എയർപോർട്ട് മാനേജിങ്ങ് ഡയറക്ടർ ആയി കഴിഞ്ഞ ദിവസം വിരമിച്ച ശ്രീ വി ജെ കുര്യൻ. |അദ്ദേഹത്തിൻ്റെ അറിവ് നവ കേരള നിർമ്മിതിക്ക് അടുത്ത തലമുറക്ക് വേണം. |
കാണുന്നതിലും വലുതായ ഒരാൾ..
U N എന്നിലെ ജീവിതത്തിലെ ഏറ്റവും വലിയെ നേട്ടങ്ങളിൽ ഒന്ന് ലോകത്തെ അനവധി രാജ്യങ്ങളിൽ നിന്നുള്ള അനവധി മികവാർന്ന വ്യക്തിത്വങ്ങളെ അറിയാനും പരിചയപ്പെടാനും സാധിക്കുന്നു എന്നതാണ്.
ഇത്തരത്തിൽ പരിചയപ്പെടുന്നവരിൽ ഞാൻ ബഹുമാനിക്കുകയും വീണ്ടും ഓർത്തിരിക്കുകയും ചെയ്യുന്നത് രണ്ടു തരം ആളുകളെ ആണ്. ഒന്ന് ആശയങ്ങൾ കൊണ്ട് നമ്മളെ അതിശയിപ്പിക്കുന്നവർ. ഇവർ ഏത് രംഗത്ത് നിന്നുമാകാം. രാഷ്ട്രീയം ആകാം, ഗവേഷണം ആകാം, സിനിമ ആകാം, സംഗീതം ആകാം. രാജ്യതലവൻ തൊട്ട് സ്പോർട്സ് താരം വരെ ഏത് നിലയിൽ ജോലി ചെയ്യുന്നവരുമാകാം. പക്ഷെ അവരോട് സംസാരിച്ചു കഴിയുമ്പോൾ ആശയപരമായി നമ്മെ അമ്പരപ്പിക്കുന്ന പുതിയത് എന്തെങ്കിലും നമുക്ക് ലഭിക്കും, ചിലപ്പോൾ പുതിയൊരു വീക്ഷണ കോൺ തന്നെ.
രണ്ടാമത്തെ കൂട്ടർ “ഇന്സ്ടിട്യൂഷൻ ബിൽഡേഴ്‌സ്” ആണ്. ഇവർ പൊതുവെ സംസാരം കുറവായിരിക്കും, പക്ഷെ ഏതെങ്കിലും ഒരു പ്രസ്ഥാനം, അതൊരു പാർട്ടി ആകാം, എൻ ജി ഓ ആകാം, ഗവേഷണ സ്ഥാപനം ആകാം, ബിസിനസ്സ് ആകാം. പക്ഷെ എന്താണെങ്കിലും അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം എ പ്രസ്ഥാനം വളർത്തിയെടുക്കാൻ വേണ്ടി ചിലവഴിച്ചവർ ആയിരിക്കും. ആ വിഷയത്തിൽ സംസാരിച്ചു തുടങ്ങിയാൽ അവർ വാചാലരാകും, വേണമെങ്കിൽ അല്പം പൊസ്സസീവും. അതിനപ്പുറം ഉള്ള കാര്യങ്ങളിൽ പൊതുവെ താല്പര്യം കുറവ്, അല്ലെങ്കിൽ ബാലൻസ്‌ഡ് ആയിട്ടുള്ള അഭിപ്രായം.
ആശയങ്ങളുടെ വിത്തെറിഞ്ഞു കടന്നു പോകാൻ വായനയും, അറിവും, ചിന്തയും ഒക്കെ വേണം. പക്ഷെ അതിനപ്പുറം അവരുടെ ദൈനംദിന ജീവിതത്തെ അതൊട്ടും ബാധിക്കില്ല. അവർക്ക് ഇഷ്ടമുളളത് പോലെ ജീവിക്കാം, എവിടെയും ജോലി ചെയ്യാം, യാത്ര ചെയ്യാം. കാര്യങ്ങൾ എളുപ്പമാണ്.
