പട്ടവും കവടിയാറും: അനന്തപുരിയുടെ ഭാഗ്യ രാശികൾ.

Share News

എനിക്കു പാലായും കോട്ടയവും കഴിഞ്ഞാൽ ഒരു പക്ഷേ ഏറ്റവും അടുപ്പവും ആത്മബന്ധവുമുള്ള നഗരം തിരു–
അനന്തപുരം തന്നെയാവണം. ആദ്യമായി തിരുവനന്തപുരം കാണുന്നത്
1949 ലാണ്. ഞങ്ങൾക്കെല്ലാമെന്ന്
ചെറുബാല്യമാണ്. 1948 ലെ നിയമസഭാ
തെരഞ്ഞെടുപ്പിൽ പിതാവ് ആർ.വി.
തോമസ് പാലായിൽ നിന്നും ആദ്യ
എം.എൽ. ഏ യായി എതിരില്ലാതെയാണ്
തെരഞ്ഞെടുക്കപ്പെട്ടത്. സ്റ്റേറ്റു കോൺഗ്രസ് സ്ഥാനാർത്ഥികളായി മീനച്ചിൽ
താലൂക്കിൽ നിന്നുമുള്ള മറ്റു മണ്ഡലങ്ങളിൽ നിന്നും ഒപ്പം മത്സരിച്ച അപ്പച്ചൻ്റെ രാഷ്ട്രീയ ശിഷ്യന്മാർക്കും – കെ.എം. ചാണ്ടിക്കും ചെറിയാൻ.ജെ. കാപ്പനും – എതിർ സ്ഥാനാർത്ഥികളുണ്ടായിരുന്നില്ല. അന്നതു വലിയ വാർത്തയായിരുന്നു.

തിരുവിതാംകൂറിൻ്റെ ആദ്യ മുഖ്യമന്ത്രി (പ്രധാനമന്ത്രി എന്നു തന്നെയായിരുന്നു അന്നു പറഞ്ഞിരുന്നത്) യായത് സാക്ഷാൽ പട്ടം താണുപിള്ള തന്നെ. സി. കേശവനും ടി.എം.വർഗീസും മന്ത്രിമാരും ഏ. ജെ. ജോൺ
നിയമസഭാ പ്രസിഡൻ്റും ( സ്പീക്കർ
എന്നു പദവിപ്പേര് മാറിയത് പിന്നീടായിരുന്നു). പത്തു മാസമെത്തും മുൻപു
കോൺ.നിയമസഭാകക്ഷിയിൽ പട്ടത്തിനെതിരെ പടപ്പുറപ്പാടായി. സ്‌റ്റേറ്റ് കോൺഗ്രസിൻ്റെ ആരംഭം തൊട്ട് (1938) പട്ടം തന്നെയായിരുന്നു പാർട്ടി പ്രസിഡൻ്റ്. മുഖ്യമന്ത്രിയായപ്പോഴും പട്ടം പാർട്ടി പ്രസിഡൻറ് പദത്തിൽ നിന്നും മാറാൻ തയ്യാറായിരുന്നില്ല.ആദ്യമൊന്നും ആരും അതു ചോദ്യം ചെയ്തതുമില്ല. പാർട്ടിയിലും സർക്കാരിലും അത്ര അനിഷേധ്യമായിരുന്നു താണുപിള്ള സാറിൻ്റെ പ്രഭാവം. തിരുവിതാംകൂറിൽ മഹാരാജാവും ദിവാനുമൊഴിച്ചു സ്രർ.സി.പി) സർവ്വരും പട്ടത്തെ താണു പിള്ള സാർ എന്നു മാത്രമേ പറഞ്ഞിരുന്നുള്ളു. ഭാര്യ പൊന്നമ്മ സാറും (സർക്കാർ സർവ്വീസിൽ സ്കൂൾഇൻസ്പെക്ടറസ്സായി
രുന്നു– D.E.O — അവർ.) പട്ടത്തെ താണുപിള്ള സാർ എന്നേ വിളിച്ചിരുന്നുള്ളു. അതായിരുന്നു പട്ടത്തിൻ്റെയും ഭാര്യ പൊന്നമ്മ സാറിൻ്റെയും രസതന്ത്രം എന്നും വേണമെങ്കിൽ പറയാം.

