
വിശുദ്ധ യൗസേപ്പിന് ഭൂമിയിൽ ഈശോയ്ക്കു മേൽ അധികാരം ഉണ്ടായിരുന്നതിനാൽ അവൻ ആഗ്രഹിക്കുന്ന ഏതു കാര്യങ്ങളും സ്വർഗ്ഗത്തിലുള്ള അവൻ്റെ വളർത്തു പുത്രൻ സാധിച്ചു കൊടുക്കുന്നു എന്ന് വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുന്നു.
ജോസഫ് വിശ്വസ്തനായ വളർത്തു പിതാവ്
ഈശോയുടെ കാലഘട്ടത്തിലെ യഹൂദ പാരമ്പര്യമനുസരിച്ചുള്ള വിശ്വാസത്തിലും ജീവിത രീതിയിലും യേശുവിനെ രൂപപ്പെടുത്തിയതിൽ വിശുദ്ധ യൗസേപ്പിനുള്ള പങ്കു ചെറുതല്ല. നിതാന്ത ജാഗ്രതയുള്ള ജോസഫിൻ്റെ കണ്ണുകളിലൂടെയാണ് ഈശോ “ജ്ഞാനം നിറഞ്ഞു ശക്തനായി, ദൈവത്തിന്റെ കൃപയിൽ (ലൂക്കാ 2 : 40) വളർന്നത്. അതുപോലെ ഈ കാലഘട്ടത്തിൽ കുടുംബമാകുന്ന ഗാർഹിക സഭയിൽ അപ്പൻമാർ തങ്ങളുടെ ദൗത്യം തിരിച്ചറിയണം. കുടുംബമാകുന്ന സഭയിലെ ആദ്യത്തെ സുവിശേഷ പ്രസംഗകൻ കുടുംബനാഥനായിരിക്കണം. മക്കൾ കണി കണ്ടു ഉണരേണ്ട നന്മയായിരിക്കണം അപ്പൻ്റെ വിശ്വാസ ജീവിതം.
പന്ത്രണ്ടു വയസ്സുള്ളപ്പോൾ ഈശോയെ ജറുസലേം ദൈവാലയത്തിൽ കാണാതായയി, മൂന്നു ദിവസം മറിയത്തോടൊപ്പം ഈശോക് ക്കായി പരിഭ്രാന്തിയോടെ അന്വേഷിച്ച ജോസഫിനെ തിരു ലിഖിതങ്ങളിൽ കണ്ടുമുട്ടുന്നു. ദൈവാലയത്തിൽ കണ്ടെത്തിയപ്പോൾ ഈശോ ഉപാധ്യായന്മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. ലൂക്കാ 2 : 46.
മകനെ കാണാതായപ്പോൾ ഏതു പിതാവിൻ്റെതു പോലെ ആ പിതൃ ഹൃദയവും വേദനിച്ചു. പക്ഷേ മകനെ ദൈവാലയത്തിൽത്തന്നെ കണ്ടുമുട്ടിയപ്പോൾ ആ അപ്പൻ്റെ ഹൃദയം അതിലധികം സന്തോഷിച്ചു. കാരണംതൻ്റെ വളർത്തുഗുണം മകനെ കർത്തൃ സന്നിധിയിലേക്കാണ് അടിപ്പിച്ചത്. പിതാവിൻ്റെ കാര്യങ്ങളിൽ വ്യാപൃതനാകാൻ ഈശോയ്ക്കു സാധിച്ചത് ജോസഫും മറിയവും ഈശോയെ ദൈവപ്രീതിയിൽ വളർത്തിയതു നിമിത്തമാണ്. അവരുടെ വിശ്വാസ പരിശീലനം ഈ കാലഘട്ടത്തിലെ മാതാപിതാക്കൾക്കുള്ള ഉത്തമമായ മാതൃകയാണ്. തിരു കുടുംബത്തിലെ ചില ജിവിത മനോഭാവങ്ങൾ നമ്മുടെ ഭവനങ്ങളെയും തിരു കടുംബമാക്കും. ലളിത ജീവിതം, നിതാന്ത ജാഗ്രത , സഭയോടും മതാചാരങ്ങളോടുമുള്ള കൂറ് ദൈവാശ്രയത്വ ബോധം തുടങ്ങിയവ അവയിൽ ചിലതാണ്.
വിശുദ്ധർ സ്വർഗ്ഗത്തിൽ വലിയ ശക്തി അനുഭവിക്കുന്നു എന്നത് ശരിയാണ്, പക്ഷേ അവർ സേവകരെന്ന നിലയിലാണ് മധ്യസ്ഥത നിർവ്വഹിക്കുന്നത്, അവരാരും യജമാനൻമാരായി ആജ്ഞാപിക്കാറില്ല. എന്നാൽ വിശുദ്ധ യൗസേപ്പിന് ഭൂമിയിൽ ഈശോയ്ക്കു മേൽ അധികാരം ഉണ്ടായിരുന്നതിനാൽ അവൻ ആഗ്രഹിക്കുന്ന ഏതു കാര്യങ്ങളും സ്വർഗ്ഗത്തിലുള്ള അവൻ്റെ വളർത്തു പുത്രൻ സാധിച്ചു കൊടുക്കുന്നു എന്ന് വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ mcbs