ഇക്കാര്യങ്ങളൊന്നും കരിപ്പൂരില്‍ നടന്നിട്ടില്ല എന്ന് അന്വേഷിച്ചു മനസിലാക്കാന്‍ എന്തായിരുന്നു തടസ്സം?

Share News

കരിപ്പൂര്‍ അപകടത്തെക്കുറിച്ച് വ്യത്യസ്തമായ കുറിപ്പുമായി മാധ്യമ പ്രവര്‍ത്തകനും വ്യോമയാന വിദഗ്ധനുമായ ജേക്കബ് കെ. ഫിലിപ്പ്. അപകടം നടന്ന നാള്‍ മുതല്‍ വാട്ട്സാപ്പിലും സാമൂഹ്യമാധ്യമങ്ങളിലുമായി പറന്നു നടക്കാന്‍ തുടങ്ങിയ കുറിപ്പുകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരം കിട്ടിയ കുറിപ്പായിരിക്കും, മരിച്ച പൈലറ്റ് ദീപക് വസന്ത് സാഠേയുടെ കസിന്‍ എന്ന് അവകാശപ്പെട്ട ഒരു നിലേഷ് സാഠേയുടേത്.സ്വന്തം ജീവന്‍ ബലികൊടുത്ത് യാത്രക്കാരെ രക്ഷിച്ച വീരപുരുഷന്‍റെ പരിവേഷം വസന്ത് സാഠേയ്ക്ക് നല്‍കാന്‍ ഏറെ സഹായിച്ച ഈ കുറിപ്പില്‍, അപകടത്തെപ്പറ്റി പറയുന്ന കാര്യങ്ങളെല്ലാം, വളരെ ലളിതമായി പറഞ്ഞാല്‍, നുണകളാണ്.

1. ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിച്ചില്ല. -നുണ.

ലാന്‍ഡിങ്ങിനായി വരുന്ന വിമാനം ഏകദേശം ആയിരം അടിപ്പൊക്കത്തിലെത്തുമ്പോഴേ ലാന്‍ഡിങ് ഗിയര്‍, അഥവാ ചക്രങ്ങള്‍ താഴ്ത്തും. അങ്ങിനെ താഴ്ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ലാന്‍ഡിങ് വേണ്ടെന്നു വച്ച് (അബോര്‍ട്ട് ചെയ്ത), അക്കാര്യം കണ്‍ട്രോള്‍ ടവറിനെ അറിയിച്ച്, അവര്‍ നിര്‍ദ്ദേശിക്കുന്ന പൊക്കത്തിലേക്ക് പറന്നു കയറും. അവിടെ ചുറ്റിക്കറങ്ങി നിന്ന് വീണ്ടും ചക്രമിറക്കാന്‍ നോക്കും. ചക്രം യഥാര്‍ത്ഥത്തില്‍ താഴേക്കിറങ്ങിയിട്ടും കോക്പിറ്റ് ഇന്‍ഡിക്കേറ്ററുകളില്‍ നിന്ന് അത് അറിയാന്‍ കഴിയാതെ പോകുന്നതാണ് എന്ന സംശയം തീര്‍ക്കാന്‍, മറ്റൊരു കാര്യം കൂടി ചെയ്യും. ടവറിലുള്ളവര്‍ക്കു നേരിട്ടു നോക്കി മനസിലാകത്തക്കവണ്ണം അവരോട് പറഞ്ഞ് വിമാനം വളരെ താഴ്ത്തി പറത്തും. അങ്ങിനെ നോക്കി, ചക്രം താഴ്ന്നിട്ടില്ല എന്നുറപ്പാക്കിയാല്‍ പിന്നെയും പറന്നു കയറും. ആ വിമാനത്താവളത്തില്‍ രക്ഷാസന്നാഹങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെങ്കില്‍ അടുത്ത വിമാനത്താവളത്തിലേക്കു പറഞ്ഞു വിടും. അല്ലെങ്കില്‍ അവിടെത്തന്നെ എല്ലാ സജ്ജീകരണങ്ങളും ചെയ്യും. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തോട് തയ്യാറായി നില്‍ക്കാന്‍ പറയും. കൂടുതല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട് എന്നു തോന്നിയാല്‍ സിറ്റിയിലെ അഗ്‌നിശമനസേനയെയും വിളിച്ചു വരുത്തും. എല്ലാവരും തയ്യാറായി നിര്‍ക്കുമ്പോഴാണ് ഇപ്പറഞ്ഞ ബെല്ലി ലാന്‍ഡിങ് നടത്തുക. അഥവാ, ഇനി ആരോടും മിണ്ടാതെ പൈലറ്റ് സ്വയമങ്ങു ബെല്ലി ലാന്‍ഡിങ് നടത്തിയെന്നു തന്നെ വയ്ക്കുക. പിന്നീടുണ്ടാകുന്നത് വിമാനം റണ്‍വേയുടെ അറ്റം വരെ ഓടിച്ചെന്ന് താഴെ മതിലുമിടിച്ച് തകരുകയല്ല. പള്ള ഉരഞ്ഞു നീങ്ങുന്ന വിമാനത്തിന്റെ എന്‍ജിനുകള്‍നിലത്ത് ഉരസി, ഇളകിത്തെറിക്കാം, തീപിടിക്കാം. ഉണ്ടാകുവുന്ന ദുരന്തം ഇപ്പോള്‍ കണ്ടതൊന്നുമായിരിക്കുകയുമില്ല.
സാധാരണ വാട്ട്സാപ്പ് വായനക്കാരെ വിടുക, നല്ല ഒന്നാന്തരം പ്രഫഷണല്‍, ദേശീയ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഇതു പകര്‍ത്തി വയ്ക്കുന്നതിനു മുമ്പ്, ഇക്കാര്യങ്ങളൊന്നും കരിപ്പൂരില്‍ നടന്നിട്ടില്ല എന്ന് അന്വേഷിച്ചു മനസിലാക്കാന്‍ എന്തായിരുന്നു തടസ്സം?

