പ്രൊഫഷണൽ കോളേജ് അഡ്മിഷന് ഇനി ഫ്ലോട്ടിംഗ് സംവരണ സമ്പ്രദായം ഇല്ല ?

Share News

✒️ പ്രൊഫഷണൽ കോളേജ് അഡ്മിഷന് ഇനി ഫ്ലോട്ടിംഗ് സംവരണ സമ്പ്രദായം ഇല്ല ?

സംവരണ വിഭാഗം വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ മികച്ച കോളേജിലേക്ക് പ്രവേശനം മാറ്റി നൽകാൻ 20 വർഷം മുമ്പ് നിയമസഭാ സമിതിയുടെ ശുപാർശ പ്രകാരം നടപ്പിലാക്കിയ സംവിധാനം നിർത്തലാക്കി സംവരണം കോളേജ് അടിസ്ഥാനത്തിൽ മാത്രമാകുമ്പോൾ ഒബിസി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള അവസരത്തിൽ കുറവ് വരും എന്നത് ഗൗരവകരമായ ആശങ്കയാണ്.

✒️ *എന്താണ് ഫ്ലോട്ടിംഗ് സംവരണം?*

സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റിൽ പ്രവേശനം ലഭിക്കുന്ന സംവരണ വിഭാഗം വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട മറ്റൊരു സർക്കാർ കോളേജിൽ സംവരണ സീറ്റ് ലഭിക്കുമെങ്കിൽ അവിടേക്ക് മാറാൻ അവസരം ലഭിക്കുമായിരുന്നു. വിദ്യാർത്ഥി ഇത്തരത്തിൽ കോളേജ് മാറുമ്പോൾ പ്രവേശനം പുതിയതായി ലഭിച്ച മെച്ചപ്പെട്ട കോളേജിലെ സംവരണ സീറ്റ് വിദ്യാർത്ഥി മാറിവന്ന പഴയ കോളേജിലേക്ക് നൽകും. പകരമായി പഴയ കോളേജിലെ മെറിറ്റ് സീറ്റ് വിദ്യാർത്ഥിക്കൊപ്പം പുതിയ കോളേജിലേക്ക് മാറ്റുകയും ചെയ്യും. ഉയർന്ന റാങ്കുള്ള വിദ്യാർഥിക്ക് അതുവഴി മെച്ചപ്പെട്ട കോളേജിൽ പ്രവേശനം ലഭിക്കുമ്പോൾ ബന്ധപ്പെട്ട് സംവരണ സമുദായത്തിന് സ്റ്റേറ്റ് മെറിറ്റ് കോട്ടയിലെ സീറ്റ് നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഈ സമ്പ്രദായം കൊണ്ടുവന്നത്.

✒️ *എന്തിനാണ് നിർത്തലാക്കുന്നത് ?*

ഈ സംവരണം മൂലം വയനാട് ഇടുക്കി മുതലായ ജില്ലകളിലെ എൻജിനീയറിങ് കോളേജുകളിൽ ഭൂരിഭാഗവും സംവരണ വിഭാഗം വിദ്യാർഥികൾ മാത്രമായി മാറുന്നുവെന്ന് പട്ടികജാതി വികസന വകുപ്പ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഫ്ലോട്ടിങ് സംവരണം നിർത്തലാക്കുന്നത്. അവിടുത്തെ പഠനം നിലവാരത്തെയും തൊഴിലവസരങ്ങളും ഇത് ബാധിക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

✒️ *നഷ്ടം ആർക്ക് ?*

ഇ ഡബ്ലിയു എസ് ഉൾപ്പെടെ സംവരണവിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും ഇത് അവസര നഷ്ടം ഉണ്ടാക്കും. ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള ഒബിസി സംവരണ വിഭാഗത്തിന് സ്റ്റേറ്റ് മെറിറ്റ് കോട്ടയിലെ സീറ്റുകളുടെ എണ്ണം കുറയും. ഉദാഹരണത്തിന് സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റിൽ വയനാട്ടിലെ കോളേജിൽ പ്രവേശനം ലഭിച്ച സംവരണ വിഭാഗം വിദ്യാർഥി തിരുവനന്തപുരത്ത് അക്കാദമിക തലത്തിൽ മെച്ചപ്പെട്ട കോളേജിൽ സംവരണ സീറ്റ് ലഭിക്കുമെങ്കിൽ അങ്ങോട്ട് മാറുകയും തിരുവനന്തപുരത്തെ സംവരണ സീറ്റ് വയനാട്ടിലെ കോളേജിലേക്ക് കൈമാറും. അതോടൊപ്പം ആദ്യം പ്രവേശനം നേടിയ വയനാട്ടിലെ സ്റ്റേറ്റ് മെറിറ്റ് സീറ്റ് തിരുവനന്തപുരത്തേക്ക് കൈമാറുകയും ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്ന സംവരണ വിഭാഗം വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകും.

✒️ *ആരും അറിയില്ലെന്ന് കരുതിയാണോ ഇത് ?*

ഇത് മൂലം ചില കോളേജുകളിൽ സംവരണം വിഭാഗം വിദ്യാർഥികൾ മാത്രമാകുന്നുവെന്നും അത് നിലവാര തകർച്ചയുണ്ടാകും എന്നതുമാണ് കണ്ടെത്തൽ. 2019 ൽ ഈ ഉത്തരവ് നടപ്പിലാക്കാൻ ശ്രമിച്ചു എങ്കിലും അന്ന് വലിയ പ്രതിഷേധങ്ങൾ ഉണ്ടായതിനാൽ നടന്നില്ല. ഇപ്പോൾ വീണ്ടും ഫ്ലോട്ടിംഗ് റിസർവേഷൻ നിർത്തലാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സംവരണത്തിന്റെ പിന്നാമ്പുറങ്ങൾ അധികമാരും അന്വേഷിക്കാത്തത് കൊണ്ട് ആരും അറിയാതെ കടന്നുപോകും എന്ന് അധികാര കേന്ദ്രങ്ങൾ കരുതിയപ്പോഴാണ് ഇത്തരത്തിൽ പ്രതിഷേധങ്ങൾ ഉണ്ടായത്.

Sherry J Thomas 

Share News