ഈ വാർത്തയിൽ എൻ്റെ കണ്ണുകൾ ഒന്ന് ഉടക്കി. വായിച്ചു തീർന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. മനസ്സിന് വല്ലാത്ത ഒരു ഭാരം…

Share News

സ്വന്തം അച്ഛൻ കിടന്ന കട്ടിലിൽ കടിക്കുന്ന പട്ടിയെ പൂട്ടിയത് എന്തിനാണെന്ന് അറിയുമോ? സ്വന്തം അപ്പനും അമ്മയ്ക്കും അയൽവക്കത്ത് ഉള്ളവരും നാട്ടുകാരും വെള്ളവും ഭക്ഷണവും കൊടുക്കാതിരിക്കാൻ!ഫേസ്ബുക്കിൽ വായിച്ച ഈ വാർത്തയിൽ എൻ്റെ കണ്ണുകൾ ഒന്ന് ഉടക്കി.

വായിച്ചു തീർന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. മനസ്സിന് വല്ലാത്ത ഒരു ഭാരം…

80 വയസ്സുള്ള പിതാവിനെ മകനും മരുമകളും ചേർന്ന് വീട്ടിൽ പൂട്ടിയിട്ടത് കടിക്കുന്ന നായയ്ക്കൊപ്പം. ഭക്ഷണവും വെള്ളവും കിട്ടാതെ ആ വൃദ്ധനായ പിതാവു മരിച്ചു! മനോരോഗിയായി മാറിയ അമ്മയെ പഞ്ചായത്തധികൃതരും മറ്റും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആക്കിയിരിക്കുകയാണ്. നമ്മുടെ കൊച്ചു കേരളത്തിൽ മുണ്ടക്കയത്ത് നടന്നതാണ് ഈ സംഭവം… ഒരു മകനും, മരുമകളും ചെയ്ത അസാധാരണമായ ഈ ക്രൂരത കണ്ടപ്പോൾ എൻ്റെ മനസ്സിലേക്ക് ഓടി വന്ന ചില ചിന്തകൾ ഇങ്ങനെയായിരുന്നു… ഈ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സന്യസ്തർ നടത്തുന്ന എത്രയോ വൃദ്ധസദനങ്ങൾ ഉണ്ടായിരുന്നു? അവയിൽ ഏതെങ്കിലും ഒരിടത്ത് ഈ അപ്പച്ചനെയും അമ്മച്ചിയെയും എത്തിക്കുകയായിരുന്നു എങ്കിൽ പൊന്നുപോലെ അവരെ ഞങ്ങൾ സന്യാസിനികൾ നോക്കുമായിരുന്നു…

വിവരമില്ലാത്തവരുടെ വായിൽ നിന്നും തൂലിക തുമ്പിൽ നിന്നും ക്രൈസ്തവ സന്യസ്തരെ നോക്കി കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തും നീയൊക്കെ എന്ത് തൊഴിലാ ചെയ്യുന്നത് എന്ന് ആക്രോശിക്കുമ്പോഴും ഒരു ചെറുപുഞ്ചിരിയോടെ തന്നെ അഭിമാനത്തോടെ പറയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശുശ്രൂഷയും ഒക്കെ നടത്തുന്ന ഒപ്പം തന്നെ “ഈ ആധുനിക നൂറ്റാണ്ടിൽ സ്വന്തം മക്കൾക്ക് വേണ്ടാത്ത മാതാപിതാക്കളെയും സ്വന്തം മാതാപിതാക്കൾക്ക് വേണ്ടാത്ത മക്കളെയും തങ്ങൾക്ക് ഭാരമായി തീർന്നിരിക്കുന്ന മാനസികവും ശാരീരികവുമായ വൈകല്യമൂലം സ്നേഹിക്കപ്പെടാതെ സമൂഹത്തിൽ മാറ്റി നിർത്തിയിരിക്കുന്ന ആയിരക്കണക്കിന് സഹോദരങ്ങളെയും സ്വന്തം സഹോദരങ്ങളെപ്പോലെ ശുശ്രൂഷിക്കുന്ന തിരക്കിൽ ആണ് ഞങ്ങൾ. അതിന് സമ്പന്ന രാജ്യമെന്നോ ദരിദ്രരാജ്യമെന്നോ വേർതിരിവില്ല സഹോദരങ്ങളെ…

നിങ്ങളുടെ ഒക്കെ വീട്ടിൽ നിങ്ങളുടെ അമ്മമാരും ഭാര്യമാരും സഹോദരിമാരും പെൺമക്കളും അനുദിനം ചെയ്യുന്ന ജോലികളായ ഭക്ഷണം പാകം ചെയ്യുക, വീട് വൃത്തിയാക്കുക, വസ്ത്രങ്ങൾ കഴുകുക, വൃദ്ധരായ മാതാപിതാക്കളെ ശുശ്രൂഷിക്കുക… ഇങ്ങനെ നീളുന്ന ഓരോ കാര്യങ്ങളും ഞങ്ങളുടെ സന്യാസഭവനങ്ങളിലും ഉണ്ട്. സന്യാസിനികൾ ആയതിനാൽ ഒന്നും മാനത്തുനിന്ന് പൊട്ടിവീഴുന്നില്ല… വിദേശ രാജ്യങ്ങളിൽ പോയി ഏത് പണിയും ചെയ്യാൻ മടിയില്ലാത്തർ കേരളത്തിലെ സാമൂഹ്യന്തരീക്ഷത്തിൽ ചില ജോലികളെ മാത്രം ജോലികളുടെ ലിസ്റ്റിൽ പെടുത്തിയിരിക്കുന്നതാണ് ഏറ്റവും വലിയ വിരോധാഭാസം…!!

Soniya Kuruvila Mathirappallil

✍🏽സി. സോണിയ തെരേസ്

Share News