
കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000, കുറഞ്ഞ പെന്‍ഷന്‍ 11,500; 80 വയസ് കഴിഞ്ഞവര്‍ക്ക് മാസം ആയിരം രൂപ അധിക ബത്ത: ശമ്പള കമ്മീഷൻ ശുപാർശ
തിരുവനന്തപുരം: നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തത് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷത്തേയ്ക്ക് നീട്ടാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഈ വര്‍ഷം ജീവനക്കാരുടെ വിരമിക്കലുമായി ബന്ധപ്പെട്ട് 5700 കോടി രൂപ വേണ്ടി വരും. വിരമിക്കല്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയാല്‍ സര്‍ക്കാരിന് ഈ ബാധ്യത കുറയ്ക്കാനാകും. ഇതുകൊണ്ട് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്നല്ല ഉദ്ദേശിക്കുന്നതെന്നും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ആദ്യ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ശമ്പള കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പത്തുശതമാനം വര്‍ധിപ്പിക്കാന്‍ ശമ്പള കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 ആക്കണമെന്നുള്ള ശുപാര്‍ശ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ശമ്പള പരിഷ്‌കരണത്തിന് 2019 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടാകണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
നിലവില്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം 16,500 രൂപയാണ്. ഇതാണ് 23,000 ആയി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്. കൂടിയ അടിസ്ഥാന ശമ്പളം 1,66,800 രൂപയാക്കി ഉയര്‍ത്തണം.വീട്ടു വാടക ബത്ത വര്‍ധിപ്പിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കോര്‍പറേഷന്‍ പരിധിയില്‍ 10 ശതമാനമാക്കണം. ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മുന്‍സിപ്പാലിറ്റികളില്‍ എട്ടു ശതമാനവും മറ്റു മുന്‍സിപ്പാലിറ്റികളില്‍ ആറു ശതമാനവും നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. പഞ്ചായത്ത് പരിധിയില്‍ ഇത് അടിസ്ഥാന ശമ്പളത്തിന്റെ നാലുശതമാനമാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. നഗര അലവന്‍സ് നിര്‍ത്താലാക്കാനും ശുപാര്‍ശയില്‍ പറയുന്നു. കുറഞ്ഞ ഇന്‍ക്രിമെന്റ് 700 രൂപയായും കൂടിയത് 3400 രൂപയായും വര്‍ധിപ്പിക്കാനും ശുപാര്‍ശയില്‍ പറയുന്നു.
കുറഞ്ഞ പെന്‍ഷന്‍ 11,500 ആക്കാനും കൂടിയ പെന്‍ഷന്‍ 83,400 ആക്കി പരിഷ്‌കരിക്കാനും ശുപാര്‍ശ ചെയ്തു. വില്ലേജ് ഓഫീസര്‍മാര്‍ക്ക്
1500 രൂപ സ്‌പെഷ്യല്‍ അലവന്‍സ് നല്‍കണം. അടുത്ത ശമ്പള പരിഷകരണം 2026 ജനുവരിയ്ക്ക് ശേഷം മാത്രമേ നടത്താവൂ. തുല്യത ഉറപ്പാക്കാന്‍ 2026ലെ കേന്ദ്ര ശമ്പള പരിഷ്‌കരണത്തിന് കാത്തുനില്‍ക്കണമെന്ന് ശുപാര്‍ശയില്‍ പറയുന്നു. നിലവില്‍ അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ശമ്പള പരിഷ്‌കരണം നടത്തുന്നത്. ഇതനുസരിച്ച 2024ല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതാണ്. എന്നാല്‍ രണ്ടുവര്‍ഷം കൂടി നീ്ട്ടിവെയ്ക്കാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്്തത്.
ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന ഗ്രാറ്റിയൂവിറ്റി തുക വര്‍ധിപ്പിക്കാം. നിലവില്‍ 14 ലക്ഷമാണ് ഗ്രാറ്റിയുവിറ്റിയായി നല്‍കുന്നത്. ഇത് 17 ലക്ഷമാക്കണമെന്ന് ശുപാര്‍ശയില്‍ പറയുന്നു.എണ്‍പത് വയസ് കഴിഞ്ഞവര്‍ക്ക് മാസം ആയിരം രൂപ അധിക ബത്തയായി നല്‍കണം. പെന്‍ഷന്‍ തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം മാറ്റാന്‍ നിര്‍ദേശിച്ചു. അവസാനം ലഭിച്ച ശമ്പളത്തിന്റെ പകുതിയാക്കി പെന്‍ഷന്‍ തുക പുതുക്കി നിശ്ചയിക്കാനാണ് ശുപാര്‍ശ ചെയ്തത്. പിതൃത്വ അവധി 10 ദിവസം 15 ആക്കണം. പാര്‍ട്ട് ടൈം കണ്ടിജെന്റ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനും ശുപാര്‍ശ ചെയ്തു. കുറഞ്ഞ ശമ്പളം 11,500 ഉം കൂടിയ ശമ്പളം 22,970 രൂപയായും ഉയര്‍ത്താനും ശുപാര്‍ശ ചെയ്തു. നിലവില്‍ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് 4810 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.