നിര്‍ണായക റോളില്‍ ശശി തരൂരും: പ്രകടനപത്രിക തയ്യാറാക്കാന്‍ കേരള പര്യടനം
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നു. പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള ചുമതല ശശി തരൂരിന് നല്‍കാന്‍ തിരുവനന്തപുരത്ത് ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം തീരുമാനിച്ചു. എഐസിസി പ്രതിനിധി രാജസ്ഥാൻ മുഖ്യമന്ത്രി അശോക ഗഹ്ലോത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
ഇതിനായി കേരളത്തിലെ അഞ്ചു ജില്ലകളില്‍ ശശി തരൂര്‍ പര്യടനം നടത്തും. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുമായി തരൂര്‍ ചര്‍ച്ച നടത്തും. യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്നവരെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം പ്രകടനപത്രികയുമായി ബന്ധപ്പെട്ട് ഇവരുടെ നിര്‍ദേശങ്ങളും തരൂര്‍ കേള്‍ക്കും.
യുവാക്കളെയും ടെക്കികള്‍ അടക്കമുള്ളവരെയും യുഡിഎഫിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യവും തരൂരിനെ മുന്‍നിരയിലേക്ക് കൊണ്ടു വരുന്നതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന നേതൃതലത്തില്‍ സജീവമല്ലാത്ത ശശി തരൂരിനെ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് പത്തംഗ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ ഉള്‍പ്പെടുത്തിയത്.
ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാകും കോണ്‍ഗ്രസ് പ്രകടനപത്രികയെന്ന് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന മാതൃകയില്‍ ജില്ലാ തലത്തിലും തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതികള്‍ രൂപീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിജയസാധ്യത മാത്രമാകും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കുകയുള്ളൂ എന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ മേല്‍നോട്ട സമിതി യോഗത്തില്‍ അറിയിച്ചു. ഗ്രൂപ്പ് അടക്കമുള്ള ഒരു പരിഗണനയും ഉണ്ടാകില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്.