ഒഎന്‍വി സാഹിത്യ പുരസ്‌കാരം ടി പദ്മനാഭന്

Share News

തിരുവനന്തപുരം: 2022 ലെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം ടി പദ്മനാഭന്. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ്.

ഡോ. എം എം ബഷീര്‍, ഡോ .ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒഎന്‍വി ജയന്തി ദിനമായ മെയ് 27 നു തിരുവനന്തപുരത്തു വച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച സര്‍ഗ്ഗധനനായ കഥാകാരനാണ് ടി പദ്മനാഭന്‍ എന്ന് ജൂറി വിലയിരുത്തി. ‘ഗൗരി ‘, ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’, മഖന്‍ സിംഗിന്റെ മരണം, മരയ തുടങ്ങിയ കഥകളിലൂടെ അതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ അഭൗമ മണ്ഡലങ്ങളിലേക്ക് ടി പദ്മനാഭന്‍ അനുവാചക മനസ്സുകളെ ഉയര്‍ത്തിയതായും ജൂറി അഭിപ്രായപ്പെട്ടു.

2021 ലെ ഒഎന്‍വി യുവസാഹിത്യ പുരസ്‌കാരത്തിന് അരുണ്‍കുമാര്‍ അന്നൂര്‍ രചിച്ച ‘കലിനളന്‍’ എന്ന കൃതിയും 2022 ലെ പുരസ്‌കാരം അമൃത ദിനേശിന്റെ ‘അമൃതഗീത’ എന്ന കൃതിയും അര്‍ഹമായി.

പ്രഭാവര്‍മ്മ, റോസ് മേരി, എസ്.മഹാദേവന്‍ തമ്പി എന്നിവര്‍ ഉള്‍പ്പെട്ട ജൂറി 152 കൃതികളില്‍ നിന്ന് ഏകകണ്ഠമായാണ് ഈ രണ്ടു കൃതികള്‍ തിരഞ്ഞെടുത്തത്. 50000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് യുവസാഹിത്യ പുരസ്‌കാരം. മലയാളകവിതയുടെ പ്രകാശപൂര്‍ണമായ ഭാവിയെ ദ്യോതിപ്പിക്കുന്ന കാമ്പും കരുത്തുമുള്ള സര്‍ഗ്ഗാത്മകതയുടെ തെളിച്ചം ഈ കാവ്യകൃതികളില്‍ നിന്നും പ്രസരിക്കുന്നതായി ജൂറി അഭിപ്രായപ്പെട്ടു.

യുവസാഹിത്യ പുരസ്‌കാരങ്ങളും മെയ് 27 ന്റെ ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍, സെക്രട്ടറി എം ബി സനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.

Share News