വൈദ്യുതി തടസ്സം അതാണല്ലോ ചർച്ച.|എന്ത് കൊണ്ട് ലൈൻ ഓഫ് ആകുന്നു.|പരിഹാരം?

Share News

വൈദ്യുതി തടസ്സം അതാണല്ലോ ചർച്ച.

ആദ്യമേ പറയട്ടേ എഴുത്ത് കുറച്ച് ദീർഘമാണ്. ക്ഷമയോടെ വായിക്കുക.

രാത്രി വൈദ്യുതി പോകാനുള്ള കാരണം ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൻ്റെ ഭാഷയിൽ പറഞ്ഞാൽ ഓവർലോഡ് ആണ്.

അതായത് ഒരു ബസ്സിൽ അതിൻറെ ലോഡിനേക്കാളും കൂടുതൽ ജനങ്ങളെ കയറ്റി യാത്ര ചെയ്യുന്നതിന് ഒരു പരിധിയുണ്ടല്ലോ?. ഈ പരിധിയിലും കൂടുതൽ ആളുകൾ ആ ബസ്സിൽ യാത്ര ചെയ്താൽ ബസ് അപകടത്തിൽ പെടും.
ഇങ്ങനെ അപകടത്തിൽ പെടാതിരിക്കാൻ വേണ്ടി ചില സംവിധാനങ്ങളും, മറ്റ് നിയമങ്ങളും നമ്മൾ സംവിധാനിച്ചിട്ടുണ്ട്.

അതുപോലെ തന്നെ വൈദ്യുത ലൈനുകൾ ഓവർലോഡ് ആകുമ്പോൾ അത് സ്വമേധയാ ഓഫ് ആകുന്നതിനും, അതുവഴി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമുള്ള സംവിധാനം ഉണ്ട്.

എന്ത് കൊണ്ട് ലൈൻ ഓഫ് ആകുന്നു.

ദിനംപ്രതി നമ്മുടെ ലോഡ് കൂടിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് വൈദ്യുതി നിർമ്മാണ, വിതരണ സംവിധാനം ( ജനറേറ്റിംഗ് സ്റ്റേഷൻ, സബ് സ്റ്റേഷൻ) മുതലായവ ഇവിടെ കൂടിയിട്ടില്ല. നിങ്ങൾക്കറിയാവുന്നത് പോലെ കഴിഞ്ഞ വർഷങ്ങളിലായി വൈദ്യുതി ഉപയോഗിക്കുന്ന കൂടുതൽ സ്ഥാപനങ്ങളും, വീടുകളും അധികരിച്ചിട്ടുണ്ട്. ഒന്നാലോചിച്ചു നോക്കൂ ഇക്കാലയളവിൽ എത്രത്തോളം വൈദ്യുതി വാഹനങ്ങളാണ് നിരത്തിൽ അധികരിച്ചിട്ടുള്ളത്. എത്രത്തോളം എയർകണ്ടീഷണറുകളാണ് വീടുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ചുമരിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. (മിക്കവാറും ഇവയുടെ കണക്ക് KSEB യിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ടാവില്ല), എത്ര സ്ഥാപനങ്ങളും, കെട്ടിടങ്ങളും ആണ് അധികരിച്ചിട്ടുള്ളത്.

ഇക്കാരണം കൊണ്ടൊക്കെ തന്നെ രാത്രി സമയത്ത് (10 മണി മുതൽ 12 മണി വരെ) കൂടുതൽ ലോഡ് (എയർ കണ്ടീഷൻ, എയർ കൂളർ, ഫാനുകൾ 2ഉം , 3ഉം എണ്ണം മുതലായവ) ഉപയോഗിക്കുന്നു. (ഇക്കാര്യത്തിൽ പൊതുജനങ്ങളെ കുറ്റം പറയാൻ സാധിക്കില്ല. കാരണം ചൂട് അത്രത്തോളം കഠിനമാണ്.) കൂടാതെ ഇതോടൊപ്പം തന്നെ വൈദ്യുതി വാഹനങ്ങളുടെ ചാർജിങ്, റഫ്രിജറേറ്റർ, അലങ്കാര വിളക്കുകൾ മുതലായ മറ്റു ലോഡുകളും പ്രവർത്തിപ്പിക്കുന്നു.

ഇങ്ങനെ ഒരേ സമയം തന്നെ ഈ ലോഡുകൾ പ്രവർത്തിക്കുമ്പോൾ ലൈൻ ഓവർലോഡ് ആവുകയും സബ്സ്റ്റേഷനിലെ ബ്രേക്കർ ഓട്ടോമാറ്റിക്കായി ട്രിപ്പായി വൈദ്യുതി ലൈൻ ഓഫ് ആവുകയും ചെയ്യുന്നു. ഈ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നത് കൊണ്ടാണ് വൈദ്യുതി പോകുന്നത്.

(ഇങ്ങനെ കൃത്യമായി ഈ സംവിധാനം പ്രവർത്തിച്ചില്ലെങ്കിൽ സബ്സ്റ്റേഷനുകളിലെ വമ്പൻ ട്രാൻസ്ഫോർമറുകളും, അതോടനുബന്ധിച്ചുള്ള മറ്റു ഉപകരണങ്ങളും കത്തി നശിക്കുകയും, ദിവസങ്ങളോളം ഒരു വലിയ പ്രദേശമാകെ തീരെ വൈദ്യുതിയില്ലാത്ത സ്ഥിതിവിശേഷം സംഭവിക്കുകയും ചെയ്യും.)

പൊതു ജനങ്ങൾക്കെന്ത് ചെയ്യാം

  1. രാത്രി 10 മണി മുതൽ 12 മണി വരെ റഫ്രിജറേറ്റർ ഓഫ് ചെയ്തു വെക്കാം
  2. വാഹന ചാർജിങ് ആ സമയം മാറ്റിവെക്കാം
  3. അലങ്കാര വിളക്കുകൾ തുടങ്ങി ആവശ്യമില്ലാത്ത ലൈറ്റുകൾ ഓഫ് ചെയ്യാം
  4. എയർകണ്ടീഷനറുകൾ 16ലും , പതിനെട്ടിലും ഇടുന്നതിനു പകരം 26 ലും 27 ലും സെറ്റ് ചെയ്തു വെക്കാം (ടെമ്പറേച്ചർ കുറച്ചു വെക്കുമ്പോൾ കൂടുതൽ ലോഡ് ലൈനിൽ നിന്നും എടുക്കുന്നു)
  5. എയർ കണ്ടീഷനിനോട് കൂടെ റൂം തണുക്കുന്നതിന് വേണ്ട വൈദ്യുതി കൊണ്ടല്ലാത്ത മറ്റ് മാർഗ്ഗങ്ങൾ കൂടി സ്വീകരിക്കാം
  6. കഴിയുമെങ്കിൽ ഒരു എസി ഉപയോഗിച്ച് എല്ലാവരും ഒരു റൂമിൽ കിടക്കാം
  7. ഫാനിൻറെ എണ്ണം കുറക്കാം.
  8. മറ്റ് ആവശ്യമില്ലാത്ത ലോഡുകൾ ആ സമയത്ത് പ്രവർത്തിക്കാതിരിക്കാം
  9. പുതിയ ഉപകരണങ്ങൾ വൈദ്യുതി ലൈനുമായി കണക്ട് ചെയ്യുമ്പോൾ കെഎസ്ഇബിയിൽ അറിയിച്ചു (രജിസ്റ്റർ ചെയ്തു) അനുമതി വാങ്ങുക.

ഇങ്ങനെ (ലോഡ് കുറച്ച് ) സഹകരിച്ചാൽ നമ്മുടെ ഭാഗത്തുനിന്നുള്ള പ്രശ്നം കൊണ്ട് വൈദ്യുതി പോകില്ല.

നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്

  1. പരമാവധി ലോഡ് ഉപയോഗിക്കുന്നു. (ഒരാൾ മാത്രമല്ല)
  2. അതിനുശേഷം വൈദ്യുതി ഓവർലോഡ് ആയി ട്രിപ്പ് ആകുന്നു
  3. തുടർന്ന് ആയിരത്തോളം ആളുകൾ ഒരേസമയം കെഎസ്ഇബി ഓഫീസിലേക്കും മറ്റും വിളിക്കുന്നു.
  4. കെഎസ്ഇബി ഓഫീസിൽ ഒരു സമയത്ത് ഒരു കോൾ മാത്രമാണ് കണക്ടാവുന്നത്. ബാക്കി 999 ആളുകളുടെ കോളുകളും എടുക്കാൻ സാധിക്കില്ല.
  5. കെഎസ്ഇബി ഓഫീസിൽ വിളിച്ചാൽ ഫോൺ എടുക്കില്ല എന്ന് പരാതി പറയുന്നു
  6. കെഎസ്ഇബിയുമായി ബന്ധമുള്ള മറ്റാളുകളെ വിളിക്കുന്നു
  7. തുടർന്ന് വാട്സാപ്പിലും മറ്റും കെഎസ്ഇബിയെ കുറ്റം പറഞ്ഞ് സംതൃപ്തി അടയുന്നു.
  8. ചിലയാളുകൾ കെഎസ്ഇബി ഓഫീസിൽ പോയി പരാതി പറയുകയും, മറ്റു പ്രകോപനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
  9. പിറ്റേന്നും ഈ സ്ഥിതിവിശേഷം തുടരുന്നു.

