‘പാതയോരങ്ങളെ അമ്പാടിയാക്കി…കാവിപട്ടുടുത്ത വീഥികളെ രാജവീഥികളാക്കി സഖാവ് ശ്രീകൃഷ്ണൻ ഇതാ ഇതുവഴി കടന്നു വരുന്നു…!’

Share News

പിണറായി സഖാവു നയിച്ച നവകേരളയാത്ര പത്തനംതിട്ടയിലെത്തി.

പൈലറ്റു വണ്ടിയിൽ ഉരിശൻ അനൗൺസ്മെന്റ് :‘

കഴുകന്മാർ താഴ്ന്നു പറക്കുന്ന കാട്ടിലൂടെ കടന്നു പോകാൻ വിധിക്കപ്പെട്ട നമ്മളെ…..മുൾക്കാടുകൾ പടർന്നു നിൽക്കുന്ന പർവതനിരകൾ ചവിട്ടി മുന്നോട്ടു പോകാൻ വിധിക്കപ്പെട്ട നമ്മളെ.. പോരാട്ടത്തിന്റെ പാതയിലേക്കു കൈ പിടിച്ചുയർത്താനായി…. ആയിരങ്ങൾജീവൻ ബലിയർപ്പിച്ച പ്രസ്ഥാനത്തിന്റെ അമരക്കാരൻ…നിസ്വാർഥ സേവനത്തിലൂടെ ത്യാഗപൂർണമായ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ എതിരാളികളുടെ ഹൃദയം കവർന്ന ജനനായകൻ, സഖാവ് പിണറായി വിജയൻ…നയിക്കുന്ന മാർച്ച്, മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ പത്തനംതിട്ടയുടെ മണ്ണിലേക്കു കടന്നുവരുന്നു..

.’അനൗൺസ്മെന്റു മിന്നി.

അരിവാൾ ചുറ്റിക ആലേഖനം ചെയ്ത ചുവന്ന കൊടി വച്ച കാറിൽ നിന്നും സിപിഎമ്മിന്റെ ഒരു സംസ്ഥാന നേതാവ് ജീപ്പിന്റെ അടത്തു വന്ന് അനൗൺസർക്കു കൈകൊടുത്തു.ഓമല്ലൂരുകാരൻ റെജി.സ്വന്തമായി എഴുതിപ്പിടിപ്പിക്കുന്ന വാചകങ്ങളാണ് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുന്നത്

.കഴിഞ്ഞ 25 വർഷമായി ഈ രംഗത്തുണ്ട്.സിപിഎം മാത്രമല്ല, കോൺഗ്രസും ബിജെപിയുമൊക്കെ വിളിക്കും. വാക്കുകളിട്ട് അമ്മാനമാടി ആളെ കൂട്ടാൻ റെജി വേണം. . .

.‘പറഞ്ഞിട്ടെന്താ കാര്യം? ആ ഞാനാണ് വേലയും കൂലിയുമില്ലാതെ ഇപ്പോൾ വീട്ടില്‍ ചൊറിയും കുത്തിയിരിക്കുന്നത്..!

റെജിയ്ക്കു സങ്കടച്ചിരി. ലോക്ഡൗണിനെ തുടർന്നു പരിപാടികൾക്കു പൂട്ടുവീണതോടെ റെഡിയുട ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ‘റാന്നിയിൽ കോവിഡ് റിപ്പോര്‍ട്ടു ചെയ്തതിനു തലേന്നു വരെ കൈയിൽ മൈക്കുണ്ടായിരുന്നു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നാടെങ്ങും പ്രക്ഷോഭം. എല്ലാ പാർട്ടിക്കാരും വിളിക്കും. വൈകുന്നേരമാകുമ്പോഴേക്കും കൈ നിറയെ കാശ് കിട്ടും.. പക്ഷേ പിറ്റേന്നു പണി പാളി. കോവിഡു പണി തന്നു.’

