
കുരിശും യുദ്ധവും സമാധനവും’ ഇനി ഏറെ ചർച്ച ചെയ്യപ്പെടാൻ പോകുന്നതേയുള്ളൂ. | പ്രധാനമായും ക്രിസ്തുമത പഠനങ്ങളിൽ ഏർപ്പെടുകയും തനതായ ഒരു എഴുത്തു പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുന്ന ദാർശനികനായി ജോസ് ടിയെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു.
22–ാം വയസ്സിൽ ദീപികയിൽ ജേണലിസം ട്രെയിനി ആയാണ് ഞാൻ പത്രപ്രവർത്തനം ആരംഭിക്കുന്നത്.
ആരാധന എന്ന വികാരം ഇന്നു പൊതുവിൽ ഒഴിവായിട്ടുണ്ട്. എന്നാൽ അന്ന് ആ പ്രായത്തിൽ അതല്ല.ജോസ് ടി. തോമസ് സാറിനോടുളള വികാരം അതു തന്നെയായിരുന്നു. അത് എനിക്കു മാത്രമായിരുന്നുവെന്ന് തോന്നുന്നില്ല. ആ സമയത്ത് പത്രപ്രവർത്തക ട്രെയിനികളുടെ രണ്ടു ബാച്ച് ദീപികയിൽ ഉണ്ടായിരുന്നു.അവരിൽ പലരും ഇന്ന് ഈ രംഗത്ത് മുൻനിരക്കാരാണ് . പല പത്രങ്ങളിലായി. ആ യുവാക്കളുടെ കൂട്ടത്തിനാകെ ജോസ് ടി മോഹിപ്പിക്കുന്ന പ്രതിഭയായിരുന്നു.

‘കുരിശും യുദ്ധവും സമാധനവും–: ഭാവിവിചാരപരമായ സാംസ്കാരിക നിരൂപണം’ എന്ന ജോസ് ടിയുടെ അതിവൈശിഷ്ട്യം നിറഞ്ഞ കൃതിയിൽ ഗ്രന്ഥകാരനെക്കുറിച്ചുളള കുറിപ്പിലെ ഈ വിവരങ്ങൾ അത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കും: ‘എഴുപതുകളിലെ രസന ലിറ്റിൽ മാഗസിന്റെ പത്രാധിപന്മാരിൽ ഒരാൾ. 1981 ൽ ദീപികയിൽ പത്രപ്രവർത്തനായി. ലീഡർ റൈറ്റർ, ചീഫ് ന്യൂസ് എഡിറ്റർ, ചീഫ് എഡിറ്റർ ഇൻ ചാർജ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 37–ാം വയസ്സിൽ ജോലിയിൽ നിന്നു സ്വയം വിരമിച്ച് മാനവ ചരിത്ര സമീക്ഷയ്ക്കായുള്ള എഡിറ്റോറിയിൽ റിസർച്ചിൽ ഏർപ്പെട്ടിരിക്കുകയാണ്.

ദീപിക പോലെ കേരളത്തിലെ ഏറ്റവും പാരമ്പര്യമുളള ഒരു പത്രത്തെ ചീഫ് ന്യൂസ് എഡിറ്റർ എന്ന നിലയിൽ ജോസ് ടി നയിച്ചത് അപ്പോൾ വെറും 35 വയസ്സിലാണ്. രണ്ടു വർഷത്തിനു ശേഷം സാർ ആ പരിപാടി വിട്ടു. പിന്നീടങ്ങോട്ട് ഒരു സപര്യ പോലെ തുടരുന്ന ഗവേഷണ പഠനങ്ങളിൽ നിന്ന് ഉയിർകൊണ്ട ഏറ്റവും ഒടുവിലത്തെ പുസ്തകമാണ് കുരിശും യുദ്ധവും സമാധാനവും.
ജോസ് ടിയെ പോലെ ഒരു സുന്ദരനായ ജേണലിസ്റ്റിനെ ഞാൻ പിന്നീട് കണ്ടിട്ടില്ല. ആറടി ഉയരം. താടിയും തടവി ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി( അന്ന് ന്യൂസ് റൂമുകളിൽ പുകവലി വിലക്കിയിട്ടില്ല) അടുത്ത ദിവസത്തെ പത്രത്തിന്റെ ഉള്ളടക്കം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ജോസ് ടിയുടെ രൂപം തന്നെ ഒരു അരങ്ങായിരുന്നു. ഇതിനോട് ഒപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിൽ നിന്ന് അതു കുറച്ചെല്ലാം ഊഹിച്ചെടുക്കാം.നേതൃത്വം നൽകിയ ആ ചുരുങ്ങിയ കാലയളവിൽ ജോസ് ടി ദീപികയെ അഴിച്ചുപണിതു. അതിന്റെ രൂപവും ഭാവവും മാറ്റി. ദീപികയുടെ ‘കോൺസ്റ്റിറ്റ്യൂവൻസി’ എന്താണെന്ന് അറിയാവുന്നവർക്ക് അത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാം. ഈ ജോലിയിൽ തുടർന്നിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ആദരിക്കുന്ന പത്രാധിപന്മാരിൽ ഒരാൾ ജോസ് ടി ആകുമായിരുന്നുവെന്ന് ഞാൻ കരുതുന്നു.

