
..പ്രിയപ്പെട്ട വർമാജി നിങ്ങൾക്കു പ്രായം 84 അല്ല, അതിന്റെ പാതിയുടെ പാതിയാണ്.
ഗോൾ പോസ്റ്റിൽ ഒറ്റയ്ക്കു നിൽക്കുന്ന ഗോളിയുടെ ഏകാന്തതയല്ല ആദ്യ ഓവറിലെ ആദ്യ പന്തു കാത്തു നിൽക്കുന്ന ബാറ്റ്സ്മാന്റേത്.
കണ്ണിനു പിൻതുടരാനാകാത്ത ഒരു അതിയശ വേഗത്തിൽ ഒരു പന്ത് അയാൾക്കു നേരേ ചീറിയടുത്തു വരുമെന്ന് ഉറപ്പുണ്ട്.സെക്കന്റുകളെ കീറി മുറിച്ച് അതിലേത് ഇഴകൊണ്ടാകും അയാൾ ആ പന്തിനെ നേരിടുക?
ധീരവും ഉന്മാദം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പാണ് അത്. ശ്രീശങ്കരകോളജിന്റെ ഓപ്പണറെന്ന നിലയിൽ ആ ഉന്മാദത്തിലൂടെ എത്രയോ തവണ കടന്നു പോയിരിക്കുന്നു. കലാകൗമുദിയിൽ ‘ക്രിക്കറ്റ്’ ആരംഭിച്ച വർമാജി തന്റെ നോവലിന്റെ ആദ്യ അധ്യായത്തിലെ ആദ്യ വരിയിലൂടെ തന്നെ എന്നെ എറിഞ്ഞുവീഴ്ത്തി. ക്ലീൻ ബൗൾഡ് !!!ഇന്നിപ്പോൾ എൺപത്തിനാലിൽ എത്തിയ വർമാജിയേക്കാൾ പ്രായം കൊണ്ട് എത്രയോ ജൂനിയറാണു ഞാൻ. എന്നിട്ടും അദ്ദേഹം എന്റെ തോളിൽ കൈയിട്ടുനിന്ന് ‘എന്താ ബ്രോ ഇങ്ങനെയൊക്കെ പോയാൽ മതിയോ എല്ലാം ഒന്നുഷാറാക്കേണ്ടേ, ഒന്നിരിക്കേണ്ടേ നമുക്ക്’ എന്നു ചോദിക്കുമ്പോൾ..പ്രിയപ്പെട്ട വർമാജി നിങ്ങൾക്കു പ്രായം 84 അല്ല, അതിന്റെ പാതിയുടെ പാതിയാണ്.പിറന്നാൾ നാളിലും ചുറ്റിലും എന്തുണ്ടു പുതിയ കാര്യമെന്നാണു നോട്ടം.. ഈയിടെ രൂപം കൊടുത്ത ‘തിങ്ക് ടാങ്ക് കൊച്ചി’ എന്ന സംഘടനയുടെ പുതുമോടി മാറിയിട്ടില്ല. വർമാജി സ്റ്റൈലിൽ പറഞ്ഞാൽ പുതിയ ആശയങ്ങൾ പൊട്ടിമുളയ്ക്കുന്ന തലച്ചോറുകളുടെ കൂട്ടായ്മ. ലോക്ഡൗൺ കാലത്ത് എഴുത്തുകാരല്ലാത്ത പലരേയും കൊണ്ടു വർമാജി കഥയും നോവലും കവിതയുമൊക്കെ എഴുതിച്ചു പുസ്തകമാക്കി. അതാണു വൈഭവം.‘ചങ്ങാതിമാരിലേറെയും ന്യൂ ജെൻ ആണ്. ലോകത്തെ പുതിയ കാര്യങ്ങളെല്ലാം അവരിൽ നിന്നു പഠിക്കുന്നു. നല്ല ആശയങ്ങളുട അഭാവം ഇന്നു സമൂഹത്തിനുണ്ട്. നന്മ പകരുന്ന ആശയങ്ങളുടെ സൃഷ്ടിയാണ് തിങ്ക് ടാങ്ക്’എഴുത്ത്, യാത്ര, പ്രസംഗം, പത്രാധിപത്യം… ഇതിനിടയിൽ പുതിയ ആശയങ്ങൾ സ്വരൂപിക്കാൻ നിങ്ങൾക്കെവിടെയാണു മനുഷ്യാ നേരമെന്നു ചോദിച്ചു.