്കൂളിലെ പിണക്കാട്ട് മാത്യു സാറും, ഗ്രേസി ഫ്രാൻസീസ് ടീച്ചറും , അന്നമ്മ ടീച്ചറും, തെള്ളിയിൽ എൽസി ടീച്ചറും ഓർമ്മയുടെ ശിഖരങ്ങളിൽ ഉണ്ട് . ഇരിങ്ങാലക്കുട മങ്ങാടിക്കുന്നിലെ പ്രൊഫ. ലിസ് ജോബും പ്രൊഫ. മേരി പത്രോസും സെബാസ്റ്റ്യൻ ജോസഫ് സാറും ഒരു വിസ്മയമായും മനസ്സിലുണ്ട്). എന്നാൽ മക്കളുടെ കണ്ണുനീർ കണ്ടാൽ ( അത് അരുതായ്മ ചെയ്തിട്ടാണെങ്കിൽ പോലും) മദമിളകുന്ന മാതാപിതാക്കളുടെ പരാതിമൂലവും തൽഫലമായി അധ്യാപകർ നേരിടേണ്ടിവരുന്ന കനത്ത മാനസിക സമ്മർദ്ധം മൂലവും അറിവിന്റെ തീർത്ഥാടന കേന്ദ്രമായ വിദ്യാക്ഷേത്രങ്ങളിൽ നിന്ന് അത്തരം ശിക്ഷണം നല്കുന്ന നന്മരങ്ങളായ അധ്യാപകർ വംശനാശ ഭീക്ഷണി നേരിടുന്നു.
ഒരിക്കൽ തിൻമ ചുണ്ടികാട്ടിയതിന് പ്രതികൂട്ടിൽ നിൽക്കേണ്ടി വരുന്ന അധ്യാപകൻ പിന്നീട് തന്റെ വിദ്യാർത്ഥികളെന്തു തെറ്റ് ചെയ്താലും അതിന് നേരെ കണ്ണടക്കും. തൽഫലമോ ശമ്പളത്തിൽ സംപ്രീതരായ ഒരു പറ്റം അധ്യാപകരുടെ ജനനം ഒരു വശത്തും മറുവശത്ത് ദൈവത്തെയോ മനുഷ്യരെയൊ പേടിയില്ലാത്തതും ധാർമ്മികതയും അധാർമ്മികതയും വേർതിരിച്ചറിയാനാവാത്തതുമായ ഒരു പറ്റം വിദ്യാർത്ഥികളും . അമ്മമാരാൽ മാത്രം വളർത്തി കൊണ്ട് വരുന്ന മക്കൾക്ക് പല വിധ വൈകല്യങ്ങൾ ഉണ്ടാകുമെന്ന പഠനം ശരിയാണ് എന്ന് എനിക്കും ഇപ്പോൾ തോന്നി പോകുന്നു.ആ അവസ്ഥയാണ് ഇന്ന് പല വിദ്യാലയങ്ങളിലും .
പുരുഷാധ്യാപകർ അപ്രത്യക്ഷമാകുന്നത് ശമ്പളക്കുറവാണെന്ന് പറയരുത്. (അതല്ലയെന്ന് സമർത്ഥിക്കുന്നില്ല അതിനു മതിയായ തെളിവുകളും ഇല്ല). അത് സത്യത്തെ സ്വർണ്ണ പാത്രം കൊണ്ട് മൂടി വയ്ക്കുന്നതിന് തുല്യമാണ്. ഒരമ്മ മക്കളെ വളർത്തുന്ന രീതിയല്ല അപ്പന്റേത്. അവൻ ഗൗരവക്കാരനും അച്ചടക്കമാഗ്രഹിക്കുന്നവനുമാണ്. അത് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അസാധ്യമാണ് എന്നവന് തോന്നിയതിനാലാണ് അവൻ സ്വമേധയ പിൻമാറി മറ്റ് തൊഴിലുകളിലാശ്രയിക്കുന്നത്.
അപ്പന്റേയും അമ്മയുടെയും സാന്നിധ്യം മക്കളുടെ സമഗ്രമായ വളർച്ചക്ക് അനിവാര്യമെന്നതു പോലെ തന്നെ കലാലയങ്ങളിലും പുരുഷ – വനിതാ അധ്യാപകരുടെ സാന്നിധ്യം ഏറ്റം മഹത്തരമാണ്. വിദ്യാലയത്തിൽ പാഠപുസ്തകങ്ങൾ സ്ത്രൈണ രീതിയിൽ മാത്രമല്ല പൗരുഷ രീതിയിലും പഠിപ്പിക്കേണ്ടതുണ്ട്
.ഒരു കുട്ടി അരുതാത്ത എന്തെങ്കിലും ചെയ്താൽ അതിന് കാരണം അറിവ് പകർന്ന് കൊടുത്ത അധ്യപകരാണെന്ന് പറഞ്ഞ് വിധിവാചകം ഉച്ചരിച്ച് വൈകാരിക വിഷയങ്ങളെ പൊലിപ്പിച്ച് കാണിക്കുന്ന മാധ്യമ പടക്ക് മുമ്പിലേക്ക് സ്വയം വിട്ടു കൊടുക്കരുത്.
( അർഹതപെട്ടത് നേടി കൊടുക്കാൻ അക്ഷീണം പ്രയത്നിക്കുന്ന മാധ്യമ പ്രവർത്തകരെ നന്ദിയോടെ ഓർക്കുന്നു.) വിദ്യാർത്ഥികളുടെ മരണവും കണ്ണീരും കണ്ട് കൈകൊട്ടി ചിരിക്കുവാൻ അവർ മൃഗങ്ങളല്ല. അറിയാത്ത സത്യങ്ങളെ അറിയുന്ന അസത്യങ്ങളോടൊപ്പം കൂട്ടി കുഴക്കരുത്.
മക്കളുടെ കണ്ണീർ കുടിച്ച് ദാഹശമനം നടത്തുന്ന അധ്യാപകരെ നാളിതു വരെ ഞാൻ കണ്ടിട്ടില്ല. (ഉണ്ടോ എന്ന് എനിക്കറിവും ഇല്ല). എന്നാൽ അധ്യാപകരുടെ കണ്ണീർ കണ്ട്, അവരെ വിലങ്ങ് വയ്ക്കുവാൻ ഏതറ്റം വരെ പോകുന്നതുമായ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും പറ്റി എനിക്ക് ലേഖന പരമ്പര എഴുതാനാവും. (പ്രായത്തിന് നിരക്കാത്തതും തെറ്റിലേക്ക് നയിക്കുന്നതുമായ സൗഹൃദം മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയ അധ്യാപകനെ സ്ഥലം മാറ്റണമെന്ന് വാശി പിടിച്ച മാതാപിതാക്കളെ എനിക്കറിയാം)
. 10 വർഷങ്ങൾ കൊണ്ട കയറിയ കലാലയ ശൈലം എന്തുകൊണ്ട് മക്കളുടെ മൃതി മുനമ്പുകളാകുന്നുവെന്നത് എല്ലാവരെയും അമ്പരപ്പിക്കുന്നു. വിജയത്തിന്റെ വിസ്മയം തീർന്ന വിദ്യാലയങ്ങളിൽ പഠിച്ച മക്കളൊക്കെ അര മാർക്ക് കുറയുമ്പോൾ എന്തുകൊണ്ടാണ് വിതുമ്പി കരയുന്നത്? ആത്മഹത്യയിലേക്ക് വഴി മാറുന്നത് ?
പാഠ്യവിഷയങ്ങളിലൊന്നിന് തോൽക്കുന്നത് ഭൂലോക പരാജയമല്ലെന്ന് മക്കൾ പഠിപ്പിക്കുന്നതും ജീവിതത്തിൽ തോറ്റ് പോകുന്നതാണ് സമ്പൂർണ്ണ പരാജയമെന്നും മക്കളുടെ ചങ്കിൽ നാരായം കൊണ്ട് എഴുതി വയ്ക്കണം. എല്ലാ മാതാപിതാക്കളും സമ്പൂർണ്ണ A+ വിദ്യാലയമെന്ന ജലാശയത്തിലേക്കാണ് മക്കളെ നയിക്കുന്നത്.
ആശയവും ആഗ്രഹവും നല്ലതു തന്നെ. വൈദ്യ ശാസ്ത്രവും യന്ത്ര ശാസ്ത്രവും വിദേശ ജോലിയും മാത്രം ലക്ഷ്യമിട്ട് മക്കളെ പഠിപ്പിച്ചാൽ അതിഥി തൊഴിലാളികൾ നാട് നിറയുന്നത് കാണേണ്ടിവരും. എന്നിട്ട് അതിനെ പറ്റി മുഖപുസ്തകത്തിലും മറ്റ് നവമാധ്യമങ്ങളിലും ഉശിരോടെ ലേഖന പരമ്പര എഴുതിയിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.(അവർ മോശക്കാരാണ് എന്ന് ഉദ്ദേശിക്കുന്നില്ല. അതങ്ങനല്ലതാനും).
നമുക്ക് നാളെ ഒരു നല്ല കൽപണിക്കാരൻ വേണം, മരയാശാരി വേണം, തട്ടാൻ വേണം, മേസ്തിരി വേണം, മുടി വെട്ടുകാരൻ വേണം. അതിനായി ചിലർക്കൊക്കെ അധ്യയന രംഗങ്ങളിൽ മികവ് പുലർത്താൻ ദൈവം മികവ് കൊടുത്തിട്ടില്ല. പക്ഷേ മറ്റ് മേഖലകളിൽ അവർ തൊടുന്നത് പൊന്നാകും . എല്ലാവരും വൈദ്യ ശാസ്ത്രജ്ഞൻമാരായാലുള്ള അവസ്ഥ ചിന്തിക്കാനാവുമോ?
എല്ലാവർക്കും A+ കിട്ടിയാലുള്ള അവസ്ഥ ചിന്തിച്ചു നോക്കിയാലും ! അത് മക്കളെ പറഞ്ഞ് മനസ്സിലാക്കുന്നതും വിദ്യാഭ്യാസ മണ്ഡലങ്ങളുടെ ഈർപ്പമാണ്. അത് മനസ്സിലാക്കുന്ന മാതാപിതാക്കൾ മക്കൾ തോറ്റ് പോകുന്ന വേളയിലെ രാത്രികള കണ്ണീരിൽ കുതിർന്ന നിശബ്ദ രാവുകളാക്കില്ല. അത് മനസ്സിലായ മക്കൾ ജീവിതത്തിലെ ഏതു വൈതരണിയും സധൈര്യം കടക്കാൻ പഠിക്കും.
മുഖ പുസ്തകത്തിൽ നിന്ന് കടമെടുത്ത ഒരു കുറിപ്പോടെ അവസാനിപ്പിക്കുന്നു.” കുഞ്ഞുങ്ങളെ പറമ്പിൽ കളിക്കാൻ വിടണം. അവർ തർക്കിക്കണം തല്ല് കൂടണം. ജയിക്കുമ്പോൾ ആർപ്പ് വിളിക്കണം. കളിയാക്കണം. തോൽക്കുമ്പോൾ തോലുരിയുന്ന കൂവൽ കേൾക്കണം. കളിയാക്കൽ കേൾക്കണം. അങ്ങനെ ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന ചെറിയ മുറിവുകളെ അതിജീവിക്കാൻ പഠിക്കട്ടെ .
…………………………..കുറിപ്പ്. ( ഈ ആശയത്തോട് നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം. മറുപടി തരാം.
പക്ഷേ ദയവ് ചെയ്ത് നിലവാരമില്ലാത്ത മറുപടി എഴുതരുത്.) ജെയ്സൺ നരിപ്പാറ
771 comment2 sharesLikeComment

Share