ഗവർണർ ഒപ്പുവെച്ചു: 118 എ വകുപ്പ് റദ്ദായി
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഓർഡിനൻസ് പ്രാബല്യത്തിലായശേഷം ഇതു റദ്ദാക്കുന്നതിനായി ദിവസങ്ങൾക്കുള്ളിൽ റിപ്പീലിംഗ് ഓർഡിനൻസ് കൊണ്ടുവന്നത്. പോലീസ് നിയമ ഭേദഗതിക്കെതിരേ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഓർഡിനൻസ് പിൻവലിക്കാൻ സർക്കാർ തയാറായത്.
പോലീസ് നിയമ ഭേദഗതി ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത പൊതു സമൂഹത്തിലും ഇടതുമുന്നണിയിലും ചർച്ചയായ സാഹചര്യത്തിലാണ് പിൻവലിക്കുന്ന തെന്നു മുഖ്യമന്ത്രി പറഞ്ഞു.
അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു വിലങ്ങിടന്നതും പോലീസിന് അമിതാധികാരം നൽകുന്നതുമായ ഓർഡിനൻസിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സുപ്രീംകോടതി തള്ളിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി തയാറാക്കിയ ഓർഡിനൻസിനെതിരേ ഹൈക്കോടതിയിൽ ആർഎസ്പി, ബിജെപി നേതാക്കളും കേസുകൾ ഫയൽ ചെയ്തു.
നിയമപരമായി ഓർഡിനൻസ് നിലനിൽക്കില്ലെന്നു നിയമോപദേശം ലഭിച്ചതിന്റെയും സിപിഎം അടക്കമുള്ള ഇടതു പാർട്ടികളിൽ നിന്ന് എതിർപ്പ് ഉയർന്നതിന്റെയും അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകുന്നേരം ചേർന്ന മന്ത്രിസഭായോഗത്തിൽ ഓർഡിൻസ് പിൻവലിക്കാനായി റിപ്പിലീംഗ് ഓർഡിനൻസ് ഇറക്കുകയായിരുന്നു.