
മുല്ലപ്പെരിയാര്‍: പാട്ടക്കരാര്‍ റദ്ദാക്കാന്സുപ്രീംകോടതിയില് ഹര്‍ജി
കാലപ്പഴക്കവും ബലക്ഷയവുംമൂലം 50 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് അവിടെ നിലനില്‍ക്കുന്നതിന് കാരണമായിരിക്കുന്ന 1886- ലെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന “സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്” സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പ്രത്യേക അനുമതി ഹര്‍ജി (സ്പെഷല്‍ ലീവ് പെറ്റീഷന്) വരുംദിവസങ്ങളില്‍ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതിയുടെ പരിഗണിനയ്ക്കു വരും. അഡ്വക്കറ്റ് വില്‍സ് മാത്യൂ മുഖേന, മുല്ലപ്പെരിയാര്‍ സമരസമതി സെക്രട്ടറിയും ”സുരക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ്” ഡയറക്ടറുമായ ഷാജി പി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയാണ് വാദം കേള്‍ക്കാനായി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.
125 വര്‍ഷങ്ങള്‍ പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. 15 ടിഎംസി വെള്ളം തടഞ്ഞുനിര്‍ത്തുന്ന ഈ അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് വ്യക്തമാക്കി നിരവധി പഠനറിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇവയിലെ വെളിപ്പെടുത്തലുകളൊന്നും വേണ്ടവിധം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയാതെപോയതിനാല്‍ ഡാമിലെ ജലനിരപ്പ് 152 അടി ആയി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് തമിഴ്നാട് സർക്കാർ. തമിഴ്നാടിന്റെ ഈ നീക്കത്തിനെതിരേയാണ് പുതിയ ഹര്‍ജിയുമായി “സുരക്ഷ” സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
1886 -ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കാന്‍ തിരുവിതാംകൂര്‍ മഹാരാജാവും മദ്രാസ് പ്രസിഡന്‍സിയും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ 999 വര്‍ഷത്തേക്കുള്ളതാണ്. എന്നാല്‍ കരാറിലെ വ്യവസ്ഥപ്രകാരം, കാലാവധി തീരും മുമ്പ് പാട്ടക്കാരനായ തമിഴ്നാട് ആവശ്യപ്പെടുന്നപക്ഷം വീണ്ടും അടുത്ത 999 വര്‍ഷത്തേക്കുകൂടി കരാർ പുതുക്കി നല്കാന് ഭൂവുടമയായ കേരളത്തിന് ബാധ്യതയുണ്ട്. ചുരുക്കത്തില്‍ ലോകാവസാനത്തോളം നിലനില്‍ക്കുന്ന വിധത്തിലാണ് ഈ കരാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ കരാറില്‍ തന്നെയുള്ള ചില പഴുതുകള്‍ ഉപയോഗിച്ചാണ് പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ”സുരക്ഷ” സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
“സുരക്ഷ” ഉയർത്തുന്ന വാദങ്ങൾ എന്തൊക്കെ ?
