
ദാരിദ്ര്യം സാധാരണ അളക്കുക വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. ദരിദ്രരെ എണ്ണുന്നതിന് ആദ്യം മിനിമം വേണ്ട വരുമാനം കണക്കാക്കണം.
ദാരിദ്ര്യം സാധാരണ അളക്കുക വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. ദരിദ്രരെ എണ്ണുന്നതിന് ആദ്യം മിനിമം വേണ്ട വരുമാനം കണക്കാക്കണം. സുരേഷ് ടെണ്ടുൽക്കർ എന്ന വിദ്വാനാണ് നിലവിലുള്ള ദാരിദ്ര്യരേഖയെ നിർവ്വചിച്ചത്. കേരളത്തിൽ 2020-ൽ തുക ഗ്രാമങ്ങളിൽ 1018 രൂപയും നഗരങ്ങളിൽ 987 രൂപയുമാണ്. അടുത്തതായി ഈ വരുമാനം ഇല്ലാത്ത ജനസംഖ്യയെ കണക്കാക്കും. ഇതിനു ദേശീയ സാമ്പിൾ സർവ്വേയുടെ ഉപഭോഗ സർവ്വേയാണ് ഉപയോഗപ്പെടുത്തുക. ഇങ്ങനെ കണക്കാക്കുമ്പോൾ കേരളത്തിൽ ദരിദ്രരുടെ ശതമാനം 7.05 ശതമാനമാണ്.
എന്നാൽ വരുമാനം എന്തിനാണ്? ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, മരുന്ന്, പാർപ്പിടം തുടങ്ങിയ ചെലവുകൾക്കാണല്ലോ. അതുകൊണ്ടു വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദാരിദ്ര്യം കണക്കുകൂട്ടുന്നതിനേക്കാൾ ഫലപ്രദം മിനിമം വേണ്ടുന്ന ആരോഗ്യവും വിദ്യാഭ്യാസവും ജീവിതനിലവാരവും ഉണ്ടോയെന്നു പരിശോധിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭാ ഏജൻസികൾ അഭിപ്രായപ്പെട്ടു. അവർ അങ്ങനെ വരുമാനം എന്ന ഏകമാന സൂചിക വിട്ടു വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം എന്നിവയുടെ സൂചകങ്ങളെ കൂട്ടിച്ചേർത്ത് മൾട്ടിഡയമൻഷണൽ പോവർട്ടി ഇൻഡക്സ് ഉണ്ടാക്കി.
അതുപ്രകാരം 2020-ൽ 107 രാജ്യങ്ങളെ പരിശോധിച്ചതിൽ ഇന്ത്യയുടെ സ്ഥാനം 62 ആയിരുന്നു. വികസിത രാജ്യങ്ങളെ ഈ കണക്കുകൂട്ടതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും പറഞ്ഞുകൊള്ളട്ടെ.ഈ മാതൃകയിൽ നീതി ആയോഗും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ നില താരതമ്യപ്പെടുത്തിക്കൊണ്ട് സൂചികകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 2021-ലെ പഠനമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതുപ്രകാരം കേരളത്തിൽ ദരിദ്രരുടെ എണ്ണം ജനസംഖ്യയുടെ 0.71 ശതമാനമേ വരൂ. ഏറ്റവും കൂടുതൽ ദരിദ്രരുള്ളത് ബീഹാറിലാണ്. 51.9 ശതമാനം.
എന്നുവച്ചാൽ മൾട്ടിഡയമൻഷണൽ സൂചിക എടുത്താൽ കേരളത്തിലെ ദരിദ്രരുടെ എണ്ണം ശതമാന അടിസ്ഥാനത്തിൽ 7.05 ശതമാനമായിരുന്നത് 0.71 ശതമാനമായി കുറയുന്നു. എന്നാൽ ബീഹാറിലാവട്ടെ ദാരിദ്ര്യത്തിന്റെ തോത് 33.74 ശതമാനത്തിൽ നിന്ന് 51.9 ശതമാനമായി ഉയരുന്നു.എന്തുകൊണ്ട് ഈ കടകവിരുദ്ധ പ്രവണത? ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും സ്ഥിതി ബീഹാറു പോലെയാണ്. കാരണം ലളിതമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ഭക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ കേരളത്തിൽ പൊതു സംവിധാനം വഴി ജനങ്ങൾക്കു ലഭ്യമാക്കുകയാണു ചെയ്യുന്നത്. അതിന്റെ ഗുണഫലമാണ് ദരിദ്രരുടെ ശതമാനം 0.71 ആയി കുറഞ്ഞത്.
ഇങ്ങനെ ദരിദ്രരായി തുടരുന്ന ഈ ചെറുവിഭാഗത്തെ കൃത്യമായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്താനാണ് അതിദാരിദ്ര്യ സർവ്വേ. ഈ കുടുംബങ്ങൾക്കു മൈക്രോ കുടുംബ പ്ലാൻ ഉണ്ടാക്കി അവരുടെ കുറവുകൾ പരിഹരിച്ചാൽ കേരളം ദാരിദ്ര്യമുക്ത സംസ്ഥാനമാകും.
പ്രതീകാത്മക ചിത്രം – ഇൻ്റർനെറ്റിൽ നിന്ന്

Dr.T.M Thomas Isaac