യാഥാർഥ്യം

കെഎസ്ഇബി ഓഫീസിൽ ഒരു ഫീഡർ പോകുമ്പോൾ ആയിരത്തോളം ആളുകൾ ഒരേസമയം ഒരേ ഫോണിലേക്ക് വിളിക്കുന്നു. ആകെ ഒരാൾ മാത്രമാണ് ഫോൺ അറ്റൻഡ് ചെയ്യാൻ KSEB യിൽ ള്ളത്. ഇയാൾക്ക് ഒരു സമയത്ത് ഒരു ആളുടെ ഫോൺ മാത്രം അറ്റൻഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. അപ്പോൾ മറ്റുള്ളവർ ജീവനക്കാർ മനപ്പൂർവ്വം ഫോൺ എടുക്കാതിരിക്കുക ഇരിക്കുകയാണെന്നാണ് കരുതുക. (അല്ലാതെ ഫോണിൻറെ ഹാൻഡ്സെറ്റ് എടുത്തുവെക്കുന്നതല്ല)
ഇക്കാര്യത്തിൽ ഇനിയും നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ആ ഫോൺ അടിക്കുന്നത് നിർത്തി നേരെ തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫീസിൽ പോയി അവിടെ നിന്നും വിളിച്ചു നോക്കി നേരിട്ട് ബോധ്യപ്പെടാവുന്നതാണ്.

കെഎസ്ഇബി ഓഫീസിൽ രാത്രികാലത്ത് ആകെ മൂന്ന് ആളുകളാണ് ജോലിക്കുള്ളത്. ഇതിൽ ഒരാൾ ഫോൺ അറ്റൻഡ് ചെയ്യുന്നതിന് വേണ്ടി ഓഫീസിൽ നിൽക്കുകയും, മറ്റു രണ്ടുപേർ ഫ്യൂസ് കെട്ടുന്നതിനും, മറ്റ് തകരാറുകൾ ശരിയാക്കുന്നതിനും ആയി ഫീൽഡിലും ആയിരിക്കും.

ഇങ്ങനെ ഫീൽഡിൽ ഉള്ളവർക്ക് മറ്റു ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുകയാണെങ്കിലും, വാട്സാപ്പിൽ ഉള്ള അന്വേഷണങ്ങൾക്ക് മറുപടി പറയുകയാണെങ്കിലും നിങ്ങളുടെ പരാതികൾ പരിഹരിക്കാൻ സമയം കിട്ടുകയില്ല. അപ്പോൾ അവർ വാട്സാപ്പിൽ മറുപടി പറയുന്നതിനും ഫോൺ അറ്റൻഡ് ചെയ്യുന്നതിനും മുൻഗണന കൊടുക്കുന്നതിന് പകരം നിങ്ങളുടെ പരാതികൾ എത്രയും പെട്ടെന്ന് പരിഹരിച്ച് പരമാവധി ചെയ്യുന്ന ജോലിയോട് നീതിപുലർത്താൻ ശ്രമിക്കുന്നു.

ഇനി കെഎസ്ഇബി യിലെ മറ്റ് ഉദ്യോഗസ്ഥരെ വിളിച്ചാൽ അവരും മനുഷ്യരാണ്. ജോലി ചെയ്തു ചെന്ന് ക്ഷീണിച്ച് ഉറങ്ങുമ്പോൾ ആവും ഇത്തരത്തിലുള്ള നിരവധി ഫോൺ കോളുകളും, വാട്സ്ആപ്പ് അന്വേഷണങ്ങളും വരുന്നത്.

അവർക്ക് എവിടെയാണ് പ്രശ്നമെന്നോ? എന്താണ് പ്രശ്നം എന്നോ അറിഞ്ഞുകൊള്ളണമെന്നില്ല.

