പോഞ്ഞിക്കര റാഫിയുടെ ജന്മശതാബ്ദി

Share News

1924 ഏപ്രിൽ 12ന് എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയിൽ നടുവത്തേഴത്ത് ജോസഫിൻറെയും അന്നയുടെയും മകനായി റാഫി ജനിച്ചു. പോഞ്ഞിക്കരയിൽ പ്രാഥമിക വിദ്യാഭ്യാസവും എറണാകുളം സെന്ററ് ആൽബർട്‌സിൽ സ്കൂൾ വിദ്യാഭ്യാസവും കഴിഞ്ഞ് ഗവൺമെൻ്റ് ട്രേഡ് സ്‌കൂളിൽ നിന്ന് സാങ്കേതിക പരിശീലനം നേടി. കൊച്ചിൻ ഹാർബർ വർക്ക്‌ഷോപ്പിൽ ഫീറ്ററായി ജോലിക്കുചേർന്നു. തൊഴിലാളി സംഘടന രൂപീകരിക്കുവാൻ ശ്രമിച്ചുവെന്ന കാരണത്താൽ ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടു. അതിനുശേഷം ലഭിച്ച ഇന്ത്യൻ അലൂമിനിയം കമ്പനിയിലെ ജോലിയിലും ഇതുതന്നെ ആവർത്തിക്കപ്പെട്ടു. അതോടെ കമ്പനികളിലെ ജോലി മതിയാക്കി.

റാഫിയിലെ ഉറങ്ങിക്കിടന്നിരുന്ന സർഗഭാവം ഉണർന്നെഴുന്നേറ്റത് ജോലി നഷ്ടപ്പെട്ടതിനുശേഷമാണ്. പറന്നകന്നുപോകുന്ന നിമിഷങ്ങൾ മനുഷ്യമനസ്സിലങ്കുരിപ്പിക്കുന്ന വർണഭേദങ്ങൾ സൂക്ഷ്‌മമായും സുന്ദരമായും ആവിഷ്ക്കരിക്കുന്ന കഥാകാരനായി അതോടെ റാഫി വളർന്നുതുടങ്ങി.

‘സത്യനാദം’ വാരികയിലാണ് ആദ്യത്തെ കഥ ‘ആന്റണിയുടെ വാഗ്ദാനം’ പ്രസിദ്ധപ്പെടുത്തിയത്. മലയാളത്തിൽ പ്രചാരത്തിലിരുന്ന മിക്ക വാരികകളിലും പോഞ്ഞിക്കര റാഫിയുടെ കഥകൾ പിന്നീട് പ്രസിദ്ധീകൃതമായി. 1945ൽ ആദ്യകൃതിയായ ‘ഭാവി’ പുറത്തുവന്നു. 1958ൽ അദ്ദേഹം എഴുതിയ ‘സ്വർഗ്ഗദൂതൻ’ ഭാഷയിലെ ആദ്യത്തെ ബോധധാരാ നോവലാണ്.

‘സുപ്രഭ’, ‘വാഗ്ദാനം’ എന്നീ വാരികകളുടെ സഹപത്രാധിപരായും സി.ജെ. തോമസിൻ്റെ നേതൃത്വത്തിൽ കോട്ടയത്തു നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ‘ഡെമോക്രാറ്റി’ലും റാഫി പ്രവർത്തിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറുമൊത്ത് എറണാകുളത്ത് ‘സർക്കിൾ ബുക്ക് ഹൗസ്’ നടത്തിയിരുന്നു. 1962 മുതൽ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽ പ്രൊഡക്ഷൻ അസിസ്റ്റൻ്റ്, ബുക്ക് സ്റ്റാൾ മാനേജർ, റീഡർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച റാഫി 1966 മുതൽ ഒരു ദശാബ്ദക്കാലം സമസ്തകേരള സാഹിത്യ പരിഷത്തിൻ്റെ സെക്രട്ടറി, വൈസ് പ്രസിഡൻ്റ് എന്നീ പദവികളും അലങ്കരിച്ചു.