പക്ഷെ ഇൻസ്റ്റിറ്റിയൂഷൻ ബിൽഡിങ് അങ്ങനെയല്ല. ചുരുങ്ങിയത് ജീവിതത്തിന്റെ പത്തു വർഷങ്ങൾ എങ്കിലും ഒരു പ്രസ്ഥാനത്തിനായി മാറ്റി വക്കണം, പലപ്പോഴും അതിനപ്പുറവും. ആ പ്രസ്ഥാനം വളരുന്നത് ആ ഇൻസ്റ്റിറ്റിയൂഷൻ ബിൽഡറുടെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകളിൽ നിന്നും ഊർജ്ജം വലിച്ചെടുത്താണ്. ഒരു വ്യക്തി എന്ന നിലയിൽ ഔദ്യോഗിക രംഗത്ത് ഉണ്ടാകാവുന്ന ഏറെ തൊഴിൽ സാദ്ധ്യതകൾ, പണം ഉണ്ടാക്കാനുള്ള സാദ്ധ്യതകൾ, യാത്ര ചെയ്യാനുള്ള അവസരം, കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള അവസരം ഇതൊക്കെ മാറ്റിവച്ചിട്ടായിരിക്കും അവർ പ്രസ്ഥാനത്തെ നിർമ്മിച്ചെടുക്കുക. ഒടുവിൽ പ്രസ്ഥാനം അവർ ചിന്തിച്ച പോലെ നന്നായി വരുമ്പോൾ അതിന് അംഗീകാരം കിട്ടിയെന്നു വരാം, ചിലപ്പോൾ ഇല്ലെന്നും. പക്ഷെ ഇത്തരം ആളുകൾക്ക് ആ പ്രസ്ഥാനം ആണ് ജീവൻ, ജീവിതവും.
ഈ രണ്ടു തരത്തിൽ പെട്ട ആളുകളെ അടുത്ത് പരിചയപ്പെടുമ്പോൾ ഞാൻ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യം ഉണ്ട്. ദൂരെ നിന്നും പറഞ്ഞു കേട്ട പോലെ തന്നെ ഉള്ളവർ ആയിരിക്കും കുറച്ചൊക്കെ. പലരും തൊട്ടടുത്തെത്തുമ്പോൾ അല്പം ഊതി വീർപ്പിച്ച ബലൂൺ പോലെ ഉള്ളവരാണ്, പുറമെ നിന്നുള്ള ഇമേജ് ബില്ഡിങ്ങിന്റെ പുറത്താണ് പ്രസിദ്ധി. പക്ഷെ അപൂർവ്വമായി ചിലർ നമ്മൾ കേട്ടിട്ടുള്ളതിലും അപ്പുറത്ത് ആത്മാർത്ഥതയും അർപ്പണബോധവും ലാളിത്യവും കൊണ്ട് നമ്മെ അതിശയിപ്പിക്കും.
ഇത്തരത്തിൽ കേട്ടറിഞ്ഞതിലും ഏറെ ഉയരത്തിൽ നിൽക്കുന്ന ഉള്ള ഒരാളായിരുന്നു കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് മാനേജിങ്ങ് ഡയറക്ടർ ആയി കഴിഞ്ഞ ദിവസം വിരമിച്ച ശ്രീ വി ജെ കുര്യൻ.
കൊച്ചി വിമാനത്താവളത്തിലെ സോളാർ പദ്ധതിയെ പറ്റി വായിച്ചറിഞ്ഞ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ തലവൻ കൊച്ചി വിമാനത്താവളം സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിച്ചപ്പോഴാണ് ഞാൻ ശ്രീ കുര്യനെ നേരിട്ട് പരിചയപ്പെടുന്നത്.
ഇന്ന് കേരളത്തിന് അഭിമാനവും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ സ്ഥാപനവും, ലക്ഷക്കണക്കിന് മലയാളികൾക്ക് യാത്ര സൗകര്യവും ഒക്കെ യായ കൊച്ചി വിമാനത്താവളം ഉണ്ടാക്കിയെടുത്തത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല നാളുകൾ അതിലേക്ക് നിക്ഷേപിച്ചിട്ടാണ്.
ഒരു വെയ്റ്റിംഗ് ഷെഡ് പോലും നിർമ്മിക്കാൻ എത്രയോ കടമ്പകൾ ഉള്ള കേരളത്തിൽ ഒരു വിമാനത്താവളം ഉണ്ടാക്കുക, അത് തന്നെ സർക്കാർ സ്വകാര്യ പങ്കാളിത്തത്തിൽ. കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടും അഴിമതി ആരോപണങ്ങൾ ഉണ്ടാകാതിരിക്കുക, ഉള്ള പ്രസ്ഥാനങ്ങൾ തന്നെ നഷ്ടത്തിൽ ആവുമ്പോൾ പുതിയതായി ഒരു പ്രസ്ഥാനം ഉണ്ടാക്കി അത് വിജയകരമാക്കുക, വിജയകരമായ പ്രസ്ഥാനത്തിൽ തന്നെ കൂടുതൽ ആധുനികമായ സോളാർ പോലുള്ള ആശയങ്ങൾ കൊണ്ടുവരിക, അതിൻ്റെ ഉള്ളിലും ഒരു സാധാരണക്കാരനെ പോലെ അല്പം ജൈവ കൃഷി ചെയ്യുക. ജീവിതത്തിലെ പത്തൊമ്പത് വർഷം അതിനായി മാറ്റി വക്കുക, റിട്ടയർ ചെയ്തതിന് ശേഷം ഇന്ത്യയിലെ സ്വകാര്യ വിമാനത്താവളങ്ങളിലോ ലോകത്ത് മറ്റെവിടെയോ ഇപ്പോഴത്തേതിന്റെ പത്തിരട്ടി ശമ്പളം വാങ്ങാൻ അവസരം ഉണ്ടായിട്ടും സ്വന്തം പ്രസ്ഥാനത്തെ കൂടുതൽ പുഷ്ടിപ്പെടുത്താൻ അതിനോടൊപ്പം നിൽക്കുക. ഇതൊക്കെ ഒരു യഥാർത്ഥ ഇൻസ്റ്റിറ്റിയൂഷൻ ബിൽഡർക്ക് മാത്രം സാധിക്കുന്നതാണ്.
