
ഇരുപത്തിയാറാം വയസ്സിൽ എഴുതിയ കാൽ നൂറ്റാണ്ടിൻ്റെ പ്രകാശന ചടങ്ങിൽ കേരളത്തിൽ മുഖ്യമന്ത്രിമാരായ ഏഴു പേർ പങ്കെടുത്തിരുന്നു.|ചെറിയാൻ ഫിലിപ്പ്
എൻ്റെ ആദ്യാക്ഷരങ്ങൾ
ഒരു വിജയദശമി നാളിൽ മൂന്നാം വയസിലാണ് തൃശൂരിലെ അയൽവാസിയും കോൺഗ്രസ് നേതാവുമായ ധർമ്മരാജ അയ്യർ മുമ്പാകെ മാതാപിതാക്കൾ എന്നെ എഴുത്തിനിരുത്തിയത്.

ചെങ്ങന്നൂർ ആണ് ജനിച്ചതെങ്കിലും ബാങ്കുദ്യോഗസ്ഥനായ പിതാവിനൊപ്പമായിരുന്നു ബാല്യം.തൃശൂർ കാങ്കപ്പാടൻ ഹൗസിലെ മുത്തശ്ശി അമ്മ, അണ തുടങ്ങിയ അ കാരത്തിൽ തുടങ്ങുന്ന അക്ഷരങ്ങൾ പഠിപ്പിച്ചു. എൻ്റെ അമ്മ തറ, പറ, പന എന്നിവ സ്ലേറ്റിൽ എഴുതിച്ചു.

വീടിൻ്റെ മുന്നിലെ തോപ്പ് സ്റ്റേഡിയത്തിൻ്റ മതിലിലെ മായാതെ കിടന്ന ചുവരെഴുത്ത് അമ്മ വായിച്ചു കേൾപ്പിച്ചു. കെ.കരുണാകരന് നുകം വെച്ച കാള അടയാളത്തിൽ വോട്ടു രേഖപ്പെടുത്തുക: പിതാവിൻ്റെ സുഹൃത്തായിരുന്ന കെ.കരുണാകരൻ അന്ന് സംസ്ഥാന നേതാവായിരുന്നില്ല.
പന്ത്രണ്ടാം വയസ്സിലാണ് ആദ്യ ലേഖനം എഴുതുന്നത്. തിരുവനന്തപുരം സെൻ്റ് ജോസഫ്സ് സ്കൂളിലെ മാഗസിനിൽ പ്രസിദ്ധപ്പെടുത്തി. ജവഹർലാൽ നെഹ്റുവിനെക്കുറിച്ച്. ആ കാലഘട്ടത്തിലാണ് കെ. എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്ന ഞാൻ എ.കെ.ആൻറണി, ഉമ്മൻ ചാണ്ടി എന്നിവരെ പരിചയപ്പെടുന്നത്
സ്കൂളിൽ പഠിക്കുമ്പോൾ മാതൃഭൂമിയിലെ യുവ രശ്മി യിൽ ഒരു ചെറു ലേഖനം എഴുതി. പ്രി ഡിഗ്രിക്ക് പഠിക്കുമ്പോൾ എൻ്റെ സഹപാഠിയായ കുഞ്ഞുമോൻ (എം.എസ് രവി ) എൻ്റെ ഒരു ലേഖനം പിതാവ് കെ.സുകുമാരനെ ഏല്പിച്ചു. വാരാന്തപ്പതിപ്പിൽ വന്നു.
കോട്ടയത്ത് സർവകലാശാലാ യുവജനോത്സവം നടന്നപ്പോൾ ഒരു അവലോകനം എഴുതി മനോരമ പത്രാധിപർ മാത്തുക്കുട്ടിച്ചായനെ എല്പിച്ചു. പ്രസിദ്ധപ്പെടുത്തിയ ഉടനെ 200 രൂപയുടെ ചെക്ക് കിട്ടി.
എം എം ഹസൻ കെ എസ് യു മുഖപത്രമായ കലാശാലാ പത്രാധിപർ ആയപ്പോൾ ഞാൻ സ്ഥിരം ലേഖകനായി. വിദ്യാഭ്യാസ സമരകാലത്ത് എ കെ ആൻ്റണിയെ കുറിച്ച് ഒരു ലേഖനമെഴുതി. ഇതാ ഒരു ആദർശ ധീരൻ എന്നായിരുന്നു തലക്കെട്ട്. പിന്നീട് ഞാൻ കലാശാലയുടെ പത്രാധിപരായി. അതോടൊപ്പം വീക്ഷണം പത്രത്തിൻ്റ രാഷ്ട്രീയ ലേഖകനും.ഗോഹട്ടി എഐസിസി സമ്മേളനത്തിലെ അടിയന്തിരാവസ്ഥക്കെതിരായ ആൻറണിയുടെ പ്രസംഗം സെൻസർഷിപ്പ് ലംഘിച്ചാണ് ഞാൻ റിപ്പോർട്ട് ചെയ്തത്.
ഇരുപതാം വയസിലാണ് വിദ്യാഭ്യാസ വിപ്ലവം എന്ന ആദ്യ പുസ്തകം എഴുതിയത്. ഇരുപത്തിയാറാം വയസ്സിൽ എഴുതിയ കാൽ നൂറ്റാണ്ടിൻ്റെ പ്രകാശന ചടങ്ങിൽ കേരളത്തിൽ മുഖ്യമന്ത്രിമാരായ ഏഴു പേർ പങ്കെടുത്തിരുന്നു. ഇരുപത്തിയേഴാം വയസിൽ എഴുതിയ സ്വാതന്ത്ര്യത്തിനു ശേഷം രാജീവ് ഗാന്ധി പ്രകാശനം ചെയ്തുഅഴിമതിയുടെ കറ, ഗൾഫിലെ കേരളം,രാഷ്ട്രീയവിജ്ഞാനം, നേതൃനിര തുടങ്ങിയ പുസ്തകങ്ങൾ മുപ്പതു വയസിനു മുമ്പേ എഴുതിയതാണ്. അക്കാലത്ത് അവാർഡുകളുടെ ഘോഷയാത്രയായിരുന്നു.
യൗവ്വനകാലത്തു തന്നെ മനോരമ, മാതൃഭൂമി, കൗമുദി, ഭാഷാപോഷിണി, കലാകൗമുദി, കേരള ശബ്ദം, കുങ്കുമം, മലയാളം തുടങ്ങിയവയിൽ എത്രയെത്ര ലേഖനങ്ങൾ
മുപ്പത്തിരണ്ടാം വയസ്സിൽ കെ പി സി സി സെക്രട്ടറിയാകുന്നതിനു മുമ്പേ കോൺഗ്രസിൻ്റെ പ്രമേയങ്ങളും പ്രസ്താവനകളും പ്രകടനപത്രികകളും എഴുതി തുടങ്ങി.
ഇടവേളയ്ക്കു ശേഷം അക്ഷരങ്ങളുടെ ലോകത്തിലേക്ക് മടങ്ങുകയാണ്. അക്ഷരങ്ങളെ ഈ വിജയദശമി ദിനത്തിൽ മാറോടണയ്ക്കുന്നു.
ചെറിയാൻ ഫിലിപ്പ്