സ്വതന്ത്ര ബുദ്ധിയും വലിയ അഭിമാനി
യുമായിരുന്ന പട്ടത്തിനു ഒരു നിയമസഭാ കക്ഷി യോഗത്തിൽ രണ്ടു പദവികളിൽ ഏതെങ്കിലുമൊന്നു ഒഴിയണമെന്ന നിർദ്ദേശമുണ്ടായപ്പോൾ അതുൾക്കൊള്ളാനായില്ല. രണ്ടു പദവിക്കും താൻ യോഗ്യനല്ലെങ്കിൽ ഒരു പദവിയും
വേണ്ട എന്നു പ്രഖ്യാപിച്ചു കൊണ്ടു വേദി വിട്ടു അപ്പോൾ തന്നെ താഴേയ്ക്കിറങ്ങി മുൻ നിരയിലെ ഒരു കസേരയിലിരുന്ന താണുപിള്ള സാർ താൻ മുഖ്യമന്ത്രി പദവും ഒപ്പം പാർട്ടി അധ്യക്ഷ സ്ഥാനവും രാജിവയ്ക്കുകയാണെന്നു വികാരഭരിതനായി പറഞ്ഞതു സർവ്വരെയും സ്തബ്ധരാക്കി. ആദ്യത്തെ മുഖ്യമന്ത്രി തന്നെ പിന്നീട് സംസ്ഥാനത്തെ ആദ്യ പ്രതിപക്ഷനേതാവുമായി ചരിത്രത്തിലേക്കും നടന്നു കയറി!

അധികാരം പട്ടത്തെ വ്യത്യസ്തനാക്കി എന്നതു പാർട്ടിയിലെ പൊതുവികാരമായി കഴിഞ്ഞിരുന്നു. എം.എൽ.എ.
മാർക്കുപോലും മുഖ്യമന്ത്രിയെ കാണാനാകുന്നില്ല എന്നും പരാതിയുണ്ടായി. മന്ത്രിമാരുമായിപ്പോലും മുഖ്യമന്ത്രി
ഒരു കാര്യവും ചർച്ച ചെയ്യാനും തയ്യാറായിരുന്നില്ല. പട്ടം ദളവ എന്നും താണുപിള്ള ദിവാൻ എന്നുമൊക്കെ
പാർട്ടിയിലും പുറത്തും വിമർശകർ
പരിഹാസവുമുയർത്തിയിരുന്നു.
എന്നിട്ടും പട്ടത്തെ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറ്റണമെന്നൊന്നും ആരും ആലോചിച്ചിരുന്നില്ല എന്നതാണു സത്യം. “We only wished to tame the
Tiger and nothing more ” എന്നാണ്
പട്ടത്തിൻ്റെ രാജിയെക്കുറിച്ചു പിന്നീടൊരിക്കൽ സി. കേശവൻ തന്നെ പറഞ്ഞതെന്നു കെ.പി. മാധവൻ നായർ സാറും സാക്ഷ്യപ്പെടുത്തിയിരുന്നു !! പക്ഷേ കാര്യങ്ങളെല്ലാം കൈവിട്ടു പോയി എന്നതായിരുന്നു സത്യം. സി. കേശവനോ ടി.എം. വർഗീസോ പട്ടത്തിനു പകരം മുഖ്യമന്ത്രിയായാൽ അതു സംസ്ഥാന രാഷ്ട്രീയത്തിലെ സമുദായ സമവാക്യങ്ങളെ ആകെ അസ്വസ്ഥമാക്കിനിടയാക്കിയേക്കാമെന്ന വാദമുയർത്തിയത് ഈ ജോൺ ഫിലിപ്പോസായിരുന്നത്രേ. പട്ടത്തിനു
പകരം മുഖ്യമന്ത്രിയായി പറവൂർ ടി.കെ.
നാരായണപിള്ളയുടെ പേര് മുന്നോട്ട്
വച്ചതും ജോൺ ഫിലിപ്പോസായിരുന്നു
എന്നു പില്ക്കാലത്തൊരിക്കൽ സൂചിപ്പിച്ചത് പ്രമുഖ സ്റ്റേറ്റു കോൺഗ്രസ്
നേതാവും പിന്നീട് പി.സി.സി. പ്രസിഡൻറുമായിരുന്ന ഏ. പി. ഉദയഭാനു
സാറായിരുന്നു (കോൺ. ലെ കിംഗ് മേക്കറാ
യിരുന്ന കുമ്പളത്തു ശങ്കുപ്പിള്ളയെ
തോല്പ്പിച്ചാണ് ഉദയഭാനു പിൽക്കാലത്തു പി.സി.സി. പ്രസിഡൻ്റായത്). ടി.എം. വർഗീസ് മുഖ്യമന്ത്രിയാകുന്നത് തടഞ്ഞത് – ഒപ്പം സി. കേശവൻ്റെ സാധ്യതയും — ജോൺ ഫിലിപ്പോസാ യിരുന്നുവെന്നു ഉദയഭാനു സാർ അന്നു അറിഞ്ഞു കൊണ്ടു തന്നെ പറയാതെ പറഞ്ഞതാവുമോ? പില്ക്കാലത്ത് എനിക്കെഴുതാൻ വേണ്ടി. നിശ്ചയമില്ല! എന്നും സത്യത്തിൻ്റെ ഭാഗത്തു മാത്രം
നിന്ന ഒരു കോൺഗ്രസ് നേതാവായിരുന്നല്ലോ ഉദയഭാനു സാർ.