സീസണിൽ ഒരാഴ്ച പത്തെണ്ണായിരം രൂപ വരെ കിട്ടും. തിരഞ്ഞെടുപ്പു കാലമാണു ചാകര.‘ഇനി വരുന്ന ഇലക്ഷനു കോറോണയായിരിക്കും പ്രചാരണ വിഷയം. മഹാമാരിയുടെ കാലത്ത് ഞങ്ങളതു ചെയ്തു ..ഇതു ചെയ്തു എന്നൊക്കെ വിളിച്ചു പറയേണ്ടിവരും.’രാഷ്ടീയക്കാർക്ക് വേണ്ടിയാണു പണിയെടുത്തിട്ടുള്ളതെങ്കിലും ഈ കഷ്ടകാലത്ത് അവർ തിരിഞ്ഞു നോക്കിയില്ല.

‌‘പാർട്ടിക്കാർക്ക് കോവിഡും കോറോണയൊന്നും വിഷയമല്ല. നാലു പേര് ലൈൻ കമ്പിയിൽ കാക്ക ഇരിക്കുന്നതുപോലെ നിരന്നിരുന്നാൽ സമരമായി. പക്ഷേ ഞങ്ങള്‍ക്ക് അരി മേടക്കണമെങ്കിൽ മീറ്റിങ്ങിനു പത്തുനൂറു പേരു കൂടണം’

കോവിഡ് ശക്തിപ്രാപിച്ച ഇടക്കാലത്തു റെജി കൃഷി ചെയ്തു. പറമ്പിലെ കാടുവെട്ടി ചീനിയിട്ടു.‘ഉച്ചഭാഷിണിക്കൃഷി കൊണ്ട് ഇനി ജീവിക്കാനൊക്കത്തില്ല. അതുകൊണ്ടാ കപ്പയിട്ടത്. പക്ഷേ മുഴുവൻ എലി കരണ്ടുപോയി.ഭസ്മാസുരനു വരം കൊടുത്ത പോലെയായി കാര്യങ്ങൾ

.‘സാർ…വംശനാശം നേരിടുന്ന വർഗമാണ് അനൗൺസർമാർ. ഞങ്ങളെ സർക്കാരിന്റെ ഏതെങ്കിലും ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം.’ റെജി പറയുന്നു.

ഒരിക്കൽ സിപിഎം സ്ഥാനാർഥിക്കു വേണ്ടി ഒരു മാസം നീണ്ടുനിന്ന പ്രചാരണത്തിനുശേഷം റെജി ഓമല്ലൂരിൽ ശ്രീകൃഷ്ണ ജയന്തിയുടെ അനൗൺസ്മന്റ് നടത്തി. ക്ഷീണമുണ്ടെന്നു പറഞ്ഞെങ്കിലും സംഘാടകർ കയ്യോടെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

‘കുരുക്ഷേത്ര ഭൂമിയിൽ പകച്ചുനിന്ന അർജുനനെ സാരോപദേശത്തിലൂടെ കർമോത്സുകനാക്കിയ ഭഗവാൻ ശ്രീകൃഷ്ണന്റെ അവതാര സുദി‌നമാണിന്ന്. .ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്ര ഇതാ ഈ വഴിത്താരയിലൂടെ കടന്നുവരുന്നു…’ ‌പറഞ്ഞതിന് ആവേശം പോരെന്ന് ആരോ പരാതിപ്പെട്ടു. ..റെജി ഒന്നു മാറ്റിപ്പിടിച്ചു.

‘പാതയോരങ്ങളെ അമ്പാടിയാക്കി…കാവിപട്ടുടുത്ത വീഥികളെ രാജവീഥികളാക്കി സഖാവ് ശ്രീകൃഷ്ണൻ ഇതാ ഇതുവഴി കടന്നു വരുന്നു…!’

നാട്ടുകാർക്ക് റെജിയെ അറിയാവുന്നതുകൊണ്ടു മാത്രം അടി കിട്ടിയില്ലെന്നു പറഞ്ഞ് റെജി ചിരിക്കുന്നു.

T B Lal

Journalist at Malayala Manorama

11Jaleesh Peter and 10 others1 commentLikeComment

Share

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു