എത്ര തമസ്കരിച്ചാലും നിർജ്ജീവമാകാത്ത വടക്കനച്ചന്റെ സ്നേഹവിപ്ലവ വീര്യത്തിനു മുൻപിൽ പ്രണാമം!!

Share News

ഡിസംബർ 28..

.. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വിപ്ലവകാരിയായ ഒരു പുരോഹിതന്റെ മരണവാർഷിക ദിനം…. കിതച്ചും കുതിച്ചും ഒരായുസ്സ് മുഴുവൻ വേദനിക്കുന്നവരുടെയും കർഷകരുടെയും നാവായി മാറിയ വടക്കനച്ചൻ ഓർമ്മയായിട്ട് ഇന്നേക്ക് 18 വർഷം !!

കത്തിജ്വലിക്കുന്ന തീഗോളമാകാനായിരുന്നു അച്ചന്റെ നിയോഗം….. ആയിരിക്കുന്നിടത്ത് അനേകായിരങ്ങൾക്ക് പ്രകാശമായി ചങ്കൂറ്റത്തോടെ ക്രിസ്തുവിന്റെ ചാവേറായി ജീവിച്ച വടക്കനച്ചൻ ഇന്നും എനിക്ക് ഊർജ്ജമാണ് … അഗ്നിയാണ് …. പലർക്കും അങ്ങനെ തന്നെയാണുതാനും..!!

ക്രിസ്തുവിനെ നോക്കി മാത്രം നടക്കാനാകുക ഒരു ധൈര്യമാണ് …. വലിയ ചങ്കൂറ്റമാണ് … . ബാക്കി ഒന്നിന്റേയും / ആരുടെയും മുൻപിൽ ഒരിക്കലും ഓച്ചാനിച്ചു നിൽക്കാത്ത പൗരോഹിത്യം വടക്കനച്ചന്റെ സുകൃതങ്ങളിൽ എന്നെ ഏറെ സ്പർശിച്ച പുണ്യമാണ് !!! സ്തുതിപാഠകർ അന്തപുരങ്ങൾ വാഴുന്ന നേതാക്കൻമാരുടെ ലോകത്ത് നട്ടെല്ലു നിവർത്തി തെറ്റിനെ ചൂണ്ടി കാണിക്കാനും മുഖനോട്ടമില്ലാതെ തിരുത്തുവാനും ധൈര്യം കാണിച്ച വടക്കനച്ചൻ ഒരു പാഠപുസ്തമാണ് – ആരായിരിക്കണം ഒരു ക്രിസ്തീയ പുരോഹിതൻ എന്നതിന്റെ പാഠപുസ്തകം.

ചില മരണങ്ങൾക്ക് മരണമില്ല …. വടക്കനച്ചന്റെ മരണം അത്തരുണത്തിലുള്ളതാണ് !!… വാക്കു കൊണ്ടും കർമ്മം കൊണ്ടും ചരിത്രങ്ങൾ സൃഷ്ടിച്ചവരൊക്കെ ചിരജ്ഞീവികളാണ് …. എത്ര തമസ്കരിച്ചാലും നിർജ്ജീവമാകാത്ത വടക്കനച്ചന്റെ സ്നേഹവിപ്ലവ വീര്യത്തിനു മുൻപിൽ പ്രണാമം...

!!ഡൽഹിയിലെ തണുത്തുറഞ്ഞ തെരുവുകളിൽ കർഷകരുടെ രക്തം കട്ടപിടിച്ച് കരയുമ്പോൾ ഞാനാശിക്കുന്നു…. വടക്കനച്ചൻ ഒന്നു കൂടി അവതരിച്ചെങ്കിലെന്ന് !! കർഷക തൊഴിലാളി പാർട്ടി എന്ന വടക്കനച്ചന്റെ ജീവനാഡി ഫീനിക്സ് പക്ഷിയെ പോലെ വീണ്ടും പറന്നുയരട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു…!!

Vadakethil George

Share News