പാർട്ടിയിൽ തങ്ങളേക്കാൾ ജൂണിയറായിരുന്ന പറവൂർ ടി.കെ.യുടെ മന്ത്രി സഭയിൽ നിന്നും ടി.എം.വറുഗീസും സി.കേശവനും വിട്ടു നിന്നു. സ്പീക്കർ പദവിയൊഴിഞ്ഞു ഏ. ജെ. ജോണും ഒപ്പം ജോൺ ഫിലിപ്പോസും ടി.കെ. മന്ത്രിസഭയിൽ മന്ത്രിമാരുമായി.ഏ.ജെ. ജോണിനു പകരം സ്പീക്കറായി അപ്പച്ചൻ്റെ(ആർ.വി.തോമസ്)പേരു നിർദ്ദേശിച്ചത് സി.കേശവനായിരുന്നുവെന്നു പറഞ്ഞതും ഉദയഭാനു സാർ തന്നെയാണ്. അപ്പച്ചനെതിരെ പ്രതിപക്ഷം
അന്നു സ്ഥാനാർഥിയെ നിർത്തിയതുമില്ല. കോൺ. ലെ തൻ്റെ പഴയ വിശ്വസ്തനോട് പട്ടം കാണിച്ച ഒരു സന്മനസ്സുമാവാം! പട്ടം പാർട്ടി വിട്ടു പോയിട്ടും ഉദയഭാനു സാറിൻ്റെ മനസ്സിലെ പൊളി റ്റിക്കൽ ഹീറോ താണുപിള്ള സാർ തന്നെയായിരുന്നുവെന്നാണ് എൻ്റെ വിശ്വാസം. എന്തുകൊണ്ടോ പട്ടം താണുപിള്ളയോട് ബാല്യം മുതൽ എനിക്കും ഉള്ളിൽ ഒരു ആരാധനയു ണ്ടായിരുന്നുവെന്നതാണ് സത്യം.

അപ്പച്ചൻ സ്പീക്കറായതോടെയാണ് ഞങ്ങളും തിരുവനന്തപുരത്തേക്കു
താമസമായത്. വഴുതക്കാട് കോട്ടൺ
ഹിൽ ബംഗ്ലാവായിരുന്നു അപ്പച്ചനു
അന്ന് അനുവദിച്ചു കിട്ടിയ ഔദ്യോഗിക
വസതി.1949 ൽ തിരുവിതാംകൂർ—
കൊച്ചി സംയോജനത്തോടെ അപ്പച്ചൻ സ്പീക്കർ പദവി വിട്ട് സംസ്ഥാനത്തെ
ആദ്യ പബ്ളിക്കു സർവ്വീസ് കമ്മീഷൻ
മെംബറായി. ചേച്ചി ഹോളി ഏഞ്ചൽസ്
സ്കൂളിലും ചേട്ടനും ഞാനും സെൻ്റ്
ജോസഫ്‌സിലും വിദ്യാർത്ഥികളും!.
സ്പീക്കർ ബംഗ്ലാവു വിട്ടു താമസം പട്ടത്ത് (മരപ്പാലം)സാക്ഷാൽ പട്ടം താണുപിള്ള സാറിൻ്റെ വീടിനടുത്തു തന്നെയുള്ള ഒരു വാടക വസതിയിലും!
അതുകൊണ്ടു കിട്ടിയ ഒരു ഭാഗ്യം എന്നും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന താണുപിള്ള സാർ ശുദ്ധ ശുഭ്രമായ ഖദർ മുണ്ടും ജുബ്ബയും കഴുത്തിൽ ചുറ്റിയിട്ട കട്ടിക്കരയൻ
ഷോളുമായി ഒരു വലിയ കുടയും ചൂടി നീണ്ടു നിവർന്നു അദ്ദേഹത്തിൻ്റെ വസതിയിൽ നിന്നും മെയിൻ റോഡു വരെ (കാർ പോകാത്ത വീതി കുറഞ്ഞ ഒരു ഇടവഴിയായിരുന്നു പട്ടത്തിൻ്റെ വീട്ടിലേക്കുണ്ടായിരുന്നത്)
കാലത്തും വൈകിട്ടും മുടങ്ങാതെ വളരെ “രാജകീയ”മായി നടന്നു പോകുന്ന കാഴ്ച്ച മുടങ്ങിയിരുന്നില്ല എന്നതാണ്. അതൊരു ഒന്നൊന്നരക്കാഴ്ച്ച തന്നെയായിരുന്നു ! അധികാരത്തിലിരിക്കുമ്പോഴും മറുവശത്താകുമ്പോഴും ഒരേ ആത്മവിശ്വാസത്തിൻ്റെ ശരീര ഭാഷയോടെ പട്ടത്തെയല്ലാതെ മറ്റൊരു നേതാവിനെയും ഞാൻ ജീവിതത്തിൽ കണ്ടിട്ടുമില്ല. മൊറാർജി ദേശായിയെയല്ലാതെ !

പട്ടത്തു നിന്നു മിക്കപ്പോഴും മറ്റുകുട്ടി കൾക്കൊപ്പം നടന്നാണു ഞങ്ങൾ സ്കൂളിലേക്കു പോയിരുന്നത്. അതു
കൊണ്ടു തിരുവനന്തപുരത്തിൻ്റെ ഭൂമി
ശാസ്ത്രം ഞങ്ങൾക്കു ബാല്യത്തിലേ
മന:പാഠമായിക്കിട്ടി എന്നു പറയാം.
എളുപ്പവഴി പോയിരുന്നതുകൊണ്ട്
പ്ലാമ്മൂടും തേക്കിൻമൂടും ബാർട്ടൺ
ഹില്ലും കുന്നു കുഴിയുമെല്ലാം ഞങ്ങളുടെ പാദങ്ങൾക്കും പരിചിതമായി. മനസ്സിലും പതിഞ്ഞു കിട്ടി. ഇന്നും അതുകൊണ്ടു തിരുവനന്തപുരം ആത്മബന്ധം തോന്നുന്ന നഗരമെന്നതുപോലെ തന്നെ ബാല്യകാല സ്മരണകളുയർത്തുന്ന ഒരു നഗരവും കൂടിയാണ്. ഓരോ തിരുവനന്തപുരം യാത്രയും
അതുകൊണ്ടു തന്നെ ഊർജ്ജ ദായക
വുമാണ്. ഒട്ടും തന്നെ പ്രതീക്ഷിക്കാതെ പി.എസ്.സി. മെംബർ സാദ്ധ്യത വന്നപ്പോഴും കുടുംബ സാഹചര്യങ്ങളുടെ പ്രതിബന്ധങ്ങൾ പറഞ്ഞു മടിച്ചു നിന്ന ശിഷ്യൻ സ്റ്റാനിയോട് തിരുവനന്തപുരത്തിൻ്റെ പോസിറ്റീവ് എനർജിയെക്കു റിച്ചു സ്വന്തം അനുഭവത്തിൻ്റെ ബലത്തിൽ ഒരു മണിക്കൂർ ക്ലാസ്സെടുത്താണ് പി.എസ്.സി. പദവിയിലേക്കു മനസ്
വയ്പ്പിച്ചതെന്നതും ഞാൻ മറന്നിട്ടില്ല.

രാത്രി അല്പം വൈകിയാണു തിരുവനന്തപുരമെത്തിയത്. ഇത്തവണയും
സെക്രട്ടറിയായി രാജേഷ് തന്നെ കൂടെ വന്നു. ജോമോനു അവധിയില്ല. സാരഥിയായി മേലുകാവിൽ നിന്നും ജോസും. . പതിവു തെറ്റിക്കാതെ വൈ. എം.സി.എ ഗസ്റ്റ് ഹൗസിൽ തന്നെ താമസം.

