കേരളത്തിൽ ആരൊക്കെ ജയിച്ചില്ലെങ്കിലും അരിത ബാബു ജയിക്കണം. അവർ ഏതു പാർട്ടിക്കാരിയാണെങ്കിലും!

Share News

പ്രിയ എ എം ആരിഫ്, താങ്കൾ കായംകുളത്തെ കോൺഗ്രസ് സ്ഥാനാർത്ഥി അരിത ബാബുവിനെപ്പറ്റി പരിഹാസത്തോടെ പറഞ്ഞ വാക്കുകൾ കേട്ടു. ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് അല്ലെന്നും നിയമസഭയിലേക്കുള്ളതാണെന്നുമായിരുന്നു ആ പരിഹാസം.

അരിത ബാബു എന്ന 27-കാരിയെപ്പോലൊരാൾ സി പി എമ്മിൻ്റെ സ്ഥാനാർത്ഥിയായി കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. പാവപ്പെട്ടവരുടെ പാർട്ടി എന്നാണ് സി പി എമ്മിനെ ആലപ്പുഴ എം പി യായ താങ്കൾ അടക്കം വിശേഷിപ്പിക്കുന്നതെന്ന് എനിക്കറിയാം. പക്ഷേ താങ്കൾക്ക് പശുവിൻ പാൽ വിറ്റ് ഉപജീവനം കഴിക്കുന്ന അരിതയോടുള്ള പുച്ഛമാണ് വാക്കുകളിൽ തെളിഞ്ഞത്.

ശരിയാണ്. അരിതയെന്ന സ്ഥാനാർത്ഥി ബൈപ്പാസ് സർജറി കഴിഞ്ഞ വൃദ്ധനായ അച്ഛനെയും അമ്മയേയും സംരക്ഷിക്കാൻ ക്ഷീരകർഷകയുടെ റോളിൽ തന്നെയാണ് ഇപ്പോഴും. രാവിലെ ഏഴരയ്ക്കു മുമ്പേ, തൻ്റെ ടൂവീലറിൽ പാലുമായി വീടുകളിൽ പോകും. അതിനു ശേഷം ട്യൂട്ടോറിയൽ കോളെജിൽ പഠിപ്പിക്കാനും. ബികോം പാസ്സായ ശേഷം എം കോമിനും അതിനു ശേഷം എൽ എൽ ബിയ്ക്കും ചേരാനിരുന്ന സമയത്താണ് അച്ഛന് ശസ്ത്രക്രിയ വേണ്ടി വന്നതും അച്ഛൻ്റെ പശുക്കളെ അരിത നോക്കിത്തുടങ്ങിയതും. അച്ഛൻ്റെ രാഷ്ട്രീയം പിന്തുടർന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചു. കഷ്ടപ്പാടിൽ നിന്നു കൊണ്ടാണ് അരിത ഇവിടെ വരെയെത്തിയത്.

രാഷ്ട്രീയം ഒരു തൊഴിലല്ല അരിതയ്ക്ക്. നിസ്വാർത്ഥമായ ജനസേവനമാണ് അത് അവർക്ക്. നാട്ടുകാരുടെ പ്രിയപ്പെട്ടവളായി അരിത മാറിയത് അതുകൊണ്ടാണ്. കോൺഗ്രസ് അവരെ അംഗീകരിച്ച് സീറ്റ് നൽകിയതിലൂടെ കോൺഗ്രസ് ആണ് ആദരിക്കപ്പെട്ടത്, അരിതയല്ല.

പ്രിയ ആരിഫ്, 2006- ലെ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താങ്കളെ ഞാൻ ആദ്യമായി കാണുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ്റെ മകനായ താങ്കൾ പൊലീസ് ക്വാർട്ടേഴ്സിൽ താമസിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിൻ്റെ പേരിൽ അച്ഛന് സ്ഥലംമാറ്റം വാങ്ങിക്കൊടുത്ത കഥ അന്ന് പറഞ്ഞതോർക്കുന്നു. ബികോം പാസ്സായി എൽ എൽ ബിയെടുക്കാൻ താങ്കൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. സമര രംഗത്ത് സജീവമായതിൻ്റെ പേരിൽ സഖാവ് ഗൗരിയമ്മയ്ക്കെതിരെ താങ്കളെ നിർത്തുമ്പോൾ ഗൗരിയമ്മ ക്ഷീണിതയായിരുന്നു. ചെറുപ്പം താങ്കളെ തുണയ്ച്ചു.

പാവപ്പെട്ട ഒരു കുടുംബത്തിലെ അത്താണിയായ, സ്വന്തം തൊഴിലിൽ അഭിമാനം കൊള്ളുന്ന, രാഷ്ട്രീയത്തിനപ്പുറം, തൊഴിലെടുത്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന അരിതയെ പരിഹസിക്കുമ്പോൾ താങ്കളാണ് ചെറുതാകുന്നതെന്ന് മാത്രം ആരിഫ് ഓർക്കണം. അവരെപ്പോലെ അധികാരത്തിലേക്ക് എത്തപ്പെടുന്നവരാണ് നാടിൻ്റെ സമ്പത്തായി മാറുന്നതെന്ന് പി കൃഷ്ണപിള്ളയുടേയും എ കെ ജിയുടേയും പിന്മുറക്കാരനാണെന്ന് ഊറ്റം കൊള്ളുന്ന താങ്കൾ മറക്കരുത്.കേരളത്തിൽ ആരൊക്കെ ജയിച്ചില്ലെങ്കിലും അരിത ബാബു ജയിക്കണം. അവർ ഏതു പാർട്ടിക്കാരിയാണെങ്കിലും!

ജെ ബിന്ദുരാജ്

Share News