
നാട്ടുകാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നാട്ടുകാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ക്വാറന്റൈനിൽ കഴിയുന്നവര്‍ നിർദേശങ്ങൾ ലംഘിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇത്തരക്കാരെ ജനങ്ങള്‍ ഉപദേശിക്കാനും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തുനിന്ന് ഉള്‍പ്പെടെ വരുന്നവരെ ആസൂത്രണത്തോടെയും ചിട്ടയോടെയും സ്വീകരിക്കാനും ക്വാറന്റൈനിലാക്കാനും കഴിയണം. അതിന് സൗകര്യമുണ്ട്. വിമാനത്താവളത്തിലും റെയില്‍വെ സ്റ്റേഷനിലും എത്തുന്നവരെ ക്വാറന്റൈനിലയക്കുകയാണ്. ഇവര്‍ പോകുന്ന വഴിയില്‍ ഇറങ്ങാനോ ആരെയും കാണാനോ പാടില്ല. ഇത് ലംഘിച്ചാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വരുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി സര്‍ക്കാരിന് ലഭിക്കണം. അതിന് വരുന്നവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.