വാർത്തകൾ -വേഗത്തിൽ

Share News

1) സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണനാണ് മരിച്ചത്. ഇന്നലെയാണ് നാരായണന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

2) തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് സ്വപ്നയും സന്ദീപും കോടതിയെ അറിയിച്ചു. പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.

3) നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് കേസ് പ്രതി സരിത്തുമായി എൻ.ഐ.എ സംഘം തിരുവനന്തപുരത്ത് എത്തിച്ചു. തെളിവെടുപ്പിനായാണ് സരിത്തിനെ ചൊവ്വാഴ്ച രാവിലെ എൻ.ഐ.എ സംഘം തിരുവനന്തപുരത്തെത്തിച്ചത്.

4) എറണാകുളത്ത് 18 കന്യാസ്ത്രീയ്ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്‍റെ സമ്പർക്കത്തിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലുവ ചുണങ്ങംവേലി സെന്റ് മേരീസ്‌ പ്രൊവിൻസിലെ കന്യാസ്ത്രീകളാണ് ഇവര്‍.

5) തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്കും പരീക്ഷയ്ക്കായി കുട്ടിയെ കൊണ്ടുവന്ന ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച വിദ്യാർത്ഥി പരീക്ഷ എഴുതിയ ഹാളിലുണ്ടായിരുന്ന 20 വിദ്യാർത്ഥികളെയും ഇൻവിജിലേറ്റർമാരെയും നിരീക്ഷണത്തിലേക്ക് മാറ്റി. മണക്കാട് സ്വദേശിയായ രക്ഷിതാവാണ് കോട്ടൺ ഹിൽ സ്‌കൂളിൽ കുട്ടിയെയും കൊണ്ടെത്തിയത്. പരീക്ഷ തീരുന്നതു വരെ ഇയാൾ സ്‌കൂൾ പരിസരത്ത് ഉണ്ടായിരുന്നു. പ്രവേശനപ്പരീക്ഷയ്ക്ക് സ്‌കൂളിൽ എത്തിയവർ ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടു.

6) സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം മാത്രമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. രോഗവ്യാപനം കുറവുള്ള മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്കൂളുകൾ തുറക്കാൻ ശ്രമിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓണത്തിന് ശേഷമാവും രോഗവ്യാപനം കുറവുള്ള മേഖലകളിൽ സ്കൂളുകൾ തുറക്കുന്നത് പരിഗണിക്കുക.

7) രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. വെല്ലൂർ വനിതാ ജയിലിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആത്മഹത്യാശ്രമം. നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയും തമ്മിൽ വഴക്കുണ്ടായെന്നും വിഷയം ഈ തടവുകാരി ജയിലറെ അറിയിച്ചുവെന്നും ഇതിനു പിന്നാലെ നളിനി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നും
നളിനിയുടെ അഭിഭാഷകൻ പുകഴേന്തി വ്യക്തമാക്കി.

8) വാൽവുള്ള എൻ 95 മാസ്കുകൾ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങൾക്കും
കേന്ദ്രഭരണപ്രദേശങ്ങൾക്കുമാണ് ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് സർവീസ് ഡയറക്ടർ ജനറൽ രാജീവ് ഗാർഗ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇത്തരം മാസ്കുകൾ വൈറസിനെ പുറത്തേക്കു വിടുന്നതിനെ പ്രതിരോധിക്കില്ലെന്നും രോഗപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.

9) രാജ്യത്ത് 24 മണിക്കൂറിനിടെ 37,148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,55,191 ആയി. ഇത് വരെ 28084 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 587 പേരാണ് മരിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ഇത് വരെ 7,24,577 പേർ രോഗമുക്തി നേടി, നിലവിൽ 62.72 ശതമാനമാണ് രോഗമുക്തി നിരക്ക്.

10) കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം പെരുംകുളം പാണന്റെ മുക്ക് സ്വദേശി തുളസീധരൻ ആണ് മരിച്ചത്.

11) കൊച്ചിയിൽ എക്സൈസ് റേഞ്ചിലെ നോർത്ത് ഡിവിഷൻ സർക്കിൾ ഇൻസ്പെക്ടർക്കും കൊല്ലത്ത് ചടയമംഗലം ഡിപ്പോയിലെ നിലമേൽ സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. ആര്യങ്കാവ് ചെക്പോസ്റ്റിൽ ഒരു പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. ഇയാൾ ഇരവിപുരം സ്വദേശിയാണ്. ആര്യങ്കാവ് ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

12) കോവിഡ് വ്യാപനത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.
കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എയർപോർട്ട് നോഡൽ ഓഫീസർമാരുമായി നടത്തിയ ചർച്ചയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ കളക്ടർ നിർദേശിച്ചത്.

13) സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സന്ദീപ് നായരെ സഹായിച്ചെന്ന പരാതിയിൽ പൊലീസ് അസോസിയേഷൻ നേതാവ് ചന്ദ്രശേഖരനെതിരെ അന്വേഷണം ആരംഭിച്ചു. വകുപ്പുതല അന്വേഷണമാണ് ആരംഭിച്ചത്. മണ്ണന്തല പൊലീസ് സന്ദീപ് നായരെ മദ്യപിച്ച് പിടികൂടിയപ്പോൾ ജാമ്യത്തിലിറക്കാൻ സഹായിച്ചുവെന്ന പരാതിയിലാണ് അന്വേഷണം .

14) പ്ലാസ്മ ചികിത്സ സംസ്ഥാനത്തെ എല്ലാ മെഡി.കോളജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളിൽ പോലും പ്ലാസ്മ ചികിത്സ വിജയകരമാണ്. അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട എല്ലാ മെഡിക്കൽ കോളജുകളിലും പ്ലാസ്മ ബേങ്ക് സജ്ജമാക്കും. ഇതുവരെ പ്ലാസ്മ ചികിത്സ നൽകിയ 90 ശതമാനം പേരേയും രക്ഷിക്കാനായെന്നും
ആരോഗ്യമന്ത്രി അറിയിച്ചു.

15) വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു.
മുമ്പ് ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ക്ക് പുറമെ ഇന്‍ഡിഗോ, ഗോഎയര്‍ വിമാനങ്ങളിലായി 47 സര്‍വ്വീസുകളാണ് ഇന്ത്യന്‍ എംബസി അധികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

16) ഓക്സ്ഫോര്‍ഡ് സർവകലാശാലയുടെ കൊവിഡ് വാക്സിൻ ഇന്ത്യയിലും പരീക്ഷിക്കാൻ ശ്രമം. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് പരീക്ഷണ അനുമതി തേടിയിരിക്കുന്നത്. വാക്സിൻ വിജയമായാൽ അതിവേഗം ഇന്ത്യയിലും മിതമായ വിലയിൽ
ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

17) ലോകത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര കോടിയിലേക്ക്. 1,48,52,700 പേർക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ജീവൻ നഷ്ടമായവരുടെ എണ്ണം 6,13,213ലെത്തി.രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിനനുസരിച്ച് മരണസംഖ്യ ഉയരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. 89,06,690 പേർ ഇതുവരെ രോഗമുക്തി നേടി.

18)
ലോകത്ത് കൊവിഡ് പ്രതിദിന വര്‍ധനവില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാംസ്ഥാനത്ത്. ആഗസ്റ്റ് രണ്ടാമത്തെ ആഴ്ച ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലാകുമെന്നാണ് സൂചന. മൂന്ന് ദിവസത്തില്‍ ഒരു ലക്ഷം പുതിയ രോഗികള്‍ എന്ന തരത്തിലാണ് ഇപ്പോൾ ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന.

19)
രാജസ്​ഥാനിലെ കോൺഗ്രസ്​ യുവനേതാവ്​ സചിൻ പൈലറ്റിന്​ നൽകിയ അയോഗ്യത നോട്ടീസിൻമേൽ​ ഈ മാസം 24 വരെ നടപടി സ്വീകരിക്കരുതെന്ന്​ കോടതി. കേസ്​ ജൂലൈ 24ന്​വീണ്ടും രാജസ്​ഥാൻ ഹൈകോടതി പരിഗണിക്കും. വിധി പ്രസ്​താവിക്കുന്നതുവരെ സചിൻ പൈലറ്റി​ന്റെയും 18 വിമത എം.എൽ.എമാരുടെമാരുടെയും എം.എൽ.എ സ്​ഥാനത്തിന്​ അയോഗ്യത കൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ​നോട്ടിസിനുമേൽ നടപടി സ്വീകരിക്കരുതെന്നും കോടതി നിർദേശം നൽകി.

20)
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി നിയമനത്തിന്‍റെ മറവില്‍ കോടികളുടെ ധൂര്‍ത്ത്. കെ.പി.എം.ജി കമ്പനിയുമായി കരാര്‍ ഒപ്പിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതിയ പദ്ധതികളൊന്നും നടപ്പിലായില്ല. എന്നാല്‍ 74 ലക്ഷം രൂപയാണ് കിയാലില്‍ നിന്ന് ഇതിനകം കെ.പി.എം.ജിക്ക് കൈമാറിയത്. മൂന്ന് വര്‍ഷത്തേക്ക് പതിനാല് കോടി രൂപക്കായിരുന്നു കരാര്‍.

21) യുണൈറ്റഡ്  നഴ്സസ് അസോസിയേഷൻ ഫണ്ട് തിരിമറിക്കേസിൽ ഭാരവാഹികളായ ജാസ്മിൻ ഷാ, ഷോബി ജോസഫ് എന്നിവർ ഉൾപ്പെടെ 4 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാൻ കോടതി പ്രതികൾക്ക് നിർദ്ദേശം നൽകി.

22)
കനത്ത മഴയേത്തുടർന്ന് അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ വിട്ടുനൽകാൻ തയ്യാറാണെന്ന് വ്യോമസേന അറിയിച്ചു. ഹെലികോപറ്ററുകൾ സജ്ജമാണെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വ്യേമസേന വ്യക്തമാക്കി.

23)വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കാനിടയായ അപകടത്തിൽ കാറോടിച്ചിരുന്നത് താനല്ലെന്ന് ഡ്രൈവർ അർജുൻ . അലക്ഷ്യമായി വണ്ടി ഓടിച്ചതാണ് . അപകടകാരണമെന്ന് അർജുൻ ആരോപിച്ചു . അതിനാൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അർജുൻ കോടിതിയെ സമീപിച്ചു . ബാലഭാസ്കറിന്റെ കുടുംബത്തെ എതിർ കക്ഷിയാക്കിയാണ് അർജുന്റെ ഹർജി .

24) സ്വർണക്കടത്തു കേസിൽ
അറ്റാഷെയുടെ ഗൺമാനെ നിയമിച്ചത് സംസ്ഥാന സർക്കാരിന്റെ സ്ഥാപിത താത്പര്യം സംരക്ഷിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ . സ്വർണ്ണക്കടത്തിനായി എല്ലാ സഹായവും ഗൂഢസംഘത്തിന് ലഭിച്ചത് ഗൺമാൻ മുഖാന്തരമാണ് . സർക്കാരിന്റെ ഉന്നതൻമാർക്ക് വേണ്ടിയാണ് ഗൺമാൻ പ്രതികളെ സഹായിച്ചതെന്നും കൊച്ചിയിൽ സുരേന്ദ്രൻ ആരോപിച്ചു.

July 21, 2020

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു