ദീപിക പത്രത്തിൻ്റ തൃശൂർ ബ്യുറോ ചീഫ് ശ്രീ ഫാങ്കോ ലൂയിസ് ഇന്ന് വിരമിക്കുകയാണ്|ആശംസകൾ

Share News

പത്രപ്രവർത്തന മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണ്.

ഇന്ന് രാവിലെ ദീപികയുടെ തൃശൂർ ഓഫീസിലെത്തി അദ്ദേഹത്തെ ആദരിച്ചു. തുടർന്നും അദ്ദേഹത്തിന് വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കാൻ സാധിക്കട്ടെ

ഇരുപത്തൊന്നാം വയസില്‍ പത്തിരുപതു പെയിന്റിംഗുകളുമായി ദീപികയുടെ ടൗണ്‍ ബ്യൂറോയിലേക്ക് പടികയറിച്ചെല്ലുമ്പോള്‍ ചീഫ് അവിടെയില്ല. അല്പം കാത്തിരുന്നപ്പോഴേക്കും സുമുഖനും ഗംഭീരനുമായൊരാള്‍ എത്തി. ഒരു സിഗരറ്റ് വലിച്ചു കഴിഞ്ഞുള്ള വരവാണെന്നു തോന്നി. ചീഫ്- ഫ്രാങ്കോ ലൂയിസ്.

സുഹൃത്തായ റിപ്പോര്‍ട്ടര്‍ എന്നെ പരിചയപ്പെടുത്തിയിട്ടു പറഞ്ഞു, ദീപികയില്‍ പത്രപ്രവര്‍ത്തകനാവാന്‍ വന്നയാളാണ്. കട്ടിക്കണ്ണടയിലൂടെ ഒന്നുനോക്കി. അത്യാവശ്യം പടംവരയ്ക്കുമെന്നു പറഞ്ഞ് റിപ്പോര്‍ട്ടര്‍ എന്റെ പെയിന്റിംഗുകള്‍ മുന്നിലേക്കു വച്ചു. ചുരുളുകള്‍ നിവര്‍ത്തി ഒറ്റനോട്ടംനോക്കി ഒന്നിരുത്തി മൂളി. പത്രപ്രവര്‍ത്തകന് എന്തു പടംവര എന്നു തോന്നിക്കാണണം. ഉടനെ വെളിയന്നൂരിലെ ദീപിക കാമ്പസില്‍ച്ചെന്ന് റസിഡന്റ് എഡിറ്റര്‍ എന്‍.എസ്. ജോര്‍ജ് സാറിനെ കാണാന്‍ നിര്‍ദേശവും വന്നു.പിറ്റേന്നു മുതല്‍ ചെറിയ ഇടവേളകളൊഴിച്ചാല്‍ ഏതാണ്ട് നിത്യവും കാണുന്ന മുഖമാണ് ചീഫിന്റേത്. തൃശൂര്‍ ദീപികയുടെ മുഖവും ശബ്ദവും ധൈര്യവുമായൊരാള്‍! നാമം മാത്രം ധാരാളം എന്നു പറഞ്ഞപോലെ- ഫ്രാങ്കോ ലൂയിസ്!. അദ്ദേഹം ദീപികയില്‍നിന്ന് പടിയിറങ്ങുകയാണിന്ന്. പൊരുത്തപ്പെടാന്‍ പ്രയാസം തോന്നുന്ന റിട്ടയര്‍മെന്റ്!

വാര്‍ത്ത കണ്ടെത്തുന്നതും നല്ല പത്രമുണ്ടാക്കുന്നതും മാത്രമല്ല ഒരു പത്രപ്രവര്‍ത്തകന്റെ മികവ്- പിന്‍ഗാമികളെ രൂപപ്പെടുത്തുന്നതുകൂടിയാണ്. അവര്‍ക്ക് അര്‍ഹമായ പ്രോത്സാഹനവും ആവശ്യമെങ്കില്‍ കണ്ണടിച്ചുപോകുന്ന ചീത്തയും ഫ്രാങ്കോ സാറിന്റെ കൈവശം റെഡിയായിരുന്നു. സാറിനെ പേടിച്ച് സ്ഥിരം നൈറ്റ് ഷിഫ്റ്റ് ചോദിച്ചുവാങ്ങിയിരുന്ന റിപ്പോര്‍ട്ടര്‍പോലുമുണ്ട് (ട്രോളല്ല)!

വാര്‍ത്തയും പത്രവും അവിടെ നില്‍ക്കട്ടെ. കൂട്ടായ്മയും പൊട്ടിച്ചിരികളും സ്‌നേഹവും തുടരട്ടെ. പ്രിയപ്പെട്ട ചീഫിന് ചിയേഴ്‌സ്!!

***ചിത്രം:ഏതാണ്ട് പത്തുകൊല്ലം മുമ്പ് അജ്ഞാതമായൊരു തേയിലത്തോട്ടത്തിൽ സാറും ഞാനും

Hariprasad Ramakrishnan

Share News