
യു കെയിൽ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിനെ കണ്ടെത്തി: ഇന്ത്യയിലും അതീവ ജാഗ്രത, അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രാലയം
റിയാദ് :യു.കെ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗം പകരുന്ന പുതിയ ഇനം കോവിഡ് വൈറസിനെ കണ്ടെത്തി. അസാധാരണ വേഗത്തിലാണ് പുതിയ വൈറസ് പടരുന്നത്. യു.കെയിൽ നിന്നും പുതിയ വൈറസ് ബാധിച്ച ഒരു രോഗി ഇറ്റലിയിലുമെത്തി. ഇയാളെ ആരോഗ്യ വകുപ്പ് അധികൃതര്‍ നിരീക്ഷണത്തിലാക്കി. രാജ്യത്തും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പുതിയ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും ജാഗ്രത കര്‍ശനമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചു. രാവിലെ 10 നാണ് യോഗം. യോഗത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. ഈ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. സമാന നടപടികള്‍ കൈക്കൊള്ളണമോ എന്ന കാര്യമായിരിക്കും അടിയന്തര യോഗം ചര്‍ച്ച ചെയ്യുക. അടുത്തിടെ ബ്രിട്ടനില്‍ നിന്നെത്തിയവരില്‍ പ്രത്യേക നിരീക്ഷണം എര്‍പ്പെടുത്തണമോ എന്ന കാര്യവും ചര്‍ച്ചയാകും.
അതിനിടെ, കോവിഡിന്റെ പുതിയ ഇനം വൈറസിന്റെ വ്യാപനം കണക്കിലെടുത്ത് സൗദി അറേബ്യ അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചു. കര, വ്യോമ, സമുദ്ര അതിര്‍ത്തികള്‍ അടച്ചു. എല്ലാ അന്താരാഷ്ട്ര വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പുതിയ ഇനം വൈറസിനെ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും, അതുവഴിയും സൗദിയിലേക്ക് വരുന്നതിന് ഒരാഴ്ച കൂടി നിയന്ത്രണം ഉണ്ടാകും. ബ്രിട്ടന്‍ അടക്കം പുതിയ ഇനം വൈറസ് ബാധ പടരുന്ന രാജ്യങ്ങളില്‍ നിന്നും ഡിസംബര്‍ എട്ടിന് ശേഷം എത്തിയവര്‍ രണ്ടാഴ്ച കര്‍ശനമായും ക്വാറന്റീനില്‍ പോകണമെന്നും, വൈദ്യ ചികില്‍സ തേടണമെന്നും സൗദി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.