ഭരണഘടനയുടെനട്ടെല്ലായ ആമുഖം (Preamble)

Share News

ആദ്യത്തെ ഭരണഘടനയിൽ ആമുഖം ഇന്ത്യയെ “പരമാധികാര ജനാധിപത്യ റിപ്പബ്ലിക്” എന്ന് വിശേഷിപ്പിച്ചു, അതിൽ “സെക്കുലർ”, “സോഷ്യലിസ്റ്റ്” എന്നീ പദങ്ങൾ പിന്നീട് 42-ാം ഭേദഗതിയിൽ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കൂട്ടിച്ചേർക്കുകയായിരുന്നു.

1949 ൽ ഡോ.ബി ആർ അംബദ്കർ ഉൾപ്പെടെയുളള മഹാൻമാർ അംഗീകരിച്ച ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല. അത്തരം യാതൊരു ചർച്ചയും കൂടാതെ ഭരണഘടനയുടെ നാല് പത്തിരണ്ടാം ഭേദഗതി കൊണ്ടു വരികയും അതിന് ശേഷം ഈ വാക്കുകൾ ആമുഖത്തിൽ ചേർക്കപ്പെടുകയാണുണ്ടായത്.മറ്റു ചില ഭേദഗതികളും അന്ന് നിലവിൽ വന്നു.

ഭാരത ഭരണഘടനയുടെ മറ്റ് പേജുകൾക്കൊപ്പം ആമുഖ പേജും രൂപകൽപ്പന ചെയ്യുകയും അലങ്കരിക്കുകയും ചെയ്തത് അക്കാലത്ത് ആചാര്യ നന്ദലാൽ ബോസിനൊപ്പം ശാന്തിനികേതനിലുണ്ടായിരുന്ന ജബൽപൂരിലെ പ്രശസ്ത ചിത്രകാരൻ ബിയോഹർ രാംമനോഹർ സിൻഹയാണ്. നന്ദലാൽ ബോസ് ഒരു മാറ്റവും കൂടാതെ ബിയോഹർ രാംമനോഹർ സിൻഹയുടെ കലാസൃഷ്ടിയെ അംഗീകരിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, ഭരണഘടനയുടെ തത്വങ്ങൾ അവതരിപ്പിക്കുകയും, അതിന്റെ അധികാരത്തിന്റെ ഉറവിടങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്നു എന്നാണ് കരുതുന്നത്. 1949 നവംബർ 26 ന് ഭരണഘടനാ അസംബ്ലി ഇത് അംഗീകരിക്കുകയും, 1950 ജനുവരി 26 ന് ഇന്ത്യൻ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുകയും ചെയ്തു.

ഭരണഘടനാ അസംബ്ലി ആമുഖത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ, ഇന്ത്യ, അന്നുണ്ടായിരുന്ന റഷ്യൻ United Socialist Soviet Republic -നെ അനുകരിക്കുന്നതെന്ന മട്ടിൽ ഇന്ത്യയെ ‘യൂണിയൻ ഓഫ് ഇന്ത്യൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്’ എന്ന് നാമകരണം ചെയ്യാനുള്ള വാദമുയർന്നു എങ്കിലും, പക്ഷേ അംഗങ്ങൾ അത് അംഗീകരിച്ചില്ല.

ആമുഖത്തിൽ ദൈവത്തിന്റെയോ ഗാന്ധിയുടെയോപേരുകൾ ഉൾപ്പെടുത്തണമെന്നതിനെച്ചൊല്ലിയും അഭിപ്രായങ്ങളുണ്ടായിരുന്നു. ഒടുവിൽ വേണ്ടന്ന് വച്ചു.

ആമുഖം ഇന്ത്യൻ ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ലെന്നും അതിനാൽ ഒരു കോടതിയിൽ ഇത് നടപ്പിലാക്കാൻ കഴിയില്ലെന്നും ‘ബെറുബാരി’ എന്നറിയപ്പെട്ട കേസിൽ സുപ്രീം കോടതി പ്രസ്താവിച്ചു. എന്നിരുന്നാലും, സുപ്രീം കോടതി തന്നെ, 1973-ലെ കേശവാനന്ദ ഭാരതി കേസിൽ, മുൻ തീരുമാനത്തെ മറികടന്ന്, ഭരണഘടനയുടെ അവ്യക്തമായ മേഖലകളെ വ്യാഖ്യാനിക്കാൻ ആമുഖം ഉപയോഗിക്കാമെന്ന് അംഗീകരിക്കുകയായിരുന്നു. 1995-ൽ യൂണിയൻ ഓഫ് ഇന്ത്യ – എൽഐസി ഓഫ് ഇന്ത്യ എന്ന കേസിൽ, ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതി വീണ്ടും അഭിപ്രായപ്പെട്ടു.അതോടെ ആമുഖം അഥവാ Preamble ഭാരത ഭരണഘടനയുടെ നട്ടെല്ലായി ഗണിക്കപ്പെട്ടു.

.

നിയമ🎓ബോധി

Share News