
പാലാ രൂപതയുടെ കുടുംബവർഷാചരണ പ്രോത്സാഹന പദ്ധതികൾ: തത്വ വിരുദ്ധമല്ല, ദേശവിരുദ്ധമല്ല, നിയമവിരുദ്ധവുമല്ല.
കഴിഞ്ഞ കുറേ ദിവസങ്ങളായി അച്ചടിമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പാലാരൂപതയുടെ കുടുംബവർഷാചരണവുമായി ബന്ധപ്പെട്ടു അടുത്ത നാളുകളിൽ പ്രഖ്യാപിക്കപ്പെട്ട ചില കുടുംബ പ്രോത്സാഹന പദ്ധതികളെക്കുറിച്ചുള്ള വാർത്തകളും അതേക്കുറിച്ചുള്ള ചില വിമർശനങ്ങളും വിവാദങ്ങളും തുടരെ കാണുവാനിടയായി. പാലാ ബിഷപ്പുംരൂപതയും കുടുംബങ്ങളെക്കുറിച്ചു പുതിയ എന്തെങ്കിലും ആശയങ്ങളെയോ തത്വങ്ങളെയോ നിലപാടുകളെയോ മുന്നോട്ടുവച്ചിരിക്കുന്നുവെന്ന മട്ടിലാണ് പ്രചാരണങ്ങൾ നടക്കുന്നത്.എന്നാൽ ആകമാന കത്തോലിക്കാസഭ ഇത്ര കാലവും വിശ്വസിക്കുകയുംപിൻതുടരുകയും ഉയർത്തിപ്പിടിക്കുകയും പഠിപ്പിക്കുകയും ചെയ്ത കുടുംബസങ്കല്പങ്ങൾക്കും കുടുംബ ധാർമ്മികതയ്ക്കും തികച്ചും അനുരൂപമായ ഒരുപ്രോത്സാഹന പദ്ധതി മാത്രമാണ് പാലാ രൂപത കുടുംബവർഷാചരണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ചിട്ടുള്ളത് എന്നതാണ് യാഥാർഥ്യവും വസ്തുതയും.


കുടുംബങ്ങൾ പ്രകൃതിനിയമങ്ങൾക്കുംസാമൂഹിക നിയമങ്ങൾക്കുമനുരൂപമായി കാലക്രമേണ രൂപപ്പെട്ട ഒരു നയ്യാമിക സംവിധാനമായിട്ടാണല്ലോ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.എന്നാൽ അതുമായി ബന്ധപ്പെട്ടു മുഖ്യധാരയിൽനിന്നു വ്യത്യസ്തങ്ങളായ ആശയങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല. അവ ഇന്നുമുണ്ട്. എങ്കിലും അതു സംബന്ധിച്ച പൊതു സമീപനങ്ങൾ ഇപ്പോഴും കൂടുതലായും ദേശ-ജാതി-മത- ഭേദ ങ്ങൾക്കും പ്രത്യയ ശാസ്ത്രവ്യത്യസ്തകൾക്കുമപ്പുറം ധാർമികവും സാമൂഹികവും ഒരു പരിധി വരെ ആത്മീയവുമായ സങ്കല്പങ്ങൾക്കും നയ-നിലപാടുകൾക്കുമൊപ്പമാണെന്നുള്ളതും ആർക്കും തന്നെ പൂർണമായി നിഷേധി ക്കാനുമാവുകയില്ല. അതിനർത്ഥം കുടുംബത്തെ നമ്മുടെ പൊതുസമൂഹം നിയമപരമായ ഒരു സംവിധാനമെന്നതു പോലെ തന്നെ സാമൂഹികവും ധാർമികവുമായ ഒരു കാഴ്ച്ചപ്പാടിലും കൂടി കാണാൻ ശ്രമിക്കുന്നുവെന്നു തന്നെയാണ്. അതാണ് സത്യവും.

ക്രൈസ്തവ സഭകൾ പൊതുവെയും കത്തോലിക്കാ സഭ സവിശേഷമായുംമിക്ക സാമൂഹിക വിഷയങ്ങളിലും ഒട്ടൊരു യാഥാസ്ഥിതിക സമീപനം സ്വീകരിക്കുന്ന സംവിധാനമാണെന്നുപൊതുവെ വിശ്വസിക്കപ്പെടുന്നുവെന്നതും നിഷേധിക്കുന്നില്ല. യാഥാസ്ഥിതികത്വം എന്നത് അതിനാൽതന്നെ ഒരു പാപമാകുന്നില്ലല്ലോ.കുറ്റവും. എല്ലാ മതങ്ങ ളിലും പാർട്ടികളിലും പ്രത്യയശാസ്ത്ര ഗ്രൂപ്പുകളിലും യാഥാസ്ഥിതികരും ഉൽപ്പതിഷ്ണുക്കളും നിഷ്പക്ഷരും ഉണ്ടാവുമല്ലോ. അതിനാൽതന്നെ നയതീരുമാനങ്ങൾ നേതൃതലത്തിൽ നിശ്ചയിക്കപ്പെടുമ്പോൾ വ്യത്യസ്ത തലങ്ങളിൽ ഭിന്നസ്വരങ്ങളും വിമർശനങ്ങളും ഉണ്ടായിക്കൂടെന്നുമില്ല. അതിലും അസ്വാഭാവികമായി ഒന്നുമില്ല. വിശ്വാസപരമായ കാര്യങ്ങളിൽ ഭിന്നതയോ വിയോജിപ്പോ ഇല്ലാത്തിടത്തോളം അത്തരം നയപരമായ തർക്കങ്ങളെ സഭയും സഹിഷ്ണുതയോടെ തന്നെയാണ് കാണുന്നതും കാണേണ്ടതും താനും.