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു സുപ്രീംകോടതി ഉണ്ടാകുന്നത് 2006 ഫെബ്രുവരിയില്‍ ആയിരുന്നു. “മുല്ലപ്പെരിയാര്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഫോറം Vs യൂണിയന് ഓഫ് ഇന്ത്യ” കേസില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലസംഭരണശേഷി 136 അടിയില്‍നിന്ന് 142 അടിയിലേക്ക് ഉയര്ത്തവാന് തമിഴ്നാടിന് അനുവാദം നല്‍കുന്നതായിരുന്നു വിധി. കൂടാതെ, ഡാമിന്റെ ബലപ്പെടുത്തലുകള്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളുമായി തമിഴ്നാടിന് മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി വിധിച്ചു. കേരളം ഉയര്‍ത്തിയ എല്ലാ വാദങ്ങളെയും നിരാകരിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഈ വിധി.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേരള നിയമസഭ ഐക്യകണ്ഠ്യേന “കേരള ഇറിഗേഷന്‍ ഭേദഗതി നിയമം – 2006” പാസാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലസംഭരണശേഷി 136 അടിയെന്ന് നിജപ്പെടുത്തി. ഈ ഭേദഗതി നിയമത്തെ ചോദ്യംചെയ്ത് തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിനെതിരേ അതേവര്‍ഷം തന്നെ സുപ്രീംകോടതയില്‍ പോയി. കേരളനിയമസഭ പാസാക്കിയ നിയമം സുപ്രീംകോടതി നിയമത്തെ മറികടക്കാനുള്ള ഉദ്ദേശ്യത്തോടെ ഉണ്ടാക്കിയതാണെന്നും അതിനാല്‍ ഈ ഭേദഗതികളില്‍ മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച കാര്യങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ട് കേരളനിയമസഭ പാസാക്കിയ ഭേദഗതി നിയമം റദ്ദുചെയ്യപ്പെടേണ്ടതാണെന്നും തമിഴ്നാട് വാദിച്ചു. അതോടൊപ്പം, മുല്ലപ്പെരിയാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് കേരളത്തെ അനുവദിക്കരുതെന്നും അത് ചെയ്യാന്‍ തമിഴ്നാടിനെ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സുദീര്‍ഘമായ വാദപ്രതിവാദങ്ങളുടെ ഫലമായി മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുവാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ചു. മുന്‍ ചീഫ് ജസ്റ്റീസ് എ.എസ് ആനന്ദ് നേതൃത്വം നല്കിയ ഈ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി റിട്ടയേര്‍ഡ് ജസ്റ്റിസ് കെ.ടി തോമസ്, തമിഴ്നാടിനെ പ്രതിനിധീകരിച്ച് ജസ്റ്റീസ് ലക്ഷ്മണ, സാങ്കേതികവിദഗ്ധരായ ഡോ തട്ടേ, ഡോ മേത്ത എന്നിവരും ഉണ്ടായിരുന്നു.
സുപ്രീംകോടതി നിയമിച്ച അഞ്ചംഗസമിതി ഡാം സന്ദര്‍ശിക്കുകയും വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. കമ്മിറ്റിയുടെ ആവശ്യപ്രകാരം സാങ്കേതികവിദഗ്ധരുടെ നേതൃത്വത്തില്‍ ഡാമിന്റെ അടിയില്‍ നടത്തിയ പരിശോധനാ ഫലങ്ങളും ഉള്‍പ്പെടുത്തിയാണ് സമിതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
എട്ടുവര്‍ഷം നീണ്ട പഠനങ്ങളുടെയും നിയമയുദ്ധങ്ങളുടെയും ഒടുവില്‍ 2014-ലാണ് ഈ കേസിന്റെ അന്തിമവിധി വരുന്നത്. കേരള നിയമസഭ പാസാക്കിയ ഭേദഗതി നിയമം സുപ്രീംകോടതിയുടെ 2006ലെ വിധിയെ മറികടക്കാന്‍ വേണ്ടിയുള്ളതാണെന്ന് സുപ്രീംകോടതി കണ്ടെത്തുകയും ആയതിനാല്‍ ഭേദഗതി നിയമത്തിലെ മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച വകുപ്പുകള്‍ റദ്ദാക്കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി 142 അടിയായി ഉയര്‍ത്താനും ഡാമിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് തമിഴ്നാടിനെ അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ ഡാം പൂര്‍ണ്ണമായി ബലപ്പെടുത്തയിതിനു ശേഷം പൂര്‍ണ്ണ സംഭരണശേഷിയായ 152 അടി വരെ ജലം സംഭരിക്കാമെന്നും സുപ്രീം കോടതി ഉത്തരവായി.
എന്നാല്‍ വിദഗ്ധസമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് ഡാമിന്റെ ഘടനാഭദ്രത (structural safety), സമയബന്ധിതമായി ഉറപ്പുവരത്തുന്നതിനായി താഴെപ്പറയുന്ന അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കണമെന്ന് പ്രത്യേകം
നിഷ്കര്‍ഷിച്ചിരുന്നു:“Following maintenance and repair measures, should however be carried out in a time bound manner: i) treatment of upstream surface ii) reaming of drainage holes iii) instrumentation iv) periodical monitoring, analysis and leading away the seepage from toe of the dam towards downstream v) geodetic re-affirmation etc. vi) the dam body should be grouted with a properly designed grout mix of fine cement/suitable chemical /epoxy/polymer according to expert advice so that its safety continues to remain present.”
