വലതു ഭാഗം കനാൽ യാഥാർത്ഥ്യമാകുന്നു. ഒരു ജനത പൊരുതി നേടിയ വിജയം മുഖ്യമന്ത്രിയ്ക്കും ജലസേചന മന്ത്രിയ്ക്കും അഭിനന്ദനങ്ങൾ-ഷാജി ജോർജ്

Share News

പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ ഫർക്കയിലെ ജലസമരം വിജയത്തിലേക്ക് നീങ്ങുകയാണ്.

2014ൽ സുൽത്താൻ പേട്ട് രൂപതയുടെ ആവിർഭാവത്തോടെ രൂപികരിച്ച RBC അവയർനസ് കമ്മിറ്റി KRLCC പിന്തുണയോടെയാണ് വെള്ളത്തിനു വേണ്ടിയുള്ള സമരത്തിൽ വിജയം നേടിയത്. 48വർഷങ്ങൾ പഴക്കമുള്ള കൊഴിഞ്ഞമ്പാറ ഫർക്കയിലെ ജനങ്ങളുടെ ആവശ്യമാണ് ഇപ്പോൾ പുർത്തികരിക്കാൻ പോകുന്നത്. ആളിയാർ – പറമ്പിക്കുളം പദ്ധതിയുടെ ഭാഗമായ വലതു ഭാഗം കനാൽ (RBC) മൂലത്തറയിൽ നിന്ന് വേലന്താവളം വരെ നീട്ടണമെന്നായിരുന്നു വർഷങ്ങളായി ജനങ്ങൾ ഉയർത്തിയ ആവശ്യം.
ഇതിനാവശ്യമായ പണം സംസ്ഥാന സർക്കാർ കിഫ് ബി വഴി ഇപ്പോൾ അനുവദിച്ചു.

മഴനിഴൽ പ്രദേശം, വരൾച്ചാബാധിതപ്രദേശം എന്നിങ്ങനെ അറിയപ്പെടുന്ന വsകരപ്പതി,എരുത്തേൻപതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശത്തെയാണ് കൊഴിഞ്ഞാമ്പാറ ഫർക്ക എന്ന് വിളിച്ചു വരുന്നത്. കോരയാർ, വരട്ടയാർ,ചിറ്റൂർ എന്നീ പുഴകളിൽ നിന്നാണ് ഈ പ്രദേശത്തേക്ക് വെള്ളം ഒഴുകിയിരുന്നത്. എന്നാൽ ആളിയാർ അണക്കെട്ട് പണിതതോടെ പുഴകളിൽ നിന്നുള്ള നീരൊഴുക്ക് പാടെനിലച്ചു. പറമ്പിക്കുളം-ആളിയാർ അന്തർ സംസ്ഥാന നദീജല ഉടമ്പടി പ്രകാരം 7.25 ടി.എം.സി ഫീറ്റ് വെള്ളം ചിറ്റൂർപ്പുഴ വഴി കേരളത്തിന് വിട്ടു നൽകണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു.

25 വർഷങ്ങളായി കൊഴിഞ്ഞമ്പാറ ഫർക്കയിൽ ലോറികളിലാണ് കുടിവെള്ളമെത്തിച്ചുകൊണ്ടിരുന്നത്. അത് പൂർണ്ണമായി ഒഴിവാക്കാനും ഇപ്പോൾ കഴിഞ്ഞിരിക്കുന്നു.

എന്നാൽ കരാർ ജലം ചിറ്റൂർ പുഴയിൽ നിന്ന് കൊഴിഞ്ഞമ്പാറ ഫർക്കയിൽ എത്തിക്കാൻ കനാലുകൾ ഇല്ലായിരുന്നു. ആളിയാർ അണക്കെട്ട് വരുന്നതിനുമുൻപ് കീഴ്നദീതട (Riparian Act) അവകാശപ്രകാരം കോരയാർ, വരട്ടയാർ പുഴകളിൽ ഉണ്ടായിരുന്ന 14 സ്വകാര്യ അണക്കെട്ടുകളുടെ പ്രവർത്തനവും നിലച്ചു. ഇവ വഴിയാണ് കൊഴിഞ്ഞമ്പാറ ഫർക്കയിലെ ജലസേചനം നടന്നിരുന്നത്. നീരൊഴുക്ക് ഇല്ലാതായതോടെ കൃഷി നശിച്ചു. കുളങ്ങളും കിണറുകളും വറ്റി. ജനജീവിതം ദുസഹമായി.പ്രധാന ജീവിത മാർഗ്ഗമായ കൃഷിവല്ലപ്പോഴും ലഭിക്കുന്ന മഴയെ മാത്രം ആശ്രയിച്ചായി.

ജനങ്ങളുടെ നിരന്തര ആവശ്യങ്ങൾ പരിഗണിച്ച് 1972 ൽമൂലത്തറ വലതുഭാഗകനാലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. മൂങ്കിൽമട ടണൽ വരെയുള്ള ദൂരത്തേക്ക് കനാൽ നിർമ്മാണം നടത്തുകയും ചെയ്തു. പിന്നെ നിലച്ചു. 1980ൽ വീണ്ടും കനാൽ നിർമ്മാണം ആരംഭിച്ചെങ്കിലും മുന്നോട്ട് പോയില്ല.
1995ൽ കനാൽ പണി തുടങ്ങുകയും അഴിമതി ആരോപണം ഉണ്ടായതിനെ തുടർന്ന് പണി നിർത്തിവെച്ചു.


ഇക്കാലങ്ങളിലൊക്കെ ചില സ്വാർത്ഥ താല്പര്യക്കാർ കനാൽ നിർമ്മാണം ഏതു മാർഗ്ഗത്തിലും കൂടി തടയാൻ സജീവമായി ഉണ്ടായിരുന്നു.
കൊഴിഞ്ഞമ്പാറയിലെ ജനങ്ങൾ തമിഴ് വംശജരും പാവപ്പെട്ട കർഷകരുമായതുകൊണ്ട് മാറി മാറി വന്ന സർക്കാരുകളും ഈ വിഷയത്തിൽ വേണ്ടത്ര താല്പര്യം കാണിച്ചില്ല.

കൊഴിഞ്ഞമ്പാറയിലെ ജനങ്ങൾ കോടതി വഴിയും നീതി ലഭിക്കാനായി പരിശ്രമിച്ചു. കേരള ഹൈക്കോടതിയുടെ ജി. ഒ (എം.എസ്) 3/87 INR നമ്പർ ഉത്തരവ് പ്രകാരം വലതു ഭാഗം കനാൽ കോരയാർ വരെ നീട്ടി വെളളമെത്തിക്കാൻ നിർദേശിച്ചിരുന്നു. അതും അധികാരികൾ നടപ്പിലാക്കിയില്ല.


2007 ൽ പ്രധാനമന്ത്രിയുടെ കർഷക പുനരുദ്ധാരണ പാക്കേജിൽ ഉൾപ്പെടുത്തി കൊഴിഞ്ഞമ്പാറ ഫർക്കയ്ക്കു വേണ്ടി 55 കോടി രൂപ അനുവദിച്ചു. 2007 ഫെബ്രുവരി 10ന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. ആ ഫണ്ടിൽ 30 കോടി രൂപ ഇടതുഭാഗം കനാലിന് വേണ്ടി ഉപയോഗിച്ചു. ബാക്കി 25 കോടി രൂപ വലതുഭാഗം കനാലിന് വേണ്ടി ഉപയോഗിക്കാതെ ലാപ്സാക്കി. ജനങ്ങൾ പിന്നെയും ദുരിതങ്ങൾ പേറി ജീവിച്ചു.

