
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല: മുഖ്യമന്ത്രി
കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഞങ്ങളെ ഒന്ന് ക്ഷീണിപ്പിക്കാമെന്നും ഒന്ന് ഉലയ്ക്കാമെന്നുമാണ് വിചാരിച്ചത്. എന്നാല്‍ 16-ാം തീയതി വോട്ടെണ്ണിക്കഴിയുമ്പോള്‍ ആരാണ് ഉലഞ്ഞതെന്നും, ക്ഷീണിച്ചതെന്നും മനസ്സിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐതിഹാസികമായ വിജയമാകും എല്‍ഡിഎഫ് നേടുകയെന്നും പിണറായിയിലെ ചേരിക്കല്‍ സ്‌കൂളിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കില്‍ അവര്‍ക്ക് കടക്കാം. അതുമാത്രമേ ഇപ്പോള്‍ പറയാനുള്ളൂ. ഇതുവരെ വോട്ടു ചെയ്തവര്‍ വലിയ പിന്തുണയാണ് എല്‍ഡിഎഫിന് നല്‍കിയത്. ഞങ്ങള്‍ ജയിക്കാന്‍ സാധ്യതയില്ലെന്ന് കണക്കാക്കിയ പ്രദേശങ്ങള്‍ പോലും ഞങ്ങളുടേതായി മാറാന്‍ പോകുകയാണ്. അതാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫിന്റെ ഐതിഹാസിക വിജയം ഉറപ്പിക്കുന്ന തെരഞ്ഞെടുപ്പും, ജനങ്ങള്‍ കള്ളങ്ങളോടും നുണകളോടും എങ്ങനെ പ്രതികരിക്കും എന്നു കാണിക്കുന്ന തെരഞ്ഞെടുപ്പുമാകും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ വാക്‌സിന്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം പറയുന്നത്, വേറൊന്നും പറയാനില്ലാത്തതുകൊണ്ട് പറയുന്നതാണ്. നമ്മുടെ രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കോവിഡിനെതിരായ ചികില്‍സ സൗജന്യമായിട്ടുള്ളത്. തുടക്കം മുതല്‍ സൗജന്യമാണ്.
അങ്ങനെ സൗജന്യമായിട്ടുള്ള സംസ്ഥാനത്ത് കോവിഡിനെ പ്രതിരോധിക്കാനുള്ള ചെറിയ പൈസയുടെ കുത്തിവെയ്പ്പിന്റെ പണം ഇങ്ങു പോരട്ടെ എന്ന് സര്‍ക്കാര്‍ കണക്കാക്കുമോ. കോവിഡിനെതിരെ സൗജന്യ ചികില്‍സയാണ് നടത്തിവരുന്നത്. അതിന്റെ ഭാഗം തന്നെയാണ് പ്രതിരോധ നടപടിയും. അതിന് ഒരു കാശും ഈടാക്കില്ല എന്നാണ് പറഞ്ഞത്. അതില്‍ ഒരു പെരുമാറ്റ ചട്ടലംഘനവും ഇല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം മൂലം യുഡിഎഫിന് തിരിച്ചടി ഉണ്ടാകുമെന്ന് മാത്രമല്ല, മുസ്ലിം ലീഗിന്റെ അടിത്തറ തകരും. മുസ്ലിം ബഹുജനങ്ങളുടെ പ്രഖ്യാപിത സംഘടനകള്‍ എല്ലാം ദീര്‍ഘകാലമായി തള്ളിക്കൊണ്ടിരിക്കുന്നതാണ് ജമാ അത്തെ ഇസ്ലാമി. നാലു വോട്ടിനു വേണ്ടി അവരുമായി കൂട്ടുകൂടുന്ന അല്‍പ്പത്തമാണ് ലീഗും കോണ്‍ഗ്രസും കാണിക്കുന്നത്. അതില്‍ വലിയ രോഷത്തോടെയാണ് മുസ്ലിം ബഹുജനങ്ങള്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.