വിദഗ്ധസമതി സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവസാന അധ്യായമായി “The way forward” (മുന്നോട്ടുള്ള വഴി) എന്ന ഭാഗം സപ്രീംകോടതി വിധിന്യായത്തിൽ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഡാമിന്റെ ഭാവിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ് വിദഗ്ധ സമിതി ഈ അധ്യായത്തിൽ നിര്‍ദ്ദേശിച്ചിരുന്നത്.
അതിൽ ഒന്നാമതായി, കേരളം നിര്‍ദേശിച്ചതുപോലെ ഒരു പുതിയ ഡാം പണിയുക. എന്നാല്‍ ഈ നിര്‍ദേശം തമിഴ്നാട് നിരാകരിച്ചതിനാല്‍ ഈ കാര്യം തമിഴ്നാടിനുമേല് അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇതിന് പകരമായി കാലപ്പഴക്കംകൊണ്ടോ ഭൂചലനംകൊണ്ടോ അതുപോലെയുള്ള മറ്റ് കാരണങ്ങളാലോ ഡാമിന് അപകടമുണ്ടായാല്‍ പെട്ടെന്ന് ജലം ഒഴുക്കിക്കളഞ്ഞ് അപകടം കുറയ്ക്കുന്നതിനായി ഡാമിന്റെ സാധ്യമായ ഏറ്റവും താഴ്ന്ന ഭാഗത്ത് ഒരു ടണല്‍ (evacuation tunnel) നിര്മിച്ച്ജലം അതിവേഗം ഒഴുക്കിക്കൊണ്ടുപോകുവാനുള്ള സംവിധാനം ഒരുക്കണമെന്ന് നിര്‍ദേശിച്ചു. ഇതിനുള്ള പഠനം വിധി വന്ന് ഒരു വര്‍ഷത്തിനകം (2015 മേയ് മാസത്തിനകം) തമിഴ്നാട് പൂര്‍ത്തിയാക്കേണ്ടതാണ്. തുടര്‍ന്ന് സമയബന്ധിതമായി ടണല്‍ നിര്‍മാണവും സ്വന്തം ചെലവില്‍ പൂര്‍ത്തിയാക്കണം.
രണ്ടാമതായി, 2014ലെ വിധിന്യായത്തില്‍ സുപ്രീംകേടതി ആവശ്യപ്പെടുന്ന മറ്റൊരു കാര്യം, ഡാമിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നിര്‍ദ്ദേശിക്കുന്നതിനും ആവശ്യസമയത്ത് യുക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഒരു മൂന്നംഗ “സൂപ്പര്‍വൈസറി കമ്മിറ്റി”യെ നിയമിക്കണമെന്നതാണ്. കേന്ദ്ര ജല കമ്മീഷന് പ്രതിനിധി അധ്യക്ഷനായും കേരള തമിഴ്നാട് സര്‍ക്കാരുകളുടെ പ്രതിനിധികള്‍ അംഗങ്ങളായും രൂപവല്‍ക്കരിക്കേണ്ട കമ്മിറ്റിയുടെ ഓഫീസ് കേരളത്തില്‍ പ്രവര്‍ത്തിക്കുകയും എല്ലാവിധ ചെലവുകളും തമിഴ്നാടു സർക്കാർ വഹിക്കേണ്ടതാണെന്നും വ്യക്തമാക്കിയിരുന്നു.
2020 മേയ് മാസത്തില്‍ “സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്” വിവരാവകാശ നിയമനുസരിച്ച് 2014ലെ സുപ്രീം കോടതി വിധിയില്‍ നിര്‍ദ്ദേശിച്ച അടിയന്തര സ്വഭാവമുള്ള അറ്റകുറ്റപ്പണികളേപ്പറ്റിയും ഇവാക്കുവേഷന് ടണലിനെപ്പറ്റിയും (evacuation tunnel) ഉള്ള വിശദീകരണങ്ങള്‍ രേഖാമൂലം ആവശ്യപ്പെടുകയുണ്ടായി. അത്ഭുതമെന്നു പറയട്ടെ, സൂപ്പര്‍വൈസറി കമ്മിറ്റിയുടെ അധ്യക്ഷന്‍ നല്കിയ മറുപടി ഈ കാര്യങ്ങളൊന്നും തങ്ങള്‍ ഇതുവരെയും ചെയ്തിട്ടില്ല എന്നതായിരുന്നു!