കോയമ്പത്തൂർ രൂപതയുടെയും കോഴിക്കോട് രൂപതയുടെയും കുറെ ഭാഗങ്ങൾ ചേർത്ത് 2013 ഡിസംബറിൽ സുൽത്താൻപേട്ട് രൂപത സ്ഥാപിച്ചു. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കാൻ പുതിയ രൂപതയുടെ ഇടയൻ ബിഷപ് ഡോ.പീറ്റർ അബീർ അന്തോണി സ്വാമി തയ്യാറായില്ല. അദ്ദേഹം വികാരി ജനറൽ മോൺ. മതുലെ മുത്തുവും വൈദികരുമായി കൂടിയാലോചിച്ചു.
അവർ ജനങ്ങൾക്ക് നേതൃത്വം കൊടുത്തു. പല സമരങ്ങളുമുണ്ടായി. വൈദികർക്കെതിരെ കള്ളക്കേസുകൾ എടുത്തു.2014 ജനുവരി 30ന് പാലക്കാട് കളക്ടറേറ്റിലേക്ക് ആയിരങ്ങൾ മാർച്ചും ധർണ്ണയും നടത്തി. കേസുകൾ പിൻവലിച്ചെങ്കിലും കനാലിൻ്റെ കാര്യത്തിൽ തീർപ്പുണ്ടായില്ല.

സുൽത്താൻപേട്ട് രൂപതയുടെ പിന്തുണയോടെ എല്ലാവിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി RBC ( Right Bank Canal)|അവയർനെസ് കമ്മിറ്റി രൂപീകരിച്ചു. KRLCC ഈ ജനമുന്നേറ്റത്തെ അതി ശക്തമായി പിന്തുണച്ചു. RBC ഒരു പൊതുവികാരമായി. അവയർനെസ് കമ്മിറ്റി എന്നൊന്നും ആരും പറയാതെയായി.
RBC മാത്രം.
ജയ് ജയ് RBC
ജയിച്ചിടുവേൻ RBC
എന്ന മുദ്രാവാക്യം നാടാകെ മുഴങ്ങി.

2014ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ടു ചെയ്ത് RBC ചരിത്രം കുറിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ ”നോട്ട” വോട്ട് ഉണ്ടായത് ആലത്തൂർ മണ്ഡലത്തിൽ. 22500 വോട്ടുകൾ. വടകരപ്പതി പഞ്ചായത്തിൽ ഇരുമുന്നണികളെയും പിന്നിലാക്കി നോട്ട ഒന്നാം സ്ഥാനത്തെത്തി.അതും ചരിത്രം. എന്നിട്ടും അധികാരികൾ കണ്ണു തുറന്നില്ല. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും മന്ത്രിമാരോടും ചിറ്റൂർ MLA യോടും പലവട്ടം ചർച്ചകൾ നടത്തി. കാര്യമായ ഒരു താല്പര്യവും അവർ പ്രകടിപ്പിച്ചില്ല.

ജനപ്രതിഷേധം അധികാരികളെ അറിയിക്കാൻ വടകരപ്പതിയിൽ മഹാസമ്മേളനവും റാലിയും 2015 മാർച്ച് 15ന് RBC സംഘടിപ്പിച്ചു. KRLCC പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം യോഗത്തിൽ അധ്യക്ഷത വഹിച്ചു. സുൽത്താൻപേട്ട് ബിഷപ് ഡോ.പീറ്റർ അബീർ അന്തോണി, പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, കോഴിക്കോട് ബിഷപ് ഡോ.വർഗ്ഗീസ് ചക്കാലക്കൽ, കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി, കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല, ഫാ. ആൽബർട്ട് ആനന്ദ് രാജ് KRLCC വൈസ് പ്രസിഡൻ്റുമാരായ ഷാജി ജോർജ്, ഫാ.പ്രസാദ് തെരുവേത്ത്,ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ KLCA ജനറൽ സെക്രട്ടറി നെൽസൺ കോച്ചേരി, CSS സെക്രട്ടറി ബെന്നി പാപ്പച്ചൻ, KLCWAപ്രസിഡൻ്റ് ജയിൻ ആൻസിൽ ഫ്രാൻസിസ്, KCYM സംസ്ഥാന പ്രസിഡൻറ് സോണി പവേലിൽ എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു. കാൽലക്ഷത്തോളം പേർ ആ സമ്മേളനത്തിൽ പങ്കെടുത്തു. RBC സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങളായ ഫാ. ആൽബർട്ട് ആനന്ദ് രാജ്, ഫാ.പോൾ, ജോസി ബ്രിട്ടോ, ആൽബർട്ട്, റിച്ചാർഡ്, വില്യം, ക്രിസ്റ്റഫർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേത്യത്വം കൊടുത്തു.

ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം

തുടർന്ന് 2014ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും RBC കരുത്ത് കാട്ടി. ഇരുമുന്നണികളോടും അകലം പാലിച്ച് സ്വന്തം സ്ഥാനാർത്ഥികളെ നിറുത്തി മത്സരപ്പിച്ചു. വടകരപ്പതി പഞ്ചായത്തിലെ ഭരണം പിടിച്ചെടുത്തു. ഒരു ബ്ലോക്ക് പഞ്ചായത്തംഗത്തേയും എരുത്തേൻപതി പഞ്ചായത്തിൽ ഒരാളേയും വിജയിപ്പിച്ചു. രാഷ്ട്രീയ പാർട്ടികളോട് കിടപ്പിടിക്കുന്ന റാലികളും പ്രചരണങ്ങളും തെരുവു യോഗങ്ങളുമാണ് RBC സംഘടിപ്പിച്ചത്. KRLCCയുടെ സജീവ പിന്തുണയും മേൽനോട്ടവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.

ജനങ്ങൾ ആവേശത്തോടെ RBC യെ ഹൃദയത്തിലേറ്റിയത് മനസ്സിലാക്കിയപ്പോൾ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ചർച്ചയ്ക്കായി മുന്നോട്ട് വന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, ജനതാദൾ നേതാവ് കെ.കൃഷണൻകുട്ടി എന്നിവർ RBC യുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും അത് പ്രകടനപത്രികയിൽ ഉൾപ്പെട്ടത്താമെന്നും ഉറപ്പ് നൽകുകയും ചെയ്തു.

ഇടതുപക്ഷമുന്നണിയുമായി ധാരണ ഉണ്ടാക്കിയെങ്കിലും ചിറ്റൂർ മണ്ഡലത്തിൽ തനിച്ചുള്ള പ്രചരണപരിപാടികളാണ് RBC നടത്തിയത്. ബൂത്തുകമ്മിറ്റികൾ ഉണ്ടാക്കി വോട്ടുകൾ വർദ്ധിപ്പിച്ചു. അതുവഴി ഇടതുമുന്നണി സ്ഥാനാർത്ഥി ചിറ്റൂരിൽ വിജയിച്ചു. രാഷ്ട്രീയ സാഹചര്യങ്ങളിൽ കെ.കൃഷ്ണൻകുട്ടി ജലവിഭവ വകുപ്പ് മന്ത്രികൂടിയായതോടെ RBC യുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാകാൻ തുടങ്ങി.