പക്ഷേ പകരം തനിക്ക് ഇഷ്ടപ്പെട്ട വേറൊരു വഴി തിരഞ്ഞെടുക്കുകയാണ് അദ്ദേഹം ചെയ്തത്. ‘നാളത്തെ അറിവ്, ഭാവി വിചാരം; ഭാരതത്തിന്റെ സൗമ്യശക്തി എന്നിവയ്ക്കു ശേഷമുള്ള ഈ പുസ്തകത്തെ നിലവിൽ അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് എന്നു വിശേഷിപ്പിക്കാം. ക്രിസ്തുമത നിരൂപണമാണ് ഇന്ന് ജോസ് ടിയുടെ ഇഷ്ടവിഷയം. യേശു എന്ന മനുഷ്യനെ ക്രിസ്തു ആക്കിത്തീർത്ത വഴിയാണ് അദ്ദേഹം ഈ ഗ്രന്ഥത്തിൽ അന്വേഷിക്കുന്നത്. ക്രിസ്തുമത ചരിത്രത്തിന്റെ പുനർവായനയാണ് പുസ്തകം. ഏതു പുസ്തകത്തെയും വേറിട്ട പുസ്തകം എന്നു വിശേഷിപ്പിച്ചു ശീലമുള്ളവർ ജോസ് ടിയുടെ ഈ പുസ്തകം വായിച്ചാൽ പിന്നെ ആ ക്ലീഷേ മറ്റൊരു പുസ്തകത്തിന്റെ കാര്യത്തിൽ ഉപയോഗിക്കുമെന്നു തോന്നുന്നില്ല. ഇങ്ങനെ ഒരു ഗ്രന്ഥം മലയാളത്തിൽ ഇറങ്ങിയിട്ടില്ല.
സ്നേഹവും നീതിയും സമാധാനവും പുലരുന്ന ഏക ലോകമാണ് ജോസ് ടിയുടെ സ്വപ്നമെന്ന് ഈ പുസ്തകം മനസ്സിലാക്കും. ബൈബിൾ പഠനങ്ങൾ സാധാരണ ഗതിയിൽ വായനയ്ക്കു വേഗം വഴങ്ങുന്നതല്ല. ജോസ് ടിയിലെ പത്രപ്രവർത്തകൻ അവിടെയാണ് ഒളിമിന്നുന്നത്. വലിയ കാര്യങ്ങൾ ലളിതമായി അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. ‘ഭയം നീങ്ങുമ്പോൾ സ്നേഹം തിങ്ങുന്നു. അതു രക്ഷാവഴി’ എന്നു ജോസ് ടി എഴുതുമ്പോൾ, അത് ഒന്നു കൂടി വായിച്ചു നോക്കുമ്പോഴാണ് ആ ആറു വാക്കുകളുടെ ഉൾക്കനം ബോധ്യമാകുക.
‘അൻപ്’ ജോസ് ടിയിലെ സ്നേഹാർദ്രന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കാണെന്ന് പുസ്തകം ഉടനീളം ബോധ്യപ്പെടുത്തും. അൻപ് അദ്ദേഹത്തിന് നിരുപാധിക കരുണാർദ്ര സ്നേഹമാണ്. ‘ചിലർ കുരിശിൽ കെട്ടിപ്പിടിച്ചു കരഞ്ഞു; ചിലർ കുരിശ് വിജയക്കൊടിയടയാളമാക്കി മറ്റുള്ളവരെ കുരിശു ചുമപ്പിക്കുകയും ചെയ്തു–: ജോസ് ടിയിലെ സ്വതന്ത്ര ചിന്തകൻ കുറിക്കുന്നു
സ്വതന്ത്ര എഡിറ്റോറിയൽ ഗവേഷകൻ എന്നാണ് ജോസ് ടി സാർ ഇപ്പോൾ സ്വയം വിശേഷിപ്പിക്കുന്നത്. പ്രധാനമായും ക്രിസ്തുമത പഠനങ്ങളിൽ ഏർപ്പെടുകയും തനതായ ഒരു എഴുത്തു പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുന്ന ദാർശനികനായി ഞങ്ങളുടെ ജോസ് ടിയെ ഇന്ന് വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

‘കുരിശും യുദ്ധവും സമാധനവും’ ഇനി ഏറെ ചർച്ച ചെയ്യപ്പെടാൻ പോകുന്നതേയുള്ളൂ. തന്റെ മുപ്പതുകളിൽ മലയാളത്തിലെ ആദ്യത്തെ ദിനപത്രത്തെ നയിക്കാൻ പ്രാപ്തനെന്നു തെളിയിച്ച പ്രതിഭ അദ്ദേഹം സ്വയം തിരഞ്ഞെടുത്ത മറ്റൊരു വഴിയിൽ ഇപ്പോൾ മുൻപേ നടക്കുകയാണ്. അതു വായനക്കാർ തിങ്ങി നിറഞ്ഞിരിക്കുന്ന ഒരു വഴിയല്ല. പക്ഷേ വായിക്കുന്നവർ ആ വഴിവെട്ടിയയാളെ ആദരിക്കുക തന്നെ ചെയ്യും. കേരളത്തിന്റെയും ഇന്ത്യയുടെയും ആകെ സ്നേഹാദരം പിടിച്ചു പറ്റുന്ന ഏഴുത്തുകാരനായി ജോസ് ടി ചർച്ച ചെയ്യപ്പെടുന്നതു കാണാൻ ഞങ്ങൾ ദീപികയിലെ ആ പഴയ ചെറുപ്പക്കാരുടെ സംഘം, അദ്ദേഹത്തിന്റെ ഉൾക്കാമ്പ് അറിയുന്നവരെല്ലാം കാത്തിരിക്കുന്നു.

സുജിത് നായർ