വിവരാവകാശ കമ്മീഷൻ രേഖ വെളിവാക്കുന്നത് ഡാം സുരക്ഷിതമായി നിലനിര്‍ത്തുവാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച അടിയന്തര അറ്റകുറ്റപ്പണികള്‍ ആറുവര്‍ഷമായിട്ടും നടത്താത്തിനാല്‍ ഡാം വീണ്ടും ദുര്‍ബലമായിരിക്കുന്നു എന്നാണ്. അതോടൊപ്പം തന്നെ തുടരെത്തുടരെ ഭൂമികുലുക്കം രേഖപ്പെടുത്തുന്ന ഈ പ്രദേശത്ത് സുപ്രീംകോടതി നിര്‍ദ്ദേശിച്ച ഇവാക്കുവേഷന് ടണല്‍ നിര്‍മിക്കാത്തത് സുപ്രീംകോടതി വിധിയുടെ ലംഘനം മാത്രമല്ല, ഇന്ത്യയിലെ ഡാം സുരക്ഷാ അഥോറിറ്റിയുടെ എല്ലാ ഡാമുകള്ക്കുമുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധവുമാണ് എന്നതാണ് സത്യം.
1886ലെ പാട്ടക്കരാര്‍ അനുസരിച്ച് “പെരിയാര്‍ ഇറിഗേഷന്‍ പ്രോജക്ടി”ന്റെ എല്ലാ അറ്റകുറ്റപ്പണികളും തമിഴ്നാടിന്റെ ചുമതലയാണ്. സുപ്രീംകോടതി നിര്‍ദ്ദേശിച്ച അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുന്നതും ആറുവര്‍ഷം കഴിഞ്ഞിട്ടും ടണല്‍ നിര്‍മാണം തുടങ്ങുകപോലും ചെയ്യാത്തതും 1886-ലെ പാട്ടക്കരാര്‍ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് എന്നാണ് “സുരക്ഷ” ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
പാട്ടക്കരാര്‍ റദ്ദാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് “സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്” കേരള മുഖ്യമന്ത്രിക്ക് 2020 ഓഗസ്റ്റ് 8ന് കത്തയയ്ക്കുകയുണ്ടായി. പാട്ടക്കരാര്‍ വ്യവസ്ഥകളില്‍ പാട്ടക്കാരന്റെ (തമിഴ്നാട്) ഭാഗത്തുനിന്നും ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനമുണ്ടായാല്‍ ഭൂവടമയ്ക്ക് (കേരളം) കരാര്‍ ഉടന്‍ റദ്ദുചെയ്യാനുള്ള അവകാശം നല്‍കുന്നുണ്ട്. 125 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഡാമില്‍, കഴിഞ്ഞ ആറുവര്‍ഷമായി യാതൊരു അറ്റകുറ്റപ്പണിയും നടത്താത്തതിരിക്കുന്നതും അടിയന്തരഘട്ടത്തില്‍ ജലം ഒഴിക്കിക്കൊണ്ടുപോകുവാന് യാതൊരു നിര്വ്വാഹമില്ലാത്തതുമായ അത്യന്തം അപകടരമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത് എന്നും കരാറിൽ വ്യക്തമാക്കിയിരുന്നു. പാട്ടക്കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് തമിഴ്നാട് ഈ ഡാമിനെ കൈവശം വച്ചിരിക്കുന്നതെന്നും ആയതിനാല്‍ അഞ്ചു ജില്ലകളില്‍ (ഇടുക്കി, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം) ഉള്‍പ്പെടുന്ന 50 ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ജീവന് അപകടത്തിലാണെന്നും അതിനാല്‍ ഈ ഡാമിന്റെ നിലനില്‍പ്പിന് കാരണമായിരിക്കുന്ന പാട്ടക്കരാര്‍ റദ്ദാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കേരള മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്.