2. തീപിടിത്തം ഒഴിവാക്കാന്‍ പൈലറ്റ് വിമാനത്താളത്തെ മൂന്നു വലംവച്ച് ഇന്ധനം ഒഴുക്കിക്കളഞ്ഞു.- വീണ്ടും നുണ

ലാന്‍ഡിങ് ഗിയര്‍ താഴാതിരുന്നിട്ടില്ലെന്നതു കൊണ്ട്, അപകടസാധ്യതയുമില്ല, ഇന്ധനം കളയേണ്ട കാര്യവുമില്ല. മാത്രമല്ല ഇനി മറ്റേതെങ്കിലും കാരണം കൊണ്ട്, അപകട സൂചനകൊണ്ട് ഇന്ധനം ഒഴുക്കിക്കളയുന്നെങ്കില്‍ തന്നെ സുബോധമുള്ള ഒരു പൈലറ്റും ടവറിനെ അറിയിക്കാതെ അങ്ങിനെ ചെയ്യില്ല.
ഈ കുറിപ്പ് ഉണ്ടാക്കിയെടുത്തയാള്‍ ആലോചിക്കാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. വിമാനം യാത്രയ്ക്ക് പുറപ്പെട്ടയുടന്‍ പ്രശ്നങ്ങളുണ്ടാവുകയും അതേ വിമാനത്താളത്തില്‍ ഉടന്‍ തിരിച്ചിറങ്ങേണ്ടിയും വരുമ്പോഴാണ്, ഇന്ധന ടാങ്കുകള്‍ ഇങ്ങനെ തുറന്നു വിടുക. തീപിടിത്ത സാധ്യതമാത്രമല്ല കാരണം. ഭാരം കുറയ്ക്കല്‍ കൂടിയാണ് അത്. ലാന്‍ഡ് ചെയ്യാനെടുക്കുന്ന റണ്‍വേ ദൂരം കുറയ്ക്കാന്‍ വേണ്ടി.

Karipur air port photographs nammude naadu (8)

3. തീപിടിത്ത സാധ്യത പൂര്‍ണമായും ഇല്ലാതാക്കാന്‍ അദ്ദേഹം എന്‍ജിനുകള്‍ ഓഫ് ചെയ്തു.- നുണ

റണ്‍വേയുടെ അറ്റം കഴിയുമ്പോഴും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയിലും എന്‍ജിനുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് കരിപ്പൂരില്‍ നടന്ന അന്വേഷണം സൂചിപ്പിക്കുന്നത്. പിന്നെ എപ്പോഴായിരിക്കും ഈ എന്‍ജിന്‍ ഓഫാക്കല്‍ നടന്നത് ? ചെരിവിനും താഴെ കുറുകെപ്പോകുന്ന മതില്‍ ഇടിച്ചു തെറിപ്പിക്കുന്നതിനിടയിലോ?പിന്നെ തീപിടിത്തം ഉണ്ടാകാതിരുന്നതോ എന്ന് ഇനിയും ചോദിക്കുന്നവര്‍ക്കായി-വിമാനത്തിന്‍റെ ഇന്ധന ടാങ്ക് ചിറകുകളാണ്. അഥവാ ചിറകിനുള്ളിലാണ് ഇന്ധനം. ചിറകില്‍ തന്നെയാണ് എന്‍ജിനുകള്‍ ഘടിപ്പിച്ചിരിക്കുന്നതും. ചിറകോ, ചിറകിനോടു ചേര്‍ന്നുള്ള വിമാന ഭാഗങ്ങളോ തകര്‍ന്നിരുന്നോ എന്ന് കരിപ്പൂര്‍ അപകടചിത്രങ്ങളില്‍ നോക്കുക.

കടപ്പാട് ;സന്ദേശം .കോം

Share News