വരംപോലെ ഒരു ‘വരയൻ”കണ്ടു |..അന്യതാബോധത്തിനും കലിപ്പുകൾക്കും മസ്സിൽപെരുപ്പങ്ങൾക്കും ദീർഘായുസ്സില്ലെന്നും പ്രഖ്യാപിക്കുന്ന സിനിമയാണിത്.

Share News

*വരംപോലെ ഒരു ‘വരയൻ’*’

വരയൻ’ കണ്ടു – എല്ലാ ചേരുവകകളുമുള്ള നല്ല ലക്ഷണമൊത്ത ഒരു ഫാമിലി എൻ്റർടെയിനർ. ജനം നിറഞ്ഞ ഷേണായീസ് തീയേറ്ററിലിരുന്ന് ഈ സിനിമ കണ്ടിറങ്ങിയപ്പോൾ ശ്രദ്ധിച്ച ഒരു കാര്യം: എല്ലാവരുംതന്നെ ‘കായലോണ്ട് വട്ടം വരച്ചേ’ എന്ന പാട്ട് മനംനിറഞ്ഞ് പാടിപ്പോരുകയായിരുന്നു. ഒരു സെക്കൻ്റു പോലും ബോറടിക്കാത്ത, വലിച്ചു നീട്ടാത്ത ഒരു സിനിമയാണ് സത്യം സിനിമാസിൻ്റെ ബാനറിൽ പുറത്തിറങ്ങിയ ‘വരയൻ’. പ്രകൃതിയും കലയും ആത്മീയതയും മാനവികതയും വ്യതിരിക്തങ്ങളല്ല എന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. കാഴ്ചക്കാരുടെ നിലവാരത്തിനൊത്ത് ഇത്രയ്ക്ക് വായനാസാധ്യതയുള്ള ഒരു കൊമേഴ്സ്യൽ സിനിമ അടുത്തയിടെയൊന്നും ഇറങ്ങിയിട്ടില്ല.

*ബിഗ് സ്ക്രീനിലുള്ളത് ഒരു ജീവിതശൈലി*

ഡാനി കപ്പൂച്ചിൻ എന്ന കാപ്പിപ്പൊടികുപ്പായക്കാരൻ്റെ തൂലികയിൽ 2016-ൽ വിരിഞ്ഞ ‘വരയൻ’, സത്യത്തിൽ, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കേരളത്തിൻ്റെ സാംസ്കാരിക കമ്പളത്തിൻ്റെ ഊടും പാവുമായി മാറിക്കഴിഞ്ഞ ഫ്രാൻസിസ്കൻ ജീവിതശൈലിയുടെ ഒരു ‘ബിഗ് സ്ക്രീൻ’ കാഴ്ചയാണ്. തെയോഫിൻ, ബോബി ജോസ് കട്ടിക്കാട്ട്, ജോസഫ് പുത്തൻപുരയ്ക്കൽ, ഡാനി, ജോയ്സൺ എന്നീ വൈദികരിലൂടെ അസീസിയിലെ നിസ്വൻ കൈരളിക്കു സമ്മാനിച്ചിട്ടുള്ള ആത്മീയതയിലധിഷ്ഠിതമായ സാംസ്കാരികപോഷണം ഊറിക്കൂടി ചലച്ചിത്രരൂപം പൂണ്ടതാണ് വരയൻ. ബോബി ജോസച്ചൻ്റെ മാനസശിഷ്യനായ സംവിധായകൻ ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ള സമൃദ്ധമായ ബോബിബിംബങ്ങൾ തിരിച്ചറിയാൻ പരിണതപ്രജ്ഞർക്ക് ഏറെ ആയാസപ്പെടേണ്ടി വരില്ല.

ചിത്രകലയ്ക്ക് ‘വരയനി’ലുള്ള പ്രാധാന്യവും പ്രേക്ഷകരുടെ ശ്രദ്ധയിൽ പെടാതെ പോകില്ല. പ്രശസ്ത കപ്പൂച്ചിൻ ചിത്രകാരന്മാരായ ജോയ്സൺ, സജി എന്നീ സന്യാസവൈദികരുടെ ചിത്രങ്ങളാണ് എബി കപ്പൂച്ചിൻ്റേതായി പ്രേക്ഷകർ കാണുന്നത്. വരയപ്പെട്ട ക്രിസ്തുവും പഞ്ചക്ഷതങ്ങളേന്തിയ ഫ്രാൻസിസ് അസീസിയും ഈ സിനിമയിൽ ഒളിഞ്ഞു നില്ക്കുന്നുണ്ടെന്നതിൽ എനിക്കു സംശയമില്ല. എഴുതാതെയും പറയാതെയും, “അവൻ്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു” എന്ന തിരുവചനം സിനിമാന്ത്യത്തിൽ ധ്വനിപ്പിക്കുന്നതിൽ ഡാനിയച്ചനും ജിജോയും പൂർണമായും വിജയിച്ചിരിക്കുന്നു. അസീസിയിലെ ഫ്രാൻസിസിൻ്റെ ചെന്നായയാണ് ടൈഗർ എന്ന ശൗര്യമുള്ള നായ എന്ന് തോന്നാത്ത ഏതെങ്കിലും പ്രേക്ഷകനുണ്ടാകുമോ?