അതോടൊപ്പംതന്നെ ഡാം ഏതെങ്കിലും കാരണവശാല്‍ ദുര്‍ബലമായാല്‍ ജലപ്രവാഹം മൂലമുള്ള അപകടം ഇല്ലാതാക്കുന്നതിന് 2010ല്‍ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ പഠനമനുസരിച്ച് നിര്‍ദ്ദേശിച്ച സ്ഥലത്ത് ഒരു സംരക്ഷണഭിത്തി (protection wall) നിര്‍മ്മിക്കണമെന്നും പ്രസ്തുത കത്തിൽ “സുരക്ഷ” കേരളസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മൂന്നു മാസം കഴിഞ്ഞിട്ടും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുഭാവപൂര്‍ണ്ണമായ യാതൊരു നടപടിയും ഉണ്ടായില്ല. 50 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്ക്കുന്ന മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ കേരളസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് “സുരക്ഷ” 2020, നവംബര്‍ നാലിന് കേരള ഹൈക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. രണ്ട് സംസ്ഥാനങ്ങളെ സംബന്ധിക്കുന്ന കാര്യമായതിനാലും സമാനവിഷയങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാലും ഈ ഹര്‍ജി നല്‍കേണ്ടത് സുപ്രീംകോടതി മുമ്പാകെയാണെന്ന് ഹൈക്കോടി വിധിച്ചതിനെ തുടര്‍ന്നാണ് “സുരക്ഷ” ഇപ്പോള്‍ സുപ്രീംകോടതി മുമ്പാകെ ‘സ്പെഷല്‍ ലീവ് പെറ്റീഷന്’ ഫയല്‍ ചെയ്തിരിക്കുന്നത്.
1886- ലെ പാട്ടക്കരാര്‍ അനുസരിച്ച് നിലവില്‍ വന്ന ”പെരിയാര്‍ ഇറിഗേഷന്‍ പ്രോജക്ടി”ന്റെ ഭാഗമായി മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നുള്ള ജലം തമിഴ്നാട്ടിലെ തേനി, മധുര, ഡിന്‍ഡിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളില്‍ കൃഷിക്കും കുടിവെള്ളത്തിനുമുളള ജലം എത്തിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ ഡാമിന് അപകടമുണ്ടാകുന്ന പക്ഷം മുല്ലപ്പെരിയാറിൽ നിന്നുള്ള നീരൊഴുക്ക് ഇല്ലാതാവുകയും അതുമൂലം ഈ അഞ്ചു ജില്ലകളും എന്നെന്നേക്കും മരുഭൂമിയായി മാറും എന്നതും സംശയത്തിന് ഇടമില്ലാത്ത കാര്യമാണ്. അതോടൊപ്പം എന്തെങ്കിലും ദുരന്തം ഉണ്ടായാല്‍ കേരളത്തിലെ അഞ്ച് ജില്ലകള്‍ ശവപ്പറമ്പാകും എന്നത് ഈ വിഷയത്തിന്റെ ഗൗരവം അനേകം മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.
ഏതു മനുഷ്യനിര്‍മ്മിതിക്കും ഒരു കാലപരിധിയുള്ളതുപോലെ മുല്ലപ്പെരിയാറിനും ഒരു ആയുസുണ്ട്. സമാനകാലത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിര്‍മിച്ചിട്ടുള്ള അണക്കെട്ടുകളെല്ലാം പുന:ര്നിര്മിക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്തുകഴിഞ്ഞിരിക്കുന്നു. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളുടെയും കേരളത്തിലെ അഞ്ച് ജില്ലകളുടെയും ഭാവി സുരക്ഷിതമാക്കുവാന്‍ പഴയ ഡാമിന്റെ സ്ഥാനത്ത് സുരക്ഷിതമായ പുതിയ ഡാം ഉണ്ടായേ മതിയാവുകയുള്ളൂ. അതിനുള്ള പരിശ്രമങ്ങള്‍ സാധിതമാക്കുന്നതിനു വേണ്ടിയാണ് “സുരക്ഷ” സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കയുടെ മുൾമുനയിൽ നിൽക്കുന്ന കേരള ജനതയ്ക്ക് പ്രതീക്ഷ നൽകുന്ന നീക്കമാണ് “സുരക്ഷ” നടത്തിയിരിക്കുന്നത്.

മാത്യൂ ചെമ്പുകണ്ടത്തിൽ