കെ.കൃഷ്ണൻകുട്ടി ജലവിഭവ വകുപ്പ് മന്ത്രി

മൂലത്തറ വലതുഭാഗം കനാൽ വടകരപ്പതി വരെ നീട്ടാൻ കിഫ്ബി 262 കോടി പത്ത് ലക്ഷം രൂപ അനുവദിച്ചു. വടകരപ്പതി, കൊഴിഞ്ഞമ്പാറ, എരുത്തേൻപ്പതി പഞ്ചായത്തുകളുടെ സംയോജിത കുടിവെള്ള പദ്ധതിയ്ക്കായി 29 കോടി രൂപയും നൽകി.. കോരയാറിൽ നിന്ന് വേലന്താവളം വരെ കനാൽ നീട്ടുന്നതിന് 10 ഏക്കർ സ്ഥലം അക്വയർ ചെയ്യണം. ഭൂമി ഏറ്റെക്കുന്നതിന് 12.70 കോടി രൂപ ആവശ്യമാണ്. അതിൽ 2.7 കോടി രൂപ ആദ്യ ഗഡുവായി ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. മന്ത്രി കൃഷ്ണൻകുട്ടിയുടെ ശ്രമത്താൽ കേന്ദ്ര സർക്കാരിൻ്റെ ജലഗ്രാം പദ്ധതിയിൽ കൊഴിഞ്ഞാമ്പാറ ഫർക്ക ഉൾപ്പെട്ടു. ഇതുവഴി 71 കോടി രൂപ ശുദ്ധജല വിതരണ പദ്ധതിക്കായി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചു. ആ ഫണ്ട് ഉപയോഗിച്ച് വടകരപ്പതി പഞ്ചായാത്തിലെ എല്ലാ വീടുക ളിലും ശുദ്ധജല വിതരണത്തിനുളള ഹൗസ് കണക്ഷൻ നൽകാൻ RBC നേതൃത്വം കൊടുക്കുന്ന പഞ്ചായത്തിനു കഴിഞ്ഞു. ഒരു വനിതയാണ് വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റെന്നും നാം അറിയണം.

കുടിവെള്ളത്തിന് എല്ലാ വീടുകൾക്കും ഹൗസ്. കണക്ഷൻ നൽകാൻ കഴിഞ്ഞ സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് വടകരപ്പതി. പ്രസിഡൻ്റ് തെരേസാമ്മാളിന് അഭിനന്ദനങ്ങൾ.


ആന്തർ സംസ്ഥാന കരാർ വഴി തമിഴ്‌നാട്ടിൽ നിന്ന് 2 TMC വെള്ളം കൂടി വലതു ഭാഗം കനാലിനായി നേടിയെടുക്കാനും മന്ത്രി കൃഷ്ണൻകുട്ടിക്ക് കഴിഞ്ഞു. കൊഴിഞ്ഞമ്പാറ ഫർക്ക പഴയ കാലത്തേക്ക് തിരികെ പോകുന്നു. കൃഷിയും പച്ചക്കറിയും പൂക്കളും വിളയുന്ന പഴയ കാലത്തേക്ക്.

ഒരു ജനതയുടെ സമര പോരാട്ടം വിജയം കാണുകയാണ്. പക്ഷേ, മാധ്യമങ്ങൾ ഇത് കൊട്ടിഘോഷിക്കുന്നില്ല.
കാരണം ഇതിന് നേതൃത്വം കൊടുത്തത് കത്തോലിക്കാ സഭയാണ്.

സഭയിലെ ചില വ്യക്തികളുടെ വീഴ്ചകളെ പർവ്വതീകരിക്കുന്നവർ, അതിന് പിന്നാലെ ദിവസങ്ങളോളം ചരിക്കുന്നവർ ഇത് കാണുന്നില്ല. അവർ കാണാതെ പോകുന്നത് കേരളത്തിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ജനകീയ മുന്നേറ്റത്തെയാണ്.

അതും വിജയം കണ്ട ഒരു ജനകീയ സമരത്തെ.
മൂന്നു പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ് ജീവിക്കാനും കൃഷിചെയ്യാനും ആവശ്യമായ വെള്ളം എത്തിക്കാനുളള കനാൽ RBC സമരം വഴി പൂർത്തീകരിക്കുന്നത്.


അതിൻ്റെ എല്ലാ ഘട്ടത്തിലും പങ്കാളിയാകാൻ കഴിഞ്ഞെന്ന ചാരിതാർത്ഥ്യം എനിക്കുണ്ട്.

ഷാജി ജോർജ്
KRLCC വൈസ് പ്രസിഡൻറ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു