ഒരുപാട് നേതാക്കൾക്കിടയിൽ ആ മുഖം വ്യത്യസ്തമായിരുന്നു. ഹൃദയത്തിൽ ആദരവും ഇഷ്ടവുമുള്ള നേതാവ് ഡി. രാജ.

Share News

ഡൽഹിയിലെ പത്രപ്രവർത്തക സുഹൃത് അമൃത് ലാൽ ക്രമീകരിച്ച കൂടിക്കാഴ്ച. ഫോണിൽ വിവരങ്ങൾ വിവരങ്ങൾ പറഞ്ഞപ്പോൾ സ്നേഹപൂർവ്വം മുറിയിലേക്ക് ക്ഷണിച്ചു.

എറണാകുളം മറൈൻ ഡ്രൈവിലെ LDF സമ്മേളനം കഴിഞ്ഞാണ് സഖാവ് ഹോട്ടൽ പ്രസിഡൻസിയിലെ മുറിയിൽ എത്തിയത്. ദേശീയ സെക്രട്ടറിയുടെ മുറിയിൽ തിരക്കില്ല.

എൽ ഡി എഫ് ജാഥയ്ക്ക് കരുത്തായെത്തിയ സഖാക്കൾ അടുത്ത പലമുറികളിലുണ്ട്.നേർത്ത ശബ്ദത്തിൽ ആ മനുഷ്യൻ സംസാരിച്ചു തുടങ്ങി….

സംസാരിച്ചതത്രയും ഇവിടത്തെ സാമൂഹികാവസ്ഥകളെക്കുറിച്ചായിരുന്നു..

..അതൊക്കെ കേട്ടിരിക്കുമ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു…മുൻപിലിരിക്കുന്നതു ചരിത്രത്തിന്റെ ഒരേടാണ്, വിസ്മയത്തിന്റെ ഒരു വാക്കും…വായിച്ചും ടെലിവിഷനിൽക്കണ്ടും അത്ഭുതപ്പെട്ടിരുന്ന ഒരു വ്യക്തിത്വം.

മനസ്സിൽ ആ ചിത്രങ്ങളെല്ലാം ഒരു റീലുപോലെ കടന്നുപോയി….ഒരു ഗ്രാമം ഒരാളുടെ വിദ്യാഭാസനേട്ടത്തിന്റെ പേരിൽ അറിയപ്പെടുക. എന്തൊരു അനുഗ്രഹീത കാര്യമാണത്. ഇല്ലായ്മകളുടെയും ദാരിദ്ര്യത്തിന്റെയും നെറുകയിൽ നിൽക്കുമ്പോഴും ഇന്നത്തെപ്പോലെ കമ്പോളം വിളക്കുവാങ്ങിയിട്ടില്ലാത്ത വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ ആവോളം ചേർത്തുപിടിച്ചു രാജ എന്ന വിദ്യാർത്ഥി.

വെല്ലൂർ ജില്ലയിലെ ചിത്തത്തൂരിലാണ് അദ്ദേഹം ജനിച്ചത്. ആ ഗ്രാമത്തിൽ നിന്ന് ആദ്യമായി കോളേജിൽ പോയവൻ. വിദ്യാഭാസമാണ് മനുഷ്യനെ വിപ്ലവകാരിയാക്കുന്നതെന്നു കാൾ മാർക്സ് പറഞ്ഞത് എത്രശരി. നടന്നുതീർത്ത ഇരുട്ടുവഴികളിൽ വരും തലമുറക്കായി നീതിയുടെ തീപന്തം കത്തിക്കേണ്ടത് തന്റെ ചുമതലയായി രാഷ്ട്രീയ ബോധമുള്ള ആ മനുഷ്യൻ കരുതി. ആ കർത്തവ്യം സ്വയം ഏറ്റെടുത്തു. രാജയിൽ നിന്നും ഡി.രാജ എന്ന പൊളിറ്റിക്കൽ ഫിലോസഫറിലേക്കും ഒറേറ്ററിലേക്കുമുള്ള തിരിച്ചറിവിന്റെ മാറ്റം.

ഒരു ചാൺഭൂമി സ്വന്തമായില്ലാത്ത കർഷകനായ ദാരൈസ്വാമിയുടെയും നയാഗയുടെയും അതെ കർഷക മനസ്സുള്ള മകനു കൃഷിയുടെ തത്വശാസ്ത്രവും സാമ്പത്തിക ശാസ്ത്രവുമറിയാം .

..കൃഷി ചെയ്യുമ്പോഴും തരിശിടുമ്പോഴുമുള്ള ഭൂമിയുടെ വിലയറിയാം..സർവ്വോപരി പട്ടിണിയറിയാം!! ബാല്യത്തിലെ ദുരിതജീവിതവും കന്യാകുമാരിയിൽ നിന്ന് തമിഴ്നാടിന്റെ തലസ്ഥാന നഗരിയിലേക്ക് നടത്തിയ പദയാത്രയും പകർന്നു കൊടുത്ത പാഠങ്ങൾ.. ഡി.രാജയുടെ രാഷ്ട്രീയ ജീവിതം തളികയിൽ വെച്ചുനീട്ടിയ വിശിഷ്ട ഭോജ്യമായിരുന്നില്ല. യൂണിവേഴ്സിറ്റി പഠനകാലത്ത് ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷനിൽ ചേർന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ രാജ പിന്നീട് യൂത്ത് ഫെഡറേഷന്റെ നേതാവായി.

തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായും ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ ദേശീയ കൗൺസിലിന്റെ ജനറൽ സെക്രട്ടറിയായുമുള്ള അംഗീകാരങ്ങൾ. പിന്നെ സി.പി ഐ. ദേശീയ സെക്രട്ടറിയായുള്ള സ്ഥാനക്കയറ്റം. എല്ലാം അർഹിക്കുന്ന അംഗീകാരങ്ങൾ.25 കൊല്ലം സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹത്തെ 2019 ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

അന്യോന്യത്തിന്റെ കോ-ഓഡിനേറ്റിംഗ് എഡിറ്റർ ഷാനവാസ് എം എ ആദ്യലക്കം സഖാവിന് സമ്മാനിച്ചു. മലയാളം വായിക്കാനറിയില്ലെന്നും ആനിക്ക് കൊടുക്കാം എന്ന് സഖാവ് പറഞ്ഞു. തുടർന്ന് അന്യോന്യത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. അന്യോന്യം മനോഹരമായിരിക്കുന്നുവെന്ന അഭിപ്രായവും അദ്ദേഹം പ്രകടപ്പിച്ചു.

മടങ്ങാൻ നേരം ബാഗുതുറന്നു ‘ഇന്ത്യൻ റിവൊല്യൂഷൻ: ടുഡേയ്സ് ഡൈമൻഷൻസ്‌ ‘ എന്ന സ്വന്തം പ്രഭാഷണങ്ങളുടെ സമാഹാരം (തമിഴിൽ പ്രസിദ്ധീകരിച്ചത്) സ്നേഹപൂർവ്വം സമ്മാനിച്ചു. എനിക്കതു വെറുമൊരു പുസ്തകമല്ല…വിലപിടിപ്പുള്ള ഓർമയാണ്. ജീവിതത്തിൽ നേരിട്ട് കാണണമെന്നും പരിചയപ്പെടണമെന്നും ഇതുപോലെ ഇരുന്നു സംസാരിക്കണമെന്നുമൊക്കെ കൊതിച്ച അപൂർവ്വം ചിലരേയുള്ളൂ…

പുറത്തേക്കിറങ്ങുമ്പോൾ വാതിൽ വരെ ആ വലിയ മനുഷ്യൻ കൂടെവന്നു..

.ഉപമകളില്ലാത്ത വിനയം…

ആദരം…ലിഫ്റ്റിറങ്ങുമ്പോൾ തിരുപ്പൂരിനും അതിന്റെ ഉൾഗ്രാമങ്ങൾക്കുമിടയിൽ പാടിപ്പതിഞ്ഞ നാട്ടുപാട്ട് മനസ്സിലേക്കോടിയെത്തി….

“ഇളം കാറ്റുപോലെ നിന്റെ സ്നേഹം….അരുവിപോലെ ആദരം…” മടങ്ങുമ്പോൾ ശരീരം മാത്രമേയുള്ളു കൂടെ….

മനസ്സോ ആ വലിയ നേതാവിന്റെ കൂടെ…..”

ഷാജി ജോർജ്

Share News