*വിജയം കണ്ട ടീം വർക്ക്*

സംവിധായകനെന്ന നിലയിൽ ശ്രീ. ജിജോ ജോസഫ് തൻ്റെ പരിപാകത പൂർണമായും തെളിയിച്ചിരിക്കുന്നു. കാസ്റ്റിങ്ങിലെ കൃത്യത എടുത്തു പറയാതെ വയ്യാ. സിജു വിൽസൺ എന്ന നടൻ്റെ അഭിനയചാതുരി കണ്ട് കേരളം കുളിരണിയുന്നു. ആ ഭാവത്തിലെയും നോട്ടത്തിലെയും ചലനത്തിലെയും നഷകളങ്കതതന്നെയാണ് അതുല്യമായ ഒരു അനുഭവമാക്കി ഈ സിനിമയെ മാറ്റുന്നത്. എവുസ്താക്കി എന്ന വില്ലൻ വേഷം മണിയൻ പിള്ള രാജുവിന് നല്കാൻ അസാമാന്യ ധൈര്യംതന്നെ വേണമായിരുന്നു. അപ്രതീക്ഷിതമായ അഭിനയമാണ് ആ റോളിൽ അദ്ദേഹം പ്രേക്ഷകർക്കായി കാഴ്ചവച്ചത്. കേപ്പയായി രംഗത്തു വന്ന ബാലനടൻ ഡാവിഞ്ചിയും മിന്നുവായി ജീവിച്ച ശ്രീലക്ഷ്മി എന്ന ബാലനടിയും തകർത്തഭിനയിച്ചു.

പ്രശസ്ത സിനിമാഗാന രചയിതാവ് ബി. ഹരിനാരായണൻ്റെ ഊർജ്ജം നിറഞ്ഞ വരികൾക്ക് പ്രകാശ് അലക്സിൻ്റെ ഈണങ്ങൾ ജീവൻ സമ്മാനിച്ചു. ‘പറ പറ പറ പാറുപ്പെണ്ണേ’, ‘കായലോണ്ട് വട്ടം വരച്ചേ’ എന്നീ ഗാനങ്ങളും അവയുടെ കടുക്കാച്ചി നൃത്തച്ചുവടുകളും കേരളത്തിന് ഒഴിയാബാധയായിത്തീർന്നുകഴിഞ്ഞു!പ്രകൃതിയെ, പ്രത്യേകിച്ച് കുട്ടനാടൻ സൗന്ദര്യത്തെ, ആത്മാവിനും മനസ്സിനും കുളിരായി അവതരിപ്പിക്കാൻ രജീഷ് രാമൻ്റെ ക്യാമറയ്ക്ക് കഴിഞ്ഞിരിക്കുന്നു. പുലിമുരുകൻപോലുള്ള സിനിമകളുടെ എഡിറ്റിങ്ങിലൂടെ മലയാളികളുടെ മനം കവർന്ന ജോൺ കുട്ടിയുടെ എഡിറ്റിങ്ങ് വൈഭവം ‘വരയനി’ലൂടെ ഒരിക്കൽക്കൂടി വെളിപ്പെടുന്നു.

*വരയൻ്റെ കാലികപ്രസക്തി*

ഉൾക്കരുത്തിനു മുന്നിൽ ബാഹ്യകോലാഹലങ്ങൾക്ക് അധികനാൾ പിടിച്ചുനില്ക്കാനാവില്ലെന്നും അന്യതാബോധത്തിനും കലിപ്പുകൾക്കും മസ്സിൽപെരുപ്പങ്ങൾക്കും ദീർഘായുസ്സില്ലെന്നും പ്രഖ്യാപിക്കുന്ന സിനിമയാണിത്.

അന്യർക്കു പ്രവേശനമില്ലാത്ത കലിപ്പക്കര ദേശംതന്നെ ഇന്നിൻ്റെ പ്രക്ഷുബ്ധമായ ആവാസാവസ്ഥയുടെ പ്രതീകമാണ്. അരിയും മലരും കുന്തുരുക്കവും കരുതിക്കൊള്ളാൻ ഓർമിപ്പിക്കുന്നിടത്തോളം അനുദിനം മൂർത്തരൂപം പ്രാപിക്കുന്ന അപരവിദ്വേഷത്തിൻ്റെ ഈ കാലഘട്ടത്തിനും ദേശത്തിനും കലിപ്പക്കര എന്ന പേര് തികച്ചും ഉചിതംതന്നെ. ‘ആരും അന്യരല്ല’ എന്ന ചിന്താനിലവാരത്തിലേക്ക് ഈ കരയെ എത്തിക്കാൻ ക്ഷമയുടെ സുവിശേഷം ആവർത്തിച്ചാവർത്തിച്ചു പ്രഘോഷിക്കുന്ന അനേകം എബി കപ്പൂച്ചിന്മാരുടെ ആവശ്യം ഇന്നുണ്ട്.

Joshy mayyattil

ജോഷിയച്ചൻ മയ്യാറ്റിൽ

Share News