
വടിയെടുത്തു നിയന്ത്രിക്കേണ്ട മലയാള മാധ്യമലോകം
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായി കേരളത്തിലെ മുഖ്യധാരാ – ഓൺലൈൻ മാധ്യമങ്ങൾ മാറിക്കഴിഞ്ഞു. മുമ്പ് പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടത്തിൽ പലരുടെയും ജീവൻ നഷ്ടപെട്ടതുപോലെ ഇന്ന് ചാനലുകൾ റേറ്റിംഗ് കൂട്ടാൻ നടത്തുന്ന മത്സരയോട്ടത്തിൽ അരഞ്ഞു അമരുന്ന ജീവിതങ്ങൾ അനേകം. ഒരു വാർത്ത സത്യസന്ധമായി അവതരിപ്പിക്കുന്ന ഒരു വാർത്താ ചാനൽ പോലും ഇന്ന് കേരളത്തിൽ ഇല്ലാതെയായി. എല്ലാ വാർത്താ ചാനലുകളും അവരവരുടെ അജണ്ടകൾ നടപ്പിലാക്കാനും പണം കൊടുക്കുന്ന മേലാളൻമ്മാരെ തൃപ്തിപ്പെടുത്താനും ഏതറ്റം വരെയും തരംതാഴാൻ മടിയില്ലാത്ത അവസ്ഥയിൽ എത്തിനിൽക്കുന്നു.

സന്ധ്യാ നേരത്തുള്ള നീണ്ട അന്തിചർച്ചകൾ ഒരു ഡിബേറ്റ് എന്ന പോലെയാണ് വാർത്താ ചാനലുകൾ നടത്തുന്നത്. ചാനൽ അവതാരകനാണ് അതിന്റെ മോഡറേറ്റർ. ഡിബേറ്റിൽ പാലിക്കേണ്ട ചില അടിസ്ഥാന തത്വങ്ങളുണ്ട്. ഒരു ഡിബേറ്റിന്റെ ഉദ്ദേശ്യം തന്നെ ഒരു കാര്യത്തിന്റെ പല വശങ്ങളെ കുറിച്ച് യുക്തിസഹജമായി വിലയിരുത്തി അവതരിപ്പിക്കുക എന്നതാണ്. പങ്കെടുക്കുന്നവർക്ക് തുല്യ സമയം വീതിച്ചു കൊടുക്കും. ആശയങ്ങളുടെ വ്യത്യാസം അനുസരിച്ചു തുല്യ അനുപാതത്തിലായിരിക്കും പങ്കെടുക്കുന്നവരുടെ എണ്ണവും. സമയം ക്രമപ്പെടുത്തി എല്ലാവർക്കും സംസാരിക്കാൻ സൗകര്യം ഒരുക്കുക എന്നതാണ് മോഡറേറ്ററുടെ ജോലി. അവതാരകന്റെ “അധികപ്രസംഗം” കേൾക്കാനല്ല; ചർച്ചയ്ക്ക് പങ്കെടുക്കുന്നവരുടെ അഭിപ്രായങ്ങൾ കേൾക്കാനാണ് പ്രേക്ഷകർ ഡിബേറ്റ് കാണുന്നത്. ഡിബേറ്റ് കഴിയുമ്പോൾ കാണുന്ന പ്രേക്ഷകരാണ് ശരി തെറ്റുകൾ മനസിലാക്കിയെടുക്കുന്നത്. മോഡറേറ്റർ വിഷയത്തെക്കുറിച്ചു സ്വന്തം അഭിപ്രായം പോലും പറയാതെ പ്രേക്ഷകർക്ക് ചിന്തിക്കാൻ വിട്ടുകൊടുക്കുന്നതാണ് നിലവാരമുള്ള ഡിബേറ്റുകൾ. ഇതൊക്കെ മാധ്യമ പ്രവർത്തനത്തിന്റെ ബാലപാഠങ്ങളാണ്.
എന്നാൽ, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ, എല്ലാ ഡിബേറ്റുകളും ആരംഭിക്കുന്നത് തന്നെ മോഡറേറ്ററിന്റെ ദീർഘമായ പ്രഭാക്ഷണത്തോടെയാണ്. കടിച്ചാൽപ്പോട്ടാത്ത സിനിമ സ്റ്റൈൽ ഡയലോഗിലൂടെ വിഷയത്തെക്കുറിച്ചുള്ള സ്വന്തം നിലപാടും ചാനലിന്റെ അജണ്ടയും പറഞ്ഞു ഉറപ്പിക്കും. ഇനി അതിനെ സ്ഥാപിക്കുകയാണ് അടുത്ത മിനിറ്റുകളിൽ. ചാനൽ അജൻഡയോടു ചേർന്ന് സംസാരിക്കുന്നവരുടെ എണ്ണം ഭൂരിപക്ഷവും മറുപക്ഷത്തു ദുർബലരായവരെയും കരുതി കൂട്ടി വിളിക്കും. ഉദാഹരണത്തിന്, കത്തോലിക്ക സഭയെ കുറിച്ചുള്ള വാർത്തകളിൽ സഭയെ പ്രതിനിധീകരിച്ചു മാധ്യമങ്ങളിൽ സംസാരിക്കാൻ സഭ ആളുകളെ നിയോഗിച്ചു അവരുടെ വിവരങ്ങൾ കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങൾക്കും സഭാ മേലധികാരികൾ കൊടുത്തിട്ടുണ്ട്. അവരെ ആരെയും ഇന്നേ വരെ ചാനലുകൾ ചർച്ചയ്ക്കു വിളിച്ചിട്ടില്ല. കാരണം, അവരെ വിളിച്ചു സംസാരിപ്പിച്ചാൽ സത്യം ലോകം അറിയും. അജണ്ട പൊളിയും. എത്ര ഗൂഢ ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാൻ വേറെ ഉദാഹരണം ഒന്നും ആവിശ്യം ഇല്ല.
ആർക്കും ആർക്കെതിരെയും ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാൻ സ്വാതന്ത്യമുള്ള ജനാധിപത്യ രാജ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. പ്രതി ചേർക്കപ്പെടുന്ന ആളെ കുറ്റക്കാരനായി വിധിക്കുന്നത് വരെ കുറ്റാരോപിതൻ (accused) എന്നാണ് വിളിക്കുന്നത്. ഈ കുറ്റാരോപിതൻ കുറ്റക്കാരനാണോ എന്ന് അന്വേഷിക്കാനുള്ള ബാധ്യത പോലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കുമാണ്. അത് വാദിച്ചു തെളിയിക്കേണ്ട ഉത്തരവാദിത്വം വാദിക്കു വേണ്ടി കോടതിയിൽ ഹാജരാകുന്ന സർക്കാർ അഭിഭാഷകർക്കാണ്. വിധി പറയേണ്ട ഉത്തരവാദിത്വം ബഹുമാനപെട്ട കോടതിയ്ക്കാണ്. കേരളത്തിൽ ഈ മൂന്ന് ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്തിരിക്കുന്നത് മാധ്യമങ്ങൾ ആണ്. ഒരു കോട്ടും ഇട്ടു അന്തിചർച്ചയിൽ വന്നിരുന്നു ഇവർ സുപ്രീം കോടതി ജഡ്ജിയെവരെ വിധിച്ചുകളയും.
ഇത്തരം ക്രിമിനൽ കേസുകൾ ഉണ്ടാകുമ്പോൾ ഈ മാധ്യമങ്ങൾ ചെയ്യുന്ന സാമൂഹ്യദ്രോഹം; ഇവർ ചില തല്പരകക്ഷികളെ കൂട്ടുപിടിച്ചു ഒരു പൊതുബോധം ഇവർക്ക് അനുകൂലമായി സമൂഹത്തിൽ രൂപീകരിക്കും. അതിനു വേണ്ടി വ്യക്തി ഹത്യ നടത്താനോ അസത്യം പ്രചരിപ്പിക്കാനോ സത്യം മനസിലാക്കിയിട്ടു അത് മൂടി വയ്ക്കാനോ ഒന്നും ഈ മാധ്യമ പ്രവർത്തകർക്ക് മടിയില്ല. ഇവരുടെ ഉദ്ദേശ്യം റേറ്റിങ്ങും പണവും മാത്രമായി മാറിക്കഴിഞ്ഞു. യാതൊരു ധാർമീകതയും പുലർത്താത്ത ഇത്തരം മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ നിന്ന് വിമുക്തരായി സത്യം അന്വേഷിക്കാൻ കഴിവില്ലാത്തവരായി നമ്മുടെ പൊതുസമൂഹത്തെ ഇവർ മാറ്റിയെടുത്തു.

ഇവരെ മറികടന്നു കോടതി സ്വതന്ത്രമായി വിധി പ്രസ്താവിച്ചാൽ കോടതിയെ ഇവർ ആക്രമിക്കും. ഇവരുടെ ഇരകളായി മാനസികവും അതിലൂടെ ശാരീരികവുമായി തളർന്നു ജീവിക്കുന്നവരും കുടുംബം നഷ്ടപെട്ടവരും സൽപ്പേരിന് ഭംഗം വന്നവരും എണ്ണമറ്റവിധം പെരുകികൊണ്ടിരിക്കുന്നു. ഇവർ കൊടുത്ത വാർത്ത വ്യാജമാണെന്ന് സംശയാതീതമായി തെളിഞ്ഞാൽ പോലും ഞങ്ങൾ കൊടുത്ത വാർത്ത തെറ്റിപോയെന്നോ ഞങ്ങളിലൂടെ ജീവിതം നഷ്ടപെട്ടവരോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു എന്നോ മറ്റോ ഈ ചാനൽ മേലാളന്മാർ പറഞ്ഞു കേട്ടിട്ടുണ്ടോ? നീതിബോധത്തിന്റെയും ധാർമീകതയുടെയും മുഖമൂടി അണിഞ്ഞു നമ്മുടെ സ്വീകരണ മുറികളിൽ വലിഞ്ഞു കയറി നമ്മുടെ ചിന്താധാരകളിൽ നിന്ന് സത്യം അന്വേഷിക്കാനുള്ള നമ്മുടെ ശേഷിയെ ദുർബലപ്പെടുത്തുകയാണിവർ.
ഈ ജീർണ്ണിച്ച മാധ്യമ സംസ്കാരത്തിന് ഒരു അറുതി വരുത്തിയെ മതിയാകൂ. സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്ന ഒരുപാട് പേർ ഈ മാധ്യമ സ്ഥാപനങ്ങളിൽ ഉണ്ടെങ്കിലും അതിജീവനത്തിനു വേണ്ടി അവരും ഈ ജീർണ്ണതയിൽ മുങ്ങി താഴേണ്ടി വരുന്നു. കേരളത്തിലെ പൊതു സമൂഹത്തിന്റെ സ്വതന്ത്ര ചിന്തയെ വിലയ്‌ക്കെടുക്കുന്ന ഇത്തരം മുഖ്യധാരാ മാധ്യമങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും നേരെ നിയമസംവിധാനങ്ങൾ വടി എടുത്തു നിയന്ത്രിച്ചില്ലെങ്കിൽ ഇവർ ഒരുക്കികൊണ്ടിരിക്കുന്ന സാമൂഹിക വിപത്തിനു മലയാളി വലിയ വിലകൊടുക്കേണ്ടിവരും.

ഫാ .ജോർജ് പനന്തോട്ടം