പ്രവാസികളോടുള്ള സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതം:ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തേക്കു വരുന്ന പ്രവാസികളോട് സർക്കാർ ക്രൂരത കാട്ടുന്നുവെന്നും കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിവേചന പൂര്‍ണമായ നിലപാടാണ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ ആവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനായാണ് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലേയെന്ന് ചെന്നിത്തല ചോദിച്ചു.പ്രവാസികളുടെ വരവ് എങ്ങനെ മുടക്കാമെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സര്‍ക്കാര്‍ നിലപാട് പ്രായോഗികമല്ല.ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ റാപ്പിഡ് ടെസ്റ്റിനു സൗകര്യമില്ല. ടെസ്റ്റ് നടത്തി പോസിറ്റിവ് ആയവരെ ഒരു രാജ്യവും യാത്ര ചെയ്യാന്‍ അനുവദിക്കില്ല. പിന്നെ എങ്ങനെയാണ് അവര്‍ സംസ്ഥാനത്തേക്കു വരിക? സ്വന്തം നാട്ടിലേക്കു വരാന്‍ ആഗ്രഹിക്കുന്നവരെ തടയുന്നതാണ് സര്‍ക്കാര്‍ നിലപാട്.
ആഭ്യന്തര വിമാനങ്ങള്‍ വഴി രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളില്‍നിന്ന് കേരളത്തിലേക്ക് ആളുകള്‍ വരുന്നുണ്ട്. ട്രെയിന്‍ സര്‍വീസും നടക്കുന്നുണ്ട്. ഇവര്‍ക്കൊന്നും സര്‍ട്ടിഫിക്കറ്റ് വേണ്ട. വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്കു മാത്രം സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിന് എന്താണ് അടിസ്ഥാനമെന്നും അദ്ദേഹം ചോദിച്ചു.
പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതും നിഷേധാര്‍ഹമായ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ കൈയൊഴിയുകയാണ്. ഇതു വഞ്ചനയാണെന്ന് ചെന്നിത്തല പറഞ്ഞു. പ്രവാസികളെ നാട്ടിലേക്കു തിരികെ എത്തിക്കാന്‍ നോര്‍ക്കയോ ലോക കേരള സഭയോ ഒന്നും ചെയ്തില്ലെന്ന് ചെന്നിത്തല പറഞ്ഞു.