1963-ൽ പോഞ്ഞിക്കര റാഫി വിവാഹിതനായി. എഴുത്തുകാരിയും അദ്ധ്യാപികയുമായ സെബീനയായിരുന്നു വധു.സെബീനാടീച്ചറുമൊത്ത് 1971-ൽ രചിച്ച ‘കലിയുഗം’ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായി. 1981ൽ പ്രസിദ്ധീകരിച്ച ഓരാ പ്രൊ നോബിസ് കെ.എൽ.സി.എ. പുരസ്‌കാരത്തിനും അർഹമായി.

റാഫി ദമ്പതികളുടെ ഇരുപത് വർഷത്തെ നീണ്ട തപസ്സിന്റെ ഫലമാണ് ‘ശുക്രദശയുടെ ചരിത്രം’. അവരുടെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഗവേഷണ ഗ്രന്ഥമാണത്. സെബീനാ റാഫിയുടെ അന്ത്യനാളുകളിലാണ് ‘എമ്മാവൂസിലേക്കുള്ള യാത്രയും മാർക്സിസം ഒരു തിരിഞ്ഞുനോട്ടവും’ പ്രസിദ്ധപ്പെടുത്തിയത്.

പോഞ്ഞിക്കര റാഫി സെബീനാ റാഫി ദമ്പതികളുടെ പ്രപഞ്ചം വേദങ്ങളിലും സൈന്ധവരുടെ നാഗരികതയിലും അസുരഗുരു ശുക്രമുനിയുടെ നീതിശാസ്ത്രം ഉൾപ്പെടെയുള്ള ഗഹനമായ വിഷയങ്ങളിലെ ഗവേഷണങ്ങളിലേക്കും തിരിഞ്ഞപ്പോൾ മലയാള നോവൽ, ചെറുകഥ രംഗത്തിന് നഷ്ടപ്പെട്ടത് അമൂല്യമായ പലതുമായിരുന്നു.

ചെറുകഥ, നോവൽ, നാടകം, പഠനങ്ങൾ എന്നീ വിഭാഗങ്ങളിലായി 25 പുസ്ത‌കങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. റാഫി ദമ്പതികൾ ഒരുമിച്ചെഴുതിയവയാണ്. ‘കലിയുഗം’, ‘എമ്മാവൂസിലേക്കുള്ള യാത്രയും മാർക്സിസം ഒരു തിരിഞ്ഞുനോട്ടവും’, ‘ശുക്രദശയുടെ ചരിത്രം’ എന്നിവ. ‘ചവിട്ടുനാടകം’, ‘ക്രിസ്‌തുമസ് സമ്മാനം’ എന്നീ പുസ്ത‌കങ്ങൾ സെബീനാ റാഫിയുടേതാണ്.

റാഫി ദമ്പതികൾക്ക് മക്കളില്ല. 1990 ജൂൺ 22ന് സെബീനാ റാഫി അന്തരിച്ചു. 1992 സെപ്‌തംബർ 6ന് പോഞ്ഞിക്കര റാഫി നിര്യാതനായി.

വാൽക്കഷണം : മലയാള സാഹിത്യലോകം പോഞ്ഞിക്കര റാഫിയുടെ ജന്മശതാബ്ദി മറന്നതെന്തേ? സെബീന റാഫിയുടെ ജന്മശതാബ്ദിയും നമ്മൾ മറന്നു. കേരള സാഹിത്യ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ ഈ ജന്മശതാബ്ദി വിസ്മരിക്കപ്പെടുന്നത് എന്തുകൊണ്ട്?

മക്കളില്ലാതെ പോയതുകൊണ്ട് ഇവരുടെ വിലപ്പെട്ട ഗ്രന്ഥങ്ങൾ മലയാളത്തിന് നഷ്ടപ്പെടണോ? അവകാശ തർക്കങ്ങളിൽ കുടുങ്ങി കിടക്കുന്ന നല്ല കൃതികളുടെ പുനപ്രസിദ്ധീകരണത്തിന് നിയമനിർമ്മാണം തന്നെ വേണ്ടതാണ്. ഇതൊക്കെ ചെയ്യേണ്ട നമ്മുടെ സാഹിത്യ അക്കാദമി ഉറക്കം വെടിയണം. അതോ അക്കാദമി പോലുള്ള സ്ഥാപനങ്ങൾക്ക് ഒന്നും ചെയ്യാനില്ലേ?

Shaji George 

Share News