അദ്ദേഹത്തിന്റെ റിട്ടയർമെന്റ് പ്ലാനുകൾ എന്താണെന്ന് എനിക്കറിയില്ല. പക്ഷെ രണ്ടു ആഗ്രഹങ്ങൾ എനിക്കുണ്ട്.
1. ഒരു വിമാനത്താവളം സോളാർ ആക്കുക എന്നത് ഒരു നിസാരമായ സാങ്കേതിക കാര്യമല്ല. ഏറെ നിയന്ത്രണങ്ങൾ ഉള്ള പ്രദേശമാണ് വിമാനത്താവളങ്ങൾ. അവിടെ ഒരു കുഴി കുഴിക്കണം എങ്കിൽ പോലും നിയമങ്ങൾ ഉണ്ട്. ഇതൊക്കെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉള്ളതാണ്. അപ്പോൾ ഒരു വിമാനത്താവളത്തെ സമ്പൂർണ്ണ സോളാർ ആക്കുക എന്ന് വച്ചാൽ സോളാർ ടെക്‌നോളജിയിൽ മാത്രമല്ല എയർപോർട്ട് സ്പേസ് മാനജെൻമെന്റിലും ഏറെ വിജ്ഞാനം കൊച്ചി വിമാനത്താവളത്തിന് ഉണ്ട്. ലോകത്ത് ഏതാണ്ട് അമ്പതിനായിരം വിമാനത്താവളങ്ങൾ ഉണ്ട് എന്നാണ് കണക്ക്. അതിൽ ഒരു ശതമാനം എങ്കിലും കൊച്ചി പോലെ സോളാർ ആക്കിയാൽ അതൊരു വലിയ കാര്യം ആയിരിക്കും.
വിമാനത്താവളത്തെ സോളാർ ആകുന്നതിന് മാത്രമായി ഒരു കൺസൾട്ടൻസി കേരളത്തിൽ തുടങ്ങിയാൽ (അല്ലെങ്കിൽ ദുബായ് ബേസ് ആയി തുടങ്ങിയാൽ) അത് കൊച്ചി വിമാനത്താവളത്തിലും കൂടുതൽ പേര് കേൾക്കുന്നറ്റും വരുമാനമുള്ളതും ആയി മാറാം. ഒന്ന് ചിന്തിച്ചു നോക്കണം.
2. “കേരളത്തിൽ ഒന്നും നടക്കില്ല” എന്ന് പൊതുവെ ആളുകൾ പറയുന്നതും ഞങ്ങൾ എൻ ആർ ഐ കൾ ഒക്കെ ഏറ്റു പറയുന്നതും ആയ കാര്യമാണ്. അപ്പോൾ കേരളത്തിലെ പോളിസി യുവാക്കളായ രാഷ്ട്രീയ നേതൃത്വം (മന്ത്രിമാർ, എം എൽ എ മാർ ഉൾപ്പടെ), ഐ എ എസ് ഉദ്യോഗസ്ഥർ, എൻജിനീയർമാർ ഇവർക്ക് വേണ്ടി മാത്രം ഒരു ലെക്ച്ചർ സീരീസ് നടത്തണം. ആശയങ്ങൾ ഉള്ളവർ എത്ര വേണമെങ്കിലും ഉണ്ട്, പക്ഷെ അത് പ്രയോഗത്തിൽ കാണിച്ചു കൊടുക്കാൻ അനവധി പേർ നമുക്കില്ല.
അതിൽ ഒന്നാമതാണ് ശ്രീ കുര്യൻ, അദ്ദേഹത്തിൻ്റെ അറിവ് നവ കേരള നിർമ്മിതിക്ക് അടുത്ത തലമുറക്ക് വേണം.
മുരളി തുമ്മാരുകുടി
ആശംസകൾ