പിറ്റേന്നു അതിരാവിലെ തന്നെ രാജേഷ് കൈമൾ പത്മനാഭ സ്വാമി ദർശനത്തിനു പോയി. കഴിഞ്ഞ തവണത്തെ ദർശനം ഗോവയിലെ ദേശീയ മത്സരത്തിൽ രാജേഷിനു സ്വർണ്ണം ഉറപ്പാക്കിയിരുന്നതുകൊണ്ടാവാം അതിനു നന്ദിപറയാനായി കൂടി അതിരാവിലെ തന്നെ ക്ഷേത്ര ദർശനത്തിനു പോയത്. കൈമളല്ലേ, ഭക്തിയും നന്ദിയും ഉണ്ടാവണമല്ലോ. 7.30 നു ജവഹർ നഗറിൽ ദീർഘകാല സുഹൃത്ത് മുൻ അംബാസിഡർ ടി.പി. ശ്രീനിവാസനുമായി കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്നു. ശ്രീനിക്കു അന്നു പത്തുമണിയുടെ ബാംഗ്ലൂർ ഫ്ളൈറ്റിൽ യാത്രയുണ്ട്. പ്രഭാത ഭക്ഷണം പട്ടം അരമനയിലാവുമെന്നു പറഞ്ഞിരുന്നെങ്കിലും ഇടക്കാലാശ്വാസമായി ചായയും ബിസ്ക്കറ്റുമൊക്കെ ശ്രീനിയുടെ വക
യായുമുണ്ടായി. രാജീവ് ചന്ദ്രശേഖറും ശശി തരൂരും പന്ന്യനുമൊക്കെ സ്വാഭാവികമായും ഞങ്ങളുടെ ചർച്ചയിൽ വന്നു. തിരുവനന്തപുരത്ത് ആരു ജയിക്കണമെങ്കിലും ക്ലീമീസ് ബാവാ തിരുമേനി കൂടി മനസ്സുവയ്ക്കേണ്ടി വരുമെന്നു തോന്നുന്നുവെന്നു ഞാൻ എൻ്റെ നിരീക്ഷണം പറഞ്ഞപ്പോൾ ശ്രീനിയും ചിരിച്ചു. പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലായെന്ന മട്ടിൽ.

ക്ഷേത്രത്തിൽ പോയ രാജേഷ് പട്ടത്ത്
പോകാൻ വരുമെന്നു പറഞ്ഞിരുന്നതായിരുന്നു. ശ്രീനിയോടു യാത്ര പറഞ്ഞു
പട്ടം അരമനയിൽ ചെല്ലുമ്പോൾ കൃത്യം
സമയം 8.30. ബാവായെ കണ്ടിട്ടു കാപ്പി
യാവാമെന്നു പറഞ്ഞെങ്കിലും സെക്രട്ടറിയച്ചൻ സമ്മതിച്ചില്ല. അവൽ കഴിഞ്ഞാൽ ബാവയുടെ ഇഷ്ട വിഭവം ഉപ്പുമാവായിരിക്കണമെന്നു മനസ്സിലായി. ഉപ്പുമാവ് എനിക്കും ഇഷ്ടം തന്നെ. പക്ഷേ പുട്ടു കഴിഞ്ഞേയുള്ളുവെന്നു മാത്രം ! സഹായ മെത്രാൻ മാത്യൂസ് മാർ പക്കോമിയോസ്(മനക്കരക്കാവിൽ തിരുമേനി) പിതാവു കാത്തിരുന്നിരുന്നു. ബിഷപ്പാകും മുൻപ് മാർ ഈവാനിയോസ് കോളജ് പ്രിൻസിപ്പലായിരുന്നതു കൊണ്ടു ഞങ്ങളുടെ സൗഹൃദത്തിനും നല്ല കാലപ്പഴക്കമുണ്ട്. സെമി നാരിയിൽ കൊച്ചു തിരുമേനി ഞങ്ങളു
ടെ കല്ലറങ്ങാട്ടു പിതാവിൻ്റെ സതീർത്ഥ്യനുമായിരുന്നു.

പട്ടം അരമനയിൽ ക്ലീമീസ് പിതാവുമായി ഒരു മണിക്കൂറിലധികം ആകാശത്തിൻ കീഴിലുള്ള ഒട്ടേറെ വിഷയങ്ങൾ സംസാരിച്ചു. സഭാകാര്യങ്ങളും. പിന്നെ കുറച്ചു രാഷ്ട്രീയവും. കർദ്ദിനാൾപ്പിതാവ് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ(കെ.സി.ബി.സി. സി.) പ്രസിഡൻ്റു കൂടിയാണ്. യാത്രയിൽ തിരുമേനിക്കു മടുപ്പുണ്ടായിരുന്നില്ലെ ന്നതായിരുന്നു യാഥാർത്ഥ്യം. പക്ഷേ ഇപ്പോൾ യാത്രകൾ പഴയതിൻ്റെ ഇരട്ടിയായിരിക്കുന്നു. സഭയിൽ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളെന്ന പദവിയൊക്കെ ഉണ്ടെന്നതു ശരിതന്നെ. പക്ഷേ കർദ്ദിനാളും മനുഷ്യനാണല്ലോ!

കവടിയാറിൽ പ്രിൻസസ്സ് അശ്വതി തിരു
നാളുമായി കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്നത് പതിനൊന്നുമണിക്കാണ്. പത്മശ്രീ ബഹുമതി കിട്ടിയ ശേഷം തമ്മിൽ കണ്ടിരുന്നില്ല. അത് പതിനൊന്നരയാക്കിയത് കൊണ്ടു പുനലൂർ ലളിതാംബികാന്തർ ജനം ഫൗണ്ടേഷൻ്റെ പുരസ്ക്കാര സമർപ്പണത്തിൽ കൂടി സംബന്ധിക്കുവാനും കഴിഞ്ഞു. ലളിതവും ഹൃദ്യവുമായ ഒരു ചടങ്ങ്. പ്രിൻസസ്സ് അശ്വതി തിരുനാൾ ഗൗരി ലക്ഷമീ ബായിക്കു ലഭിച്ച ദേശീയ ബഹുമതിക്കൊപ്പം തന്നെയാണ് സീനിയർ പ്രിൻസസ്സ് പൂയം തിരുനാൾ ഗൗരി പാർവ്വതീ ബായിക്ക് അന്തർദേശീയ പുരസ്ക്കാരവും കവടിയാറിലേക്കെത്തിയത്. ഫ്രഞ്ചു ഗവർമ്മെൻ്റിൻ്റെ ഷെവലിയർ പദവി. ഈ വർഷം പ്രസ്തുത ബഹുമതി
ലഭിച്ച മറ്റൊരാൾ ഡോ. ശശി തരൂരായിരുന്നു.

സീനിയർ പ്രിൻസസ്സ് കവടിയാറിലുണ്ടാ
യിരുന്നില്ല. കവടിയാർ കൊട്ടാരത്തിൻ്റെ
പടികളിൽ വന്നു നിന്നാണ് അശ്വതി തിരുനാൾ ഞങ്ങളെ സ്വാഗതം ചെയ്തത്. മകനാണോയെന്ന അർത്ഥത്തിൽ
രാജേഷിനെക്കണ്ടപ്പോൾ എൻ്റെ നേർക്കു നോക്കി. ശിഷ്യനും മകനും
ഒന്നല്ലേ പ്രിൻസസ്സ് എന്ന എൻ്റെ മറുപടിയിൽ അശ്വതി തിരുനാൾ പ്രസാദിച്ചു
രാജേഷിനെ നോക്കി ഹൃദ്യമായി ചിരിച്ചു. കൈമൾ ഗോവയിൽ വച്ചു നടന്ന ഇത്തവണത്തെ പഞ്ചഗുസ്തി ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലുമായി കാണാൻ വന്നതാണെന്നു
ഞാൻ പറഞ്ഞ നിമിഷം പ്രിൻസസ്സ്
തൻ്റെ വലതു കൈയിലെ അഞ്ചു വിരലുകളും മടക്കി ഒരു പഞ്ചിനെന്ന വണ്ണം
രാജേഷിനു നേർക്കു കൈയ്യുയർത്തിയത് അവിടെയുണ്ടായിരുന്നവരെ
മുഴുവൻ ചിരിപ്പിച്ചു. കൈമളും ചിരിച്ചു
പ്രിൻസസ്സിനു നേരേ ആദരപൂർവ്വം
കൈയ്യുയർത്തി ചലഞ്ചു സ്വീകരിക്കുകയും ചെയ്തു. ദേശീയ ചാമ്പ്യനായ വകയിൽ പ്രിൻസസ്സ് രാജേഷിനു ഒരു കസവ് ഷാൾ സമ്മാനമായി നൽകിയപ്പോൾ ശിഷ്യൻ തമ്പുരാട്ടിക്കു പത്മശ്രീക്കുള്ള ഉപഹാരമായി കസവിൻ്റെ തന്നെ മനോഹരമായ ഒരു സെറ്റുസാരിയാണ് സമർപ്പിച്ചത്. എൻ്റെയും അനുവിൻ്റെയും വകയായി കാശ്മീർ സിൽ ക്കിൻ്റെ ഒരു പൊന്നാടയും പ്രിൻസസ്സിനെ അണിയിച്ചാണ് പത്മശ്രീ ബഹുമതിയിൽ ഞങ്ങളുടെ ആദരവറിയിച്ചത്.