‘അതോ..? മൂർച്ചയുള്ള ഒരു കത്തിയും കുറച്ചു പച്ചക്കറികളും..!’ഡെയ്‌ലി രാവിലെ 6 മുതൽ 7 വരെ വർമാജി ഫ്ളാറ്റിലെ അടുക്കളയിലുണ്ട്. ആ സമയത്തു രാധച്ചേച്ചിക്കു (ഭാര്യാകുസുമം) പോലും അവിടേക്കു പ്രവേശനമില്ല. അന്നത്തെ കറികൾക്കു വേണ്ട പച്ചക്കറികളെല്ലാം നുറുക്കുന്നത് വർമാജിയാണ്. കത്തിക്കു മൂർച്ചയുണ്ട്. കണ്ണു തെറ്റിയാൽ വിരൽ മുറിഞ്ഞു ചോരയൊലിക്കും. മൂർച്ചയുള്ള ആ കത്തിക്കും പൊടിയാനിടയുള്ള ചോരയ്ക്കുമിടയിലാണത്രെ കിടിലൻ ആശയങ്ങൾ മനസിൽ പൊട്ടിമുളയ്ക്കുന്നത് !ഒന്നുണ്ട്, മലയാളത്തിൽ നിത്യ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി നോവലുകളെഴുതി തുടങ്ങിയത് വർമാജിയാണ്.
ഫിനാൻസ്, സ്പോർട്സ്, സിനിമ, നിയമം എന്നിവയിൽ നിന്നൊക്കെ അദ്ദേഹം കഥകൾ കണ്ടെത്തി. ‘ഓഹരി’, ‘നീതി’, ‘ക്രിക്കറ്റ്’, ‘സിനിമ സിനിമ’ തുടങ്ങി നൂറിലേറെ പുസ്തകങ്ങൾ. മാധവിക്കുട്ടിയുമായി ചേർന്ന് ‘അമാവാസി’എന്ന നോവലെഴുതി.
രാവിലെ മൂന്നിനെണീറ്റ് എഴുതാനിരിക്കും. 1994 മുതൽ കംപ്യൂട്ടറിലാണ് എഴുത്ത്.‘ഓഹരി’ എഴുതിയപ്പോൾ തകഴിച്ചേട്ടൻ കരുതിയത് അതു തറവാട് വീതം വയ്പ്പിന്റെ കഥയായിരിക്കുമെന്നാണ്.‘ക്രിക്കറ്റ്’ വായിച്ച് എം. കൃഷ്ണൻനായർ വിമർശിച്ചു. അദ്ദേഹത്തിനു ക്രിക്കറ്റ് താൽപര്യമില്ലെന്നു പിന്നീടറിഞ്ഞു.പക്ഷേ സുകുമാർ അഴീക്കോട് ആവേശത്തിലായിരുന്നു പണ്ട് ഇന്ത്യയ്ക്കു വെളിയിൽ നടക്കുന്ന ടെസ്റ്റ് മാച്ചുകളുടെ സ്കോറൊക്കെ അറിയാൻ പുലർച്ച സമയങ്ങളിൽ ഫോൺ ചെയ്യുമായിരുന്നു.– വർമാജിക്കു പറയാൻ എത്രയെത്ര കഥകൾ.
പ്രിയപ്പെട്ട വർമാജി ഈ ലാലിന് ഒന്നേ ആശംസിക്കാനുള്ളൂ,
നിങ്ങൾ ഈ മാച്ചിൽ സെഞ്ച്വറി അടിക്കണം..!.

T B Lal
Journalist at Malayala Manorama