ഇവിടെ പ്രധാനമായുംപരിശോധിക്കപ്പെടേണ്ടത് ഒന്നു മാത്രമേയുള്ളൂ. രൂപതയിലെ കുടുംബവർഷാചരണവുമായി ബന്ധപ്പെട്ടു പാലാ രൂപതയോ പാലാ ബിഷപ്പൊ പ്രഖ്യാപിച്ച കുടുംബ പ്രോൽസാഹന പദ്ധതികൾ സഭാ നിയമങ്ങൾക്കോ സഭയുടെ പ്രഖ്യാപിത വിശ്വാസ സത്യങ്ങൾക്കോ അംഗീകൃത നിലപാടുകൾക്കോ നയങ്ങൾക്കോ അനുസൃത മല്ലാത്തതോ നമ്മുടെ രാജ്യത്തു നിലനിൽക്കുന്ന ഭരണഘടനക്കോ നിയമങ്ങൾക്കോ വിരുദ്ധമാണോ എന്നതുമാണ്. സാമൂഹിക-സാമ്പത്തിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു കുടുംബത്തിൽ ഇത്ര കുട്ടികൾ മാത്രം ആവുന്നതാണ് നല്ലതെന്നുള്ളത് ജനസംഖ്യാ നിയന്ത്രണ നയത്തിന്റെ ഭാഗമായി –നിയമത്തിന്റെയല്ല — സർക്കാരുകളുടെ പൊതു നയവും നിലപാടും ആവുന്നതിലും യുക്തിഭംഗമില്ല. എന്നാൽ ജനസംഖ്യാ നിയന്ത്രണത്തിനു പ്രകൃതിയേതര കുടുംബസംവിധാന മാർഗങ്ങൾ അധാർമികമാണെന്നു പ്രഖ്യാപിതനിലപാടുള്ള കത്തോലിക്കാ സഭയുടെ പഠനങ്ങൾക്കു അനുസൃതമായി പ്രസ്തുത സഭയിലെ ഒരു ബിഷപ്പും അദ്ദേഹത്തിന്റെ ചുമതലയിൻ കീഴിലുള്ള രൂപതയും രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതലായ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനായി പ്രതിമാസ അലവൻസും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കുന്ന പ്രോത്സാഹന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ ആരും പ്രത്യേകിച്ചു അസ്വസ്ഥരാകേണ്ടതുമില്ലല്ലോ.

രാജ്യത്തിന്റെ നിയമങ്ങൾ ഒരു കുടുംബത്തിൽ ഇത്ര കുട്ടികളെ പാടുള്ളൂ എന്നു ഇന്നുവരെ നിയമപരമായി കൃത്യമായി ക്ലിപ്തപ്പെടുത്തിയിട്ടുമില്ല. അങ്ങിനെ ചെയ്യുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കുന്നതാണോ എന്നതൊക്കെ ദേശീയ സംവാദങ്ങൾക്കു തന്നെ ഇനിയും വിധേയമാകേണ്ടതുമുണ്ട്. ഇതുവരെ എന്തായാലും നിലവിലുള്ളരാജ്യ നിയമങ്ങൾക്ക് വിരുദ്ധമായോ വിരോധമായോ ഉള്ള ഒരു പദ്ധതിയും പാലാരൂപതയോ പാലാ ബിഷപ്പൊ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വസ്തുത. അതാണു യാഥാർത്ഥ്യവും.
അതിനിടെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങളിൽ വളരെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന കർഷക കുടുംബങ്ങൾ വളരെയേറെയുള്ള രൂപതയിലെ സാധാരണ വിശ്വാസികളെ ഉദ്ദേശിച്ചു വളരെ സദുദ്ദേശത്തോടെ മാത്രം രൂപതയിലെ കുടുംബവർഷാചരണത്തോടനുബന്ധിച്ചു പാലാ രൂപത മുന്നോട്ടുവച്ച കുടുംബ പ്രോത്സാഹന പദ്ധതിയെ മനഃപൂർവമായോ അല്ലാതെയോ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ആരായാലും അതു തികച്ചും നിർഭാഗ്യകരമെന്നേ പറയേണ്ടു. ആവശ്യത്തിലധികം വിവാദങ്ങൾ ഇപ്പോൾ തന്നെ വേണ്ടത്ര നമ്മുടെ നാട്ടിലുണ്ടല്ലോ താനും.!

ഡോ. സിറിയക് തോമസ്,
ചെയർമാൻ,പാലാ രൂപതാ പാസ്റ്ററൽ കൗണ്സിൽ.