കവടിയാറിലെ സ്വീകരണ മുറിയിലി
രുന്നു മുക്കാൽ മണിക്കൂറോളം സംസാ രിച്ചു.ഗോവയിൽ ദേശീയ മത്സരത്തിനു പോകും മുൻപ് കൈമൾ ഇവിടെ വന്നു ശ്രീ പത്മനാഭ സ്വാമി ദർശനം നടത്തി പ്രാർത്ഥിച്ചിരുന്നുവെന്നു ഞാൻ പറഞ്ഞപ്പോൾ ശ്രീ പത്മനാഭ ശരണം എന്നു ജപിച്ചു കൊണ്ടവർ കണ്ണടച്ചു കൈ രണ്ടും നെഞ്ചിൽ ചേർത്തു വഞ്ചീ ഭൂമിയുടെ കുലദൈവത്തെ മനസ്സിൽ വണങ്ങി. എന്നിട്ടു ശിഷ്യനു നേർക്കു വാത്സല്യത്തോടെ ചിരിച്ചു. ഞാൻ കൈകൂപ്പി യാത്ര പറഞ്ഞു കൊണ്ടു എഴുന്നേറ്റു. പ്രിൻസസ്സും ഞങ്ങൾക്കൊപ്പം കവടിയാർ പാലസ്സിൻ്റെ പടിക്കെട്ടുകൾ വരെ വന്നു കൈകൂപ്പി. മിസ്സസിനോട് അന്വേഷണം പറയണമെന്നു ഒരിക്കൽ കൂടി എന്നെ ഓർമ്മിപ്പിച്ച് പത്മശ്രീ അശ്വതി തിരുനാൾ ഗൗരീ ലക്ഷ്മി ബായി വീണ്ടും ഞങ്ങൾക്കു നേർക്കു കൈകൂപ്പി തൊഴുതു.വെറുതേയല്ല ഇവിടെയുള്ളവർക്കു കവടിയാറിനോടു ഇത്രയും ആത്മബന്ധമെന്നു കാറിലിരുന്നു കൈമളിൻ്റെ ആത്മഗതം!

പാലായ്ക്കു മടങ്ങും മുൻപ് മറ്റൊരു
ശിഷ്യൻ്റെ വിളിയെത്തി. ഡോ.സ്റ്റാനി .
ഇപ്പോൾ പി.എസ്.സി. മെമ്പറാണ്. ഉച്ചയൂണ് ഒന്നിച്ചാവാമെന്നും വൈ.എം. സി. എ. യിലേക്കുപത്തുമിനിറ്റിനുള്ളിൽ എത്തുമെന്നും ശിഷ്യൻ. രാജേഷ് സ്റ്റാനിയുടേയും ശിഷ്യനാണ്. ക്രിസ്മസ് നോയമ്പിനോടുള്ള ആദരവായി തമ്പാനൂരെ ആര്യ നിവാസിലാവാം ഉച്ചയൂണെന്നും തീരുമാനമായി. സ്റ്റാനിയും പിന്നെ സെക്രട്ടറിയും സാരഥിയുമായി ആഗ്നലും. ഡ്രൈവിംഗിൽ മാത്രമല്ല, ഏതു കാര്യത്തിലും ആഗ്നലിനു ഒരു ആർട്ടുണ്ട്. അവൻ്റെ ഒരു ജ്യേഷ്ഠൻ ഡോൺ രണ്ടുവർഷത്തോളം സെക്രട്ടറിയായി എനിക്കൊപ്പമുണ്ടായിരുന്നു. ഇപ്പോൾ സി.എം.ഐ.സന്യാസസഭയിൽ ചേർന്ന് ബാംഗ്ലൂർ ധർമ്മാരാമിൽ വൈദിക പഠനത്തിലാണ് . പി. ജി. കഴിഞ്ഞാണ് സെമിനാരിയിൽ ചേർന്നത്. സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരു പോലെ മിടുക്കൻ. അവൻ അച്ചനായിക്കഴിഞ്ഞിട്ടേ എൻ്റെ സ്വർഗ്ഗാരോഹണമുള്ളു എന്നാണ് ഡോണിൻ്റെ ഉറപ്പ്! അച്ചനാകാൻ ഡോൺ രണ്ടുമൂന്നു വർഷങ്ങൾ കൂടി ഇനി വേണ്ടതിൽ കൂടുതലെടു ത്താലും എനിക്കു ഒരു പരിഭവവുമില്ല.!!

ഒന്നാം തരം വെജിറ്റേറിയൻ ഊണാണ്
ആര്യ നിവാസിൽ. ഏതും രുചികരം.
വളരെ നല്ല സർവ്വീസും. തിരുവനന്തപുരത്ത് വന്നാൽ ആര്യ നിവാസിൽ ഒരു തവണയെങ്കിലും പോകാതിരിക്കുകയില്ല. തെറ്റിക്കാത്ത ഒരു പതിവ്. അവർക്കുമതറിയാം. അതിൻ്റെ സ്നേഹം അവർക്കുമുണ്ട്. തിരുവനന്തപുരത്തിൻ്റെ ഒരു അലങ്കാരവും ഐശ്വര്യവുമാണ് ആര്യനിവാസെന്നു ഒരിക്ക ലെങ്കിലും അവിടെ പോയിട്ടുള്ളവർ സമ്മതിക്കാതിരിക്കുകയുമില്ലല്ലോ.. ആര്യനിവാസിൽ നിന്നു നേരേ തന്നെ വൈ.എം.സി.എ.യിൽ വന്നു ബാഗുകളുമെടുത്ത് അപ്പോൾ തന്നെ നേരേ പാലായിലേക്കു മടക്കം. സെക്രട്ടേറിയറ്റിനു മുന്നിലൂടെ തിരിയെപ്പോരുമ്പോൾ അറിയാതെ തന്നെ നോക്കിപ്പോയി. എത്ര പ്രൗഢമായ നമ്മുടെ ഭരണസിരാകേന്ദ്രം. കലാപരമായ
ഭംഗിയിൽ ബാംഗ്ലൂരിലെ വിധാൻ സൗധമോ ചെന്നെയിലെ ഫോർട്ട് സെൻ്റ്
ജോർജോ ഒന്നും നമ്മുടെ സെക്രട്ടേറിയറ്റിൻ്റെ അടുത്തുപോലുമെത്തുന്നില്ലല്ലോ. ഹജൂർ കച്ചേരി പണിത ദിവാൻ സർ. ടി. മാധവറാവുവിൻ്റെ “സ്റ്റാറ്റ്യൂ” ഹജൂർ കച്ചേരിക്കഭിമുഖമായി റോഡിനു മറുവശത്തായി തല ഉയർത്തി നില്ക്കുന്നുണ്ട്. മുന്നിൽ നടക്കുന്നതൊക്കെ കാണുന്നുണ്ടോ ആവോ?

എന്തൊക്കെ പറഞ്ഞാലും തിരുവനന്തപുരം തിരുവനന്തപുരം തന്നെ. താഴ്ന്ന ക്ലാസ്സുകളിലായാലും ഇവിടെ
പഠിക്കാനും ഇവിടത്തെ സർവ്വകലാശാ
ലയിൽ നിന്നും ഡിഗ്രികൾ നേടാനും
പില്ക്കാലത്ത് ആ സർവ്വകലാശാല
യിൽത്തന്നെ പ്രോ-വൈസ് ചാൻസിലറും കുറേനാൾ ആക്ടിംഗ് വൈസ് ചാൻസിലറുമൊക്കെയായി പ്രവർത്തിക്കാനും ദൈവം അനുഗ്രഹിച്ചല്ലോ.
പിന്നെ ഗാന്ധിജിയുടെ പേരിലുള്ള
സ്വന്തം സർവ്വകലാശാലയിലും വൈസ് ചാൻസിലർ.ഒപ്പം ശാസ്ത്ര വിഷയങ്ങളിൽ വലിയ അവഗാഹമൊന്നും ഇല്ലാതെ തന്നെ കൊച്ചി ശാസ്ത്ര- സാങ്കേതിക സർവ്വകലാശാലയുടെ ഭരണതലപ്പത്തും! ഒക്കെ ഒരു ദൈവാ ധീനം! പിന്നെ ഗുരുത്വവുമെന്നേ എനിക്കു പറയാനുള്ളു. പക്ഷേ എൻ്റെ
ജീവിതത്തിൽ തിരുവനന്തപുരം ബാല്യത്തിലും യൗവ്വനത്തിലും മധ്യവയസ്സിലും
മാത്രമല്ല, ജീവിത സായാഹ്നത്തിലും
ഭാഗ്യരാശിയുള്ള ഒരു നഗരം എന്നു
വിശ്വസിക്കുവാനാണിഷ്ടം!

പാലായുടെ ആദ്യ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് സ്വന്തം ആത്മകഥയ്ക്കു നൽകിയ പേരു എത്ര മനോഹരം. എത്ര അർത്ഥപൂർണ്ണവും.

“ദൈവമേ! നിൻ്റെ വഴികൾ എത്ര
സുന്ദരം” !!!

ഡോ. സിറിയക് തോമസ്.

Share News