മറ്റ് KSEB ജീവനക്കാർ പ്രശ്നം അറിയുന്നതിന് വേണ്ടി നിരന്തരം ഫീൽഡിൽ ഉള്ള ജീവനക്കാരെ വിളിച്ചാൽ അവർക്ക് ഫോൺ അറ്റൻഡ് ചെയ്യുന്നതിന് മാത്രമേ സമയം തികയൂ.

ഇനി നിങ്ങൾ ഒന്നാലോചിക്കൂ. കെഎസ്ഇബി ജീവനക്കാർ നിങ്ങളുടെ അന്വേഷണങ്ങൾക്ക് മറുപടി പറയുകയാണോ, അതോ പരാതികൾ കഴിയുന്നതും നേരത്തെ പരിഹരിക്കുകയാണോ വേണ്ടത് എന്ന്.

ഇങ്ങനെ വൈദ്യുതി പോകുമ്പോൾ എപ്പോൾ തിരിച്ച് വരും

പോയ വൈദ്യുതി എപ്പോൾ തിരിച്ചുവരുമെന്നാണ് ജനങ്ങളുടെ ചോദ്യങ്ങളിൽ ഒന്ന്.

ഒരു കാര്യം അറിഞ്ഞിരിക്കുക നമ്മുടെ വീടുകളിൽ ഒക്കെ വൈദ്യുത തകരാർ മൂലം ബ്രേക്കർ ഓഫ് ആകുമ്പോൾ ഓഫ് ആയ സ്ഥലത്ത് എപ്പോഴാണ് വൈദ്യുതി തിരിച്ചുവരിക എന്നത് ആലോചിച്ചാൽ മതി.

ഒന്നുകിൽ നമ്മൾ തന്നെ ഓവർലോഡ് ചെയ്ത ഉപകരണം ഓഫ് ചെയ്യണം. അല്ലെങ്കിൽ ഇലക്ട്രീഷ്യനെ വിളിച്ച് തകരാർ കണ്ടുപിടിച്ച് അത് പരിഹരിക്കുന്നതുവരെ വൈദ്യുതി ഉണ്ടായിരിക്കുകയില്ല. അതിന് നമുക്ക് പ്രത്യേക സമയം കണക്കാക്കാൻ പറ്റാത്ത പോലെ തന്നെ ഇവിടെയും എപ്പോഴാണ് തകരാറായി പോയ വൈദ്യുതി തിരിച്ചു വരിക എന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. ലോഡ് കുറയുന്നതിനനുസരിച്ചും, മറ്റ് തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനനുസരിച്ചും മാത്രമേ വൈദ്യുതി തിരിച്ചു വരികയുള്ളൂ.

പരിഹാരം?
വൈദ്യുതി അന്യസംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയാൽ പോലും അത് ആവശ്യമായ ലോഡുകളിലേക്ക് എത്തിക്കുന്നതിന് വേണ്ട സബ്സ്റ്റേഷനുകൾ ഇല്ലാത്തതാണ് ഈ പ്രശ്നത്തിന് കാരണം.

  1. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ സബ്സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വേണ്ടി എംഎൽഎ, എംപി, മറ്റ് മന്ത്രിമാർ തുടങ്ങിയ ജനപ്രതിനിധികളെ നമ്മുടെ ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തി തുടങ്ങിവെച്ച സബ്സ്റ്റേഷനുകൾ എത്രയും പെട്ടെന്ന് പണി പൂർത്തീകരിക്കുന്നതിനും, പുതിയ സബ്സ്റ്റേഷനുകളുടെ നിർമ്മാണം തുടങ്ങുന്നതിനും വേണ്ട ശ്രമങ്ങൾ അടിയന്തരമായി ആരംഭിക്കുക
  2. കെഎസ്ഇബിയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ സമീപിച്ച് സബ്സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനും പണി പൂർത്തീകരിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ച് നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെടുക
  3. ഈ കാര്യങ്ങൾക്ക് വേനൽക്കാലത്ത് മാത്രം ഒതുക്കാതെ ബാക്കിയുള്ള സമയത്തും, തുടർ പ്രവർത്തനങ്ങൾ നടത്തുക

NB:- KSEB സെക്ഷനോ ഫീസിലെ ജീവനക്കാർക്ക് മനസ്സമാധാനമില്ലാതെ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടാവില്ല.

kseb

മനപ്പൂർവ്വം വൈദ്യുതി തടസ്സം വരുത്തിയിട്ട് അവർക്കെന്തെങ്കിലും